അപൂർവ വിധി: യുവതി എല്ലാ മാസവും മുൻ ഭർത്താവിന് ജീവനാംശം നൽകണമെന്ന് ഹൈകോടതി! സംഭവം ഇങ്ങനെ

 


മുംബൈ: (www.kvartha.com 01.04.2022) വിവാഹമോചനത്തിന് ശേഷം സ്ത്രീക്ക് ജീവനാംശം ലഭിക്കുന്നത് സാധാരണമാണ്, എന്നാൽ മുൻ ഭർത്താവിന് ജീവനാംശം നൽകണമെന്ന് കോടതി ഉത്തരവിട്ട കേസാണ് മഹാരാഷ്ട്രയിൽ പുറത്തുവന്നിരിക്കുന്നത്. കീഴ് കോടതിയുടെ വിധി ശരിവെച്ച് പ്രതിമാസം 3,000 രൂപ ജീവനാംശം നൽകണമെന്ന് ബോംബെ ഹൈകോടതിയുടെ ഔറംഗബാദ് ബെഞ്ച് ഉത്തരവിട്ടു. കീഴ്കോടതി വിധി റദ്ദാക്കണമെന്ന യുവതിയുടെ ഹർജി തള്ളി. ഇതിനുപുറമെ മുൻ ഭർത്താവിന്റെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തിൽ, യുവതി പഠിപ്പിക്കുന്ന സ്‌കൂളിനോട് പ്രതിമാസം അയ്യായിരം രൂപ ശമ്പളത്തിൽ നിന്ന് കിഴിച്ച് കോടതിയിൽ നിക്ഷേപിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
                        
അപൂർവ വിധി: യുവതി എല്ലാ മാസവും മുൻ ഭർത്താവിന് ജീവനാംശം നൽകണമെന്ന് ഹൈകോടതി! സംഭവം ഇങ്ങനെ

എന്താണ് സംഭവം?

1992 ഏപ്രിൽ 17നാണ് ഇരുവരും വിവാഹിതരായത്. കുറച്ച് വർഷങ്ങൾക്ക് ശേഷം, വിവാഹം വേർപെടുത്തണമെന്ന് ഭാര്യ കോടതിയോട് ആവശ്യപ്പെട്ടു. ഇത് 2015 ൽ പ്രാദേശിക കോടതി അംഗീകരിച്ചു. തന്റെ സാമ്പത്തിക സ്ഥിതി നല്ലതല്ലെന്നും ഭാര്യക്ക് ജോലിയുണ്ടെന്നും ഇത് കണക്കിലെടുത്ത് ഭാര്യയോട് പ്രതിമാസം 15,000 രൂപ എന്ന നിരക്കിൽ സ്ഥിരം ജീവനാംശം നൽകണമെന്ന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട്, വിവാഹമോചനത്തിന് ശേഷം മുൻ ഭർത്താവ് നന്ദേഡിലെ കീഴ്‌കോടതിയിൽ ഹർജി നൽകി. തനിക്ക് ജോലിയില്ലെന്നായിരുന്നു ഭർത്താവിന്റെ വാദം.

ഭാര്യയെ പഠിപ്പിക്കാൻ പണം ചിലവഴിച്ചു

ഭാര്യയുടെ വിദ്യാഭ്യാസത്തിന് താൻ ഒരുപാട് പണം നൽകിയിട്ടുണ്ടെന്ന് യുവാവ് ഹർജിയിൽ അവകാശപ്പെട്ടു. ഭാര്യയെ പഠിപ്പിക്കുന്നതിനായി തന്റെ പല ആഗ്രഹങ്ങളും മാറ്റിവെച്ച് വീടുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. തനിക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാൽ ആരോഗ്യനില മോശമാണെന്നും ഭാര്യ പ്രതിമാസം 30,000 രൂപ സമ്പാദിക്കുന്നുവെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

'മകൾ എന്റെ വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു'

ഭർത്താവിന് പലചരക്ക് കടയുണ്ടെന്നും ഓടോറിക്ഷയുണ്ടെന്നും ഭാര്യ പറഞ്ഞു. തന്റെ സമ്പാദ്യത്തെ ആശ്രയിച്ചല്ല ഭർത്താവ് ജീവിക്കുന്നതെന്നും ഈ ബന്ധത്തിൽ തന്റെ സമ്പാദ്യത്തെ ആശ്രയിച്ചുള്ള ഒരു മകളുണ്ടെന്നും അതുകൊണ്ട് ഭർത്താവിന്റെ ജീവനാംശം വേണമെന്ന ആവശ്യം തള്ളിക്കളയണമെന്നും യുവതി കോടതിയിൽ ആവശ്യപ്പെട്ടു.

വാദം കേട്ട വിചാരണക്കോടതി 2017ൽ യുവതി ഭർത്താവിന് ജീവനാംശമായി 3000 രൂപ നൽകണമെന്ന് ഉത്തരവിട്ടു. എന്നിരുന്നാലും, കോടതിയുടെ ഉത്തരവിന് ശേഷവും, യുവതി മുൻ ഭർത്താവിന് പണം നൽകിയില്ലെന്ന് പരാതി വന്നു. ഇത് കണക്കിലെടുത്ത് 2019 ൽ മറ്റൊരു ഉത്തരവ് നൽകി, അതിൽ അപേക്ഷിച്ച തീയതി മുതൽ തീർപ്പാക്കൽ വരെ ജീവനാംശം നൽകാൻ കോടതി ഉത്തരവിട്ടു. തുടർന്ന് കോടതിയുടെ രണ്ട് ഉത്തരവുകളെയും ചോദ്യം ചെയ്ത് യുവതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. നിരാലംബരായ ഭാര്യയ്‌ക്കോ ഭർത്താവിനോ ജീവനാംശം നൽകാൻ വ്യവസ്ഥയുണ്ടെന്ന ഹിന്ദു വിവാഹ നിയമത്തിലെ 25-ാം വകുപ്പ് ഉദ്ധരിച്ചാണ് കോടതി യുവതിയുടെ അപേക്ഷ തള്ളിയത്.

Keywords: News, National, Mumbai, Mumbai HC, High Court, Court Order, Top-Headlines, Woman, Divorce, Family, Bombay HC upholds order asking divorced woman to pay alimony to ex-husband.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia