Corruption | അഴിമതിക്കാര്‍ക്ക് അക്കിടി പറ്റിയോ? ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതിന് അമേരിക്കയിൽ നിരവധി കമ്പനികള്‍ കനത്ത പിഴ അടച്ചെന്ന് റിപ്പോര്‍ട്ട്
● ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് നിരവധി യുഎസ് കമ്പനികളും കൈക്കൂലി നല്‍കുന്നവരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
● എയ്റോസ്പേസ്, പ്രതിരോധം, വ്യാവസായം, മെഡിക്കല്‍ വിപണികളുടെ വിതരണം നടത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കമ്പനിയാണിത്.
● 2020 നും 2022നും ഇടയില്‍, കമ്പനിയുടെ അനുബന്ധ സ്ഥാപനത്തിലെ ജീവനക്കാര്‍ വിവിധ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി.
ആദിത്യൻ ആറന്മുള
ന്യൂഡല്‍ഹി: (KVARTHA) ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി കൈക്കൂലിയും ഗ്ലോബലൈസ് ചെയ്തിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കുത്തക കമ്പനികള്‍ കോടിക്കണക്കിന് രൂപയാണ് പല വിധത്തില്‍ കൈക്കൂലിയായി പല മേഖലയിലുള്ളവര്‍ക്ക് കൈമാറുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മാത്രമല്ല മറ്റ് പല മേഖലകളിലുള്ളവരും ഭീമമായ തുക ഇത്തരത്തില്‍ കൈപ്പറ്റുന്നു. ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയുടെ ഗ്രീന്‍ എനര്‍ജി ലിമിറ്റഡിനെതിരെ അമേരിക്കയില്‍ കൈക്കൂലി ആരോപണം ഉയരുകയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതോടെ ഈ മേഖലയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് നിരവധി യുഎസ് കമ്പനികളും കൈക്കൂലി നല്‍കുന്നവരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായി ആരോപിക്കപ്പെടുന്ന ഈ അമേരിക്കന്‍ സ്ഥാപനങ്ങള്‍, നിയമനടപടി ഒഴിവാക്കാന്‍ 300% പിഴയടച്ച് കേസുകള്‍ ഒത്തുതീര്‍പ്പാക്കിയതായി ദി പയനിയര്‍ ആദ്യം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ആഗോള നിര്‍മ്മാതാക്കളായ മൂഗ് കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന് (എച്ച്എഎല്‍) അര ദശലക്ഷത്തിലധികം ഡോളര്‍ കൈക്കൂലി നല്‍കിയതിന് പിടിക്കപ്പെട്ടതായി യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) പ്രഖ്യാപിച്ചിരുന്നു.
അദാനിക്കെതിരായ ആരോപണം ഉയരുന്നതിന് ഒരാഴ്ച മുമ്പായിരുന്നു ഇത്. എയ്റോസ്പേസ്, പ്രതിരോധം, വ്യാവസായം, മെഡിക്കല്‍ വിപണികളുടെ വിതരണം നടത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കമ്പനിയാണിത്. 2024 ഒക്ടോബര്‍ 11 ലെ ഉത്തരവില്‍, മൂഗ് കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനമായ മൂഗ് മോഷന്‍ കണ്‍ട്രോള്‍സ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാര്‍ ബിസിനസ് ലക്ഷ്യങ്ങള്‍ക്കായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായി എസ്ഇസി പറഞ്ഞു.
2020 നും 2022നും ഇടയില്‍, കമ്പനിയുടെ അനുബന്ധ സ്ഥാപനത്തിലെ ജീവനക്കാര്‍ വിവിധ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി. മൂഗിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് അനുകൂലമായി ഇന്ത്യയില്‍ പൊതു ടെന്‍ഡറുകള്‍ സൃഷ്ടിക്കാനും എതിരാളികളെ ഒഴിവാക്കാനുമായി ഇതേ ജീവനക്കാര്‍ വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നും എസ്ഇസി റിപ്പോര്‍ട്ടില്‍ പറയുന്നു.
എഫ്സിപിഎയുടെ റെക്കോര്‍ഡ് സൂക്ഷിക്കുക, ആഭ്യന്തര അക്കൗണ്ടിംഗ് നിയന്ത്രണ വ്യവസ്ഥകള്‍ എന്നിവ മൂഗ് ലംഘിച്ചതായി എസ്ഇസിയുടെ ഉത്തരവില്‍ പറയുന്നു. ഇടനിലക്കാര്‍ വഴിയും വിതരണക്കാര്‍ വഴിയും ഉള്‍പ്പെടെ, അനാവശ്യമായി പണം നല്‍കുന്നതിന് വിവിധ പദ്ധതികള്‍ നടപ്പാക്കി. ഇത്തരത്തില്‍ നല്‍കിയ പണം മൂഗിന്റെ ബുക്കുകളിലും റെക്കോര്‍ഡുകളിലും നിയമാനുസൃതമായ ബിസിനസ്സ് ചെലവുകളായി തെറ്റായി രേഖപ്പെടുത്തുകയും ചെയ്തു. ആഭ്യന്തര അക്കൗണ്ടിംഗ് നിയന്ത്രണങ്ങളുടെ പോരായ്മയുടെ ഫലമായി ഇവ കണ്ടെത്താനായില്ല. തല്‍ഫലമായി, മൂഗ് അന്യായമായി ഏകദേശം 504,926 ഡോളറിന്റെ സാമ്പത്തിക നേട്ടമുണ്ടായെന്നും എസ്ഇസി പറയുന്നു.
ഭാവിയില്‍ ഏതെങ്കിലും ലംഘനങ്ങള്‍ നടത്തുകയോ അതിനായി ശ്രമിക്കുകയോ ചെയ്യില്ലെന്ന് കമ്പനി സമ്മതിച്ചു, കൂടാതെ പലിശ സഹിതം ഏകദേശം 600,000 ഡോളറും 1.1 മില്യണ്‍ ഡോളര്‍ പിഴയും അടയ്ക്കാനും സമ്മതിച്ചെന്നും എസ്ഇസി വാർത്താകുറിപ്പില്‍ പറഞ്ഞു. മറ്റൊരു കേസില്‍, ഐടി ഭീമനായ ഒറാക്കിള്‍ കോര്‍പ്പറേഷന്‍ ഇന്ത്യന്‍ റെയില്‍വേ, യുഎഇ, തുര്‍ക്കി എന്നിവിടങ്ങളില്‍ 6.8 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കിയതായി ദി പയനിയര്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ട്രഷറിയില്‍ 23 മില്യണ്‍ ഡോളര്‍ പിഴയടച്ച് കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
ഇന്ത്യന്‍ ഓയില്‍ ഉള്‍പ്പെടെ ലോകത്തെ 700-ഓളം റിഫൈനറികള്‍ക്ക് രാസവസ്തു വിതരണം ചെയ്യുന്ന ആല്‍ബെമാര്‍ലെ കോര്‍പ്പറേഷനും കൈക്കൂലി നല്‍കി. എസ്ഇസിയുടെ കണക്കനുസരിച്ച്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഇന്തോനേഷ്യയിലെയും വിയറ്റ്നാമിലെയും കമ്പനികള്‍ക്കുമായി 63.5 മില്യണ്‍ ഡോളറിലധികം കൈക്കൂലിയും നല്‍കി ആല്‍ബെമാര്‍ലെ നിരവധി കരാറുകള്‍ സ്വന്തമാക്കി.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ബിസിനസ്സുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ഇടനില കമ്പനിക്ക് ഏകദേശം 1.14 മില്യണ്‍ ഡോളര്‍ കമ്മീഷനായി ആല്‍ബെമാര്‍ലെ നല്‍കുകയും 2009 നും 2011 നും ഇടയില്‍ ഈ ബിസിനസില്‍ നിന്ന് ഏകദേശം 11.14 മില്യണ്‍ ഡോളര്‍ ലാഭം നേടുകയും ചെയ്തു. 2017-ല്‍ കൈക്കൂലി നല്‍കിയതിന് യുഎസ് ഉദ്യോഗസ്ഥര്‍ കമ്പനിയെ പിടികൂടുകയും ചെയ്തു. 2023 സെപ്റ്റംബറില്‍ 198 മില്യണ്‍ ഡോളറിലധികം പിഴയടച്ച് അവര്‍ പ്രോസിക്യൂഷന്‍ ഒഴിവാക്കുകയും ചെയ്തു.
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെയും അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെയും എക്സിക്യൂട്ടീവുകള്‍ 265 മില്യണ്‍ ഡോളര്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് അമേരിക്കയിലെ കോടതിയില്‍ നല്‍കിയിരിക്കുന്ന കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. സോളാര്‍ വൈദ്യുതി കരാറുകള്‍ക്കായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാനും യുഎസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാനും ഗൗതം അദാനിയും അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനിയും അദാനി ഗ്രീന്‍ മാനേജിംഗ് ഡയറക്ടര്‍ വിനീത് ജെയ്നും പദ്ധതി ആസൂത്രണം ചെയ്തതായി കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
സോളാര്‍ വൈദ്യുതി കരാറുകള്‍ നേടിയെടുക്കാന്‍ കമ്പനി ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് പ്രധാന ആരോപണം. 2021-ല്‍ യുഎസ് ആസ്ഥാനമായുള്ള നിക്ഷേപകരില്‍ നിന്ന് അദാനി ഗ്രൂപ്പ് ഫണ്ട് സ്വരൂപിക്കുന്നതിനിടെയാണ് അഴിമതി യുഎസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
'രണ്ടാഴ്ചയ്ക്കുള്ളില്‍, അദാനി ഗ്രീന്‍ എനര്‍ജിയിലെ കരാര് സമ്പ്രദായങ്ങളെക്കുറിച്ച് യുഎസില്‍ നിന്ന് നിരവധി ആരോപണങ്ങള്‍ നേരിട്ടു. ഇത്തരം വെല്ലുവിളികള്‍ കമ്പനി ആദ്യമായല്ല നേരിടുന്നത്' യുഎസ് എസ്ഇസി ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട്, ജയ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കമ്പനി വ്യക്തമാക്കി. എന്നാല്‍ ഇന്ത്യയില്‍ അദാനി രാഷ്ട്രീയമായി വലിയ വെല്ലുവിളി നേരിടുകയാണ്. ഒപ്പം ഓഹരി വിപണിയിലടക്കം പ്രതിസന്ധിയുണ്ട്. ശ്രീലങ്കന്‍ തുറമുഖ നിര്‍മാണത്തിന് അമേരിക്കയില്‍ നിന്ന് വായ്പയെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ആ കരാറില്‍ നിന്ന് അദാനി പിന്‍മാറിയിരിക്കുകയുണ്.
ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
#Bribery, #Fines, #Corruption, #USCompanies, #Adani, #GlobalBusiness