Heroic Act | പെൺ കരുത്ത്! വാതിൽ പൊളിച്ച് അകത്തുകടക്കാൻ ശ്രമിച്ച കവർച്ചക്കാരെ അതിവിദഗ്ധമായി ഓടിച്ച് വീട്ടമ്മ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
● ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
● പഞ്ചാബിലെ അമൃത്സറിലാണ് സംഭവം.
● പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അമൃത്‌സർ: (KVARTHA) കള്ളന്മാരില്ലാത്ത സ്ഥലങ്ങൾ വളരെ വിരളമാണ്. പട്ടാപകൽപോലും ആളുകൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. എപ്പോഴാണ് കവർച്ചക്കാരും പിടിച്ചുപറിക്കാരും ആക്രമിക്കാൻ എത്തുന്നതെന്ന് പറയാൻ കഴിയില്ല. ലോകത്തെവിടെയായാലും ഇതൊക്കെ തന്നെയാണ് അവസ്ഥ. ഇപ്പോൾ വന്നുവന്ന് വീടുകളിൽ പോലും ആളുകൾ സുരക്ഷിതരല്ലാത്ത അവസ്ഥയാണ്. പണത്തിനു വേണ്ടി ചിലപ്പോൾ ആളുകളെ കൊല്ലാൻ വരെ ഇക്കൂട്ടർക്ക് മടിയില്ല. പലപ്പോഴും ഇത്തരത്തിൽ കൂട്ടമായി എത്തുന്ന കവർച്ചക്കാർക്ക് മുന്നിൽ ഭൂരിഭാഗം പേരും പകച്ചുപോകാറാണ് പതിവ്.
എന്നാൽ ഇതുപോലെയുള്ള കവർച്ചക്കൂട്ടത്തിനെതിരെ ശക്തിയായി പ്രതികരിക്കുന്നവരുമുണ്ട്. ഏതായാലും ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം നടത്തിയ മൂന്നു കള്ളന്മാരെ തുരത്തിയോടിച്ചിരിക്കുകയാണ് ഇവിടെ ഒരു വീട്ടമ്മ. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. പകൽ സമയത്താണ് മൂന്നു കവർച്ചക്കാർ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം നടത്തിയത്. വീട്ടമ്മ ഒറ്റക്ക് ഇവരെ തടയാൻ ശ്രമം നടത്തിയെങ്കിലും, കുറ്റവാളികൾ ബലമായി അകത്തേക്ക് കടക്കാനുള്ള ശ്രമങ്ങൾ തുടരുകയും ഇതിനിടെ യുവതി നിലവിളിച്ച് വീടിന്റെ വാതിലിൽ ഇവരെ തടയുകയുമായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
Robbers tried to loot a house, But the robbers could not do anything in front of the Brave Woman present in the house. The brave woman single-handedly overpowered three robbers🫡, Amritsar
— Ghar Ke Kalesh (@gharkekalesh) October 1, 2024
pic.twitter.com/NQuAwauAYf
മന്ദീപ് കൗർ എന്ന യുവതിയാണ് ധീരമായ പോരാട്ടം നടത്തിയത്. സംഭവം നടക്കുമ്പോൾ യുവതിയുടെ ഭർത്താവ് വീട്ടിലില്ലായിരുന്നു, യുവതിയും അവരുടെ രണ്ട് കുട്ടികളും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും യുവതിയുടെ വീട്ടിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. കവർച്ചക്കാർ വീടിനുള്ളിൽ കടക്കാൻ ശ്രമിക്കുന്നതും കൗർ ഒറ്റയ്ക്ക് അവരെ തടയുന്നതും ദൃശ്യങ്ങളിൽ കാണാം.
മൻദീപ് കൗറിൻ്റെ ഭർത്താവ് ജഗ്ജീത് സിംഗ് ജ്വല്ലറി ഉടമയാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് കവർച്ചക്കാർ അകത്ത് കടക്കാൻ ശ്രമിച്ചത്. വീടിന് സമീപം മുഖംമൂടി ധരിച്ച മൂന്ന് പേരെ ശ്രദ്ധയിൽപ്പെട്ടപ്പോൾ താൻ വസ്ത്രങ്ങൾ ഉണക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. താമസിയാതെ, അവർ പ്രധാന വാതിലിനടുത്തെത്തി. കവർച്ചക്കാർ വീടിനുള്ളിൽ കയറാൻ ശ്രമിക്കുന്നുണ്ടെന്ന് മനസിലാക്കിയ യുവതി വാതിൽ പൂട്ടാൻ ഓടിയെത്തിയെങ്കിലും കവർച്ചക്കാർ അകത്ത് കടക്കാൻ ശ്രമിച്ചു.
സിസിടിവി ദൃശ്യങ്ങളിൽ കൗർ തൻ്റെ സർവ ശക്തിയുമെടുത്ത് വാതിൽ അടയ്ക്കുന്നത് കാണാമായിരുന്നു. അവൾ തൻ്റെ എല്ലാ ശക്തിയും ഉപയോഗിച്ചു, എങ്ങനെയോ വാതിൽ പൂട്ടുകയും സോഫ വലിച്ച് കൊള്ളക്കാർക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. അയൽവാസികളെ അറിയിക്കാൻ അവർ നിലവിളിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ മകനും മകളും ആകെ പരിഭ്രാന്തിയിലായി.
വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും രണ്ട് ക്യാമറകൾ ഉണ്ടായിരുന്നു. മൂന്ന് മോഷ്ടാക്കൾ ശക്തമായി അകത്തു കയറാൻ ശ്രമിക്കുന്നതും പ്രധാന വാതിൽ തള്ളുന്നതും ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. കവർച്ചക്കാർ ബലം പ്രയോഗിച്ച് അകത്തേക്ക് കടക്കുന്നത് പരാജയപ്പെടുന്നതും യുവതി നിലവിളിക്കുന്നത് കേൾക്കുന്നതുമാണ് തുടർന്ന് നടക്കുന്നത്.
തന്റെ കുട്ടികൾ സംഭവത്തിൽ ഞെട്ടലിലായിരുന്നുവെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥൻ എ കെ സോഹി, ഇത് ഒരു കവർച്ചശ്രമമാണെന്നും കുറ്റവാളികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അവരെ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കുമെന്നും അറിയിച്ചു.
#Amritsar #burglary #CCTV #bravewoman #India #crime #safety #homeinvasion