Election Result | ഗുജറാതില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കി 182ല്‍ 158 സീറ്റ് നേടി വിജയക്കുതിപ്പ് തുടര്‍ന്ന് ബിജെപി; 2-ാം ഭൂപേന്ദ്ര പടേല്‍ സര്‍കാര്‍ തിങ്കളാഴ്ച അധികാരത്തിലേറും; ഹിമാചല്‍ പ്രദേശില്‍ രാഹുലിന്റെ പാര്‍ടിക്ക് മുന്നേറ്റം

 


അഹ് മദാബാദ്: (www.kvartha.com) ഗുജറാത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോടെണ്ണല്‍ അവസാന ഘട്ടത്തിലേയ്ക്ക് എത്തുമ്പോള്‍ മോദി പ്രഭാവം രാജ്യത്ത് എത്രമാത്രം ശക്തിയാര്‍ജിച്ചുവെന്നതിന്റെ തെളിവായി മാറുകയാണ് ഫലങ്ങള്‍. ഗുജറാതില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കി 182ല്‍ 158 സീറ്റ് നേടിയാണ് ബി ജെ പി വിജയകുതിപ്പ് തുടരുന്നത്.

ഗുജറാത് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ബി ജെ പി നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാകും 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലേത് എന്ന് വ്യക്തമാക്കുന്നതാണ് റിപോര്‍ടുകള്‍. 2017ല്‍ 99 സീറ്റുകള്‍ മാത്രം നേടിയ ബി ജെ പി അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 59 സീറ്റുകള്‍ കൂടുതല്‍ നേടിയാണ് ശക്തിപ്രകടിപ്പിച്ചിരിക്കുന്നത്. 55 ശതമാനം വോട് വിഹിതവും ബി ജെ പിയില്‍ തന്നെ എത്തിയിരിക്കുന്നു.

Election Result | ഗുജറാതില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കി 182ല്‍ 158 സീറ്റ് നേടി വിജയക്കുതിപ്പ് തുടര്‍ന്ന് ബിജെപി; 2-ാം ഭൂപേന്ദ്ര പടേല്‍ സര്‍കാര്‍ തിങ്കളാഴ്ച അധികാരത്തിലേറും; ഹിമാചല്‍ പ്രദേശില്‍ രാഹുലിന്റെ പാര്‍ടിക്ക് മുന്നേറ്റം

കോണ്‍ഗ്രസിന് 16 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഡെല്‍ഹിക്കും, പഞ്ചാബിനും പിന്നാലെ ഗുജറാതില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ഏറെ പ്രതീക്ഷ പുലര്‍ത്തിയ അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ടിയ്ക്കും ഇരട്ടസംഖ്യയില്‍ പോലും എത്താനായില്ല.

അതേസമയം, മോദി പ്രഭാവത്തെ മറികടന്ന് ഹിമാചല്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. 68 അംഗ സഭയിലെ 39 സീറ്റ് നേടിയ കോണ്‍ഗ്രസിന് നേരിയ രീതിയില്‍ ആശ്വസിക്കാനാകും. ബി ജെ പിയ്ക്ക് ലഭിച്ചത് 26ഉം. ആപിന് ഹിമാചലില്‍ അകൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല. തെരഞ്ഞെടുപ്പ് വേളയില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൂറുമാറി മറുകണ്ടം ചാടിയത്. ഇത് പാര്‍ടിക്ക് ക്ഷീണം ഉണ്ടാക്കുമെന്ന് കരുതിയിരുന്നുവെങ്കിലും ഭരണം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു.

ഹിമാചലില്‍ 2017ല്‍ 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണ 39 സീറ്റുകള്‍ നേടിയാണ് ബി ജെ പിയെ പിന്തള്ളിയത്. അതേസമയം, 2017ല്‍ 44 സീറ്റുകള്‍ നേടിയ ബി ജെ പിയ്ക്ക് ഇത്തവണ 18 സീറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. ഹിമാചലിലെ 68 അംഗ വിധാന്‍ സഭയില്‍ സര്‍കാര്‍ രൂപീകരിക്കുന്നതിനായി 35 സീറ്റുകളാണ് നേടേണ്ടത്.

നിലവിലെ ഭരണപാര്‍ടിയെ പുറത്താക്കി മറ്റൊരു പാര്‍ടിയെ അധികാരത്തിലേറ്റുന്ന, മൂന്ന് ദശാബ്ദമായി ഹിമാചലില്‍ പിന്തുടര്‍ന്ന് പോകുന്ന പാരമ്പര്യം ഇത്തവണ ബി ജെ പി തകര്‍ക്കുമെന്നായിരുന്നു എക്സിറ്റ് പോളുകളുടെ പ്രവചനങ്ങള്‍. ഭരണപക്ഷമായ ബി ജെ പി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു കൂടുതല്‍ പ്രവചനങ്ങളും. എന്നാല്‍ അവസാനഘട്ട ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ 1985 മുതല്‍ തുടര്‍ന്നുവരുന്ന രീതിയില്‍ നിന്ന് ഹിമാചലിലെ വോടര്‍മാര്‍ പിന്നോട്ടുപോയില്ലെന്നാണ് വ്യക്തമാവുന്നത്.

ഗുജറാതില്‍ ബി ജെ പി ആധിപത്യം ഉറപ്പിച്ചതോടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തന്നെ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ഡിസംബര്‍ 12നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുക്കും.

Keywords: BJP wins Gujarat, Congress to return in Himachal, Ahmedabad, News, Politics, Congress, BJP, Assembly Election, Trending, AAP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia