Bombay HC | കുഞ്ഞ് ജീവനോടെ തന്നെ ജനിക്കണം; പ്രണയബന്ധത്തിലൂടെയുണ്ടായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 17കാരി സമര്‍പ്പിച്ച ഹര്‍ജി തള്ളി ബോംബൈ ഹൈകോടതി

 


മുംബൈ: (www.kvartha.com) പ്രണയബന്ധത്തിലൂടെയുണ്ടായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 17കാരി സമര്‍പ്പിച്ച ഹര്‍ജി തള്ളി ബോംബൈ ഹൈകോടതി. ഔറംഗബാദ് ബെഞ്ചിന്റേതാണ് നടപടി. പെണ്‍കുട്ടി മാതാവ് വഴിയാണ് ഗര്‍ഭഛിദ്രത്തിന് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പെണ്‍കുട്ടി ഉഭയസമ്മത പ്രകാരമുള്ള ലൈംഗികന്ധത്തിലൂടെയാണ് ഗര്‍ഭിണിയായതെന്നതും ഗര്‍ഭസ്ഥശിശുവിന് 24 ആഴ്ചത്തെ വളര്‍ചയുണ്ടെന്നതും പരിഗണിച്ചാണ് കോടതി ഗര്‍ഭം അലസിപ്പിക്കാനുള്ള ആവശ്യം നിരാകരിച്ചത്.

നിലവിലെ സാഹചര്യത്തില്‍ കുഞ്ഞ് ജീവനോടെ തന്നെ ജനിക്കണമെന്ന് ജസ്റ്റിസുമാരായ രവീന്ദ്ര ഗുജ്, വൈ ജി ഖൊബ്രഗഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിക്ക് ഈ മാസം 18 വയസാകാന്‍ പോകുകയാണെന്നതും പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ വിധി. പെണ്‍കുട്ടിയും യുവാവും തമ്മില്‍ മാസങ്ങളായി പ്രണയബന്ധത്തിലായിരുന്നുവെന്നും നിരവധി തവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.

ഗര്‍ഭിണിയാണെന്ന കാര്യം പ്രഗ്‌നന്‍സി കിറ്റിലൂടെ പെണ്‍കുട്ടി തന്നെയാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ സ്ഥിരീകരിച്ചത്. പെണ്‍കുട്ടി കാര്യങ്ങള്‍ തിരിച്ചറിവില്ലാത്തയാളല്ലെന്നും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നയാളാണെന്നും കോടതി ചൂണ്ടിക്കാട്ടി.

18 വയസ് തികയാത്തതിനാല്‍ പോക്‌സോ നിയമത്തിന്റെ പരിധിയില്‍ താന്‍ കുട്ടിയാണെന്നും ഗര്‍ഭഛിദ്രത്തിന് അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഭ്രൂണവളര്‍ച 20 ആഴ്ച പിന്നിട്ട സാഹചര്യത്തിലാണ് ഗര്‍ഭം അലസിപ്പിക്കാന്‍ കോടതിയുടെ അനുവാദം തേടേണ്ടിവന്നത്. കുഞ്ഞിന്റെയോ അമ്മയുടെയോ ആരോഗ്യത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ മാത്രമാണ് സാധാരണ കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാറുള്ളത്.

പെണ്‍കുട്ടി പഠിക്കുകയാണെന്നും ഭാവിയില്‍ ഡോക്ടറാകണമെന്നാണ് ആഗ്രഹമെന്നും ഗര്‍ഭം കടുത്ത മാനസികാഘാതം സൃഷ്ടിക്കുകയാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അതേസമയം, ഗര്‍ഭസ്ഥശിശുവിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും കൃത്യമായ വളര്‍ചയാണെന്നും മെഡികല്‍ ബോര്‍ഡ് റിപോര്‍ട് നല്‍കി. ഗര്‍ഭം അവസാനിപ്പിക്കാനുള്ള പെണ്‍കുട്ടിയുടെ അഭ്യര്‍ഥന പരിഗണിച്ച് നിര്‍ബന്ധിത പ്രസവത്തിലേക്ക് കടക്കുകയാണെങ്കില്‍ ജനിക്കുന്ന കുട്ടിക്ക് തകരാറുകളുണ്ടാകുമെന്ന് മെഡികല്‍ റിപോര്‍ട് ഉദ്ധരിച്ച് കോടതി പറഞ്ഞു.

Bombay HC | കുഞ്ഞ് ജീവനോടെ തന്നെ ജനിക്കണം; പ്രണയബന്ധത്തിലൂടെയുണ്ടായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 17കാരി സമര്‍പ്പിച്ച ഹര്‍ജി തള്ളി ബോംബൈ ഹൈകോടതി

15 ആഴ്ചകള്‍ കൂടിയാണ് ഗര്‍ഭകാലം പൂര്‍ത്തിയാക്കാനുള്ളത്. അതിനാല്‍ കുഞ്ഞ് ജീവനോടെ തന്നെ ജനിക്കണമെന്നും കോടതി പറഞ്ഞു. കുഞ്ഞിനെ ദത്ത് നല്‍കാന്‍ പെണ്‍കുട്ടിക്ക് താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള അവകാശമുണ്ട്. ഗര്‍ഭിണികളെ പരിചരിക്കുന്ന സന്നദ്ധ സംഘടനകളുണ്ടെന്നും പെണ്‍കുട്ടിക്ക് ആവശ്യമെങ്കില്‍ പ്രസവം വരെ അവരുടെ സഹായം തേടാമെന്നും കോടതി ചൂണ്ടിക്കാട്ടി.

Keywords:  Bombay HC refuses nod to 17-yr-old girl to abort pregnancy, says it's result of consensual relation and baby would be born alive, Mumbai, News, Bombay HC, Petition, Pregnant girl, Child, Health Problem, Medical Report, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia