Rescue | മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ പുറത്തെടുത്തു; ആശുപത്രിയിലേക്ക് മാറ്റി
● മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ ബാലനെ രക്ഷിച്ചു
● മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്
● കുട്ടി അബോധാവസ്ഥയിലാണ്
ഭോപ്പാല്‍: (KVARTHA) മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ കുഴല്‍ക്കിണറില്‍ വീണ പത്തുവയസ്സുകാരനെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ സ്വന്തം പറമ്പില്‍ പട്ടം പറത്തുന്നതിനിടെ പത്തുവയസ്സുള്ള സുമിത് എന്ന ബാലന്‍ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.
വൈകുന്നേരം ആറ് മണിയോടെയാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഭോപ്പാലില്‍ നിന്ന് എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഗുണ എഎസ്പി മാന്‍ സിംഗ് താക്കൂറിന്റെ നേതൃത്വത്തില്‍ രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. കിണറിന് സമാന്തരമായി 22 അടി താഴ്ചയില്‍ മറ്റൊരു കുഴിയെടുത്ത് കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തി.
ഡോക്ടര്‍മാരുടെ ഒരു സംഘം കുട്ടിക്ക് ഓക്‌സിജന്‍ നല്‍കി കിണറ്റില്‍ നിരീക്ഷണം നടത്തിക്കൊണ്ടിരുന്നു. ഞായറാഴ്ച രാവിലെ 9:30 ഓടെ സുമിത്തിനെ കുഴല്‍ക്കിണറ്റില്‍ നിന്ന് പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. 'സുമിത് ശ്വാസമെടുക്കുന്നുണ്ട്. അവനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് എന്‍ഡിആര്‍എഫ് സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. സുമിത് ഇപ്പോഴും അബോധാവസ്ഥയിലാണ്', ഗുണ എഎസ്പി പറഞ്ഞു.
കുട്ടി ഏകദേശം 39 അടി താഴ്ചയിലാണ് കുടുങ്ങിപ്പോയതെന്ന് അധികൃതര്‍ അറിയിച്ചു. ജന്‍ജാലിയിലെ രാഘോഗഢിലാണ് ദാരുണമായ സംഭവം നടന്നത്.
#borewellrescue #MadhyaPradesh #rescueoperation #childsafety