കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; ബ്രിഗേഡിയര്‍ എന്‍ എസ് ലിഡര്‍ക്ക് അന്തിമോപചാരമര്‍ക്കാന്‍ എത്തിയത് നിരവധി പേര്‍; കരസേനയിലെ തിളങ്ങുന്ന താരത്തിന് പ്രതിരോധമന്ത്രിയും മൂന്ന് സേനാമേധാവികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും ആദരാഞ്ജലി അര്‍പിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com 10.12.2021) കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ എന്‍ എസ് ലിഡര്‍ക്ക് അന്തിമോപചാരമര്‍ക്കാന്‍ എത്തിയത് നിരവധി പേര്‍. 

ഡെല്‍ഹി ബ്രാര്‍ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖടര്‍, കരസേന മേധാവി എംഎം നരവാണെ, നാവികസേനാ മേധാവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍, വ്യോമസേനാ മേധാവി ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി, എന്‍എസ്എ അജിത് ഡോവല്‍ ഉള്‍പെടെയുള്ളവര്‍ ആദരാഞ്ജലി അര്‍പിച്ചു.

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; ബ്രിഗേഡിയര്‍ എന്‍ എസ് ലിഡര്‍ക്ക് അന്തിമോപചാരമര്‍ക്കാന്‍ എത്തിയത് നിരവധി പേര്‍; കരസേനയിലെ തിളങ്ങുന്ന താരത്തിന് പ്രതിരോധമന്ത്രിയും മൂന്ന് സേനാമേധാവികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും ആദരാഞ്ജലി അര്‍പിച്ചു

1990 ലാണ് ജമ്മു കശ്മീര്‍ റൈഫിള്‍സില്‍ ജോലി ആരംഭിച്ചത്. ഇന്‍ഡ്യയുടെ കസാഖ് സ്താനിലെ സൈനിക നടപടിയില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള അദ്ദേഹത്തിന് സേനാമെഡല്‍, വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയവ ലഭിച്ചു.

കരസേനയിലെ തിളങ്ങുന്ന താരമായിരുന്നു ബ്രിഗേഡിയര്‍ എല്‍ എസ് ലിഡര്‍. പാര്‍ലമെന്റിലെ മിലിടെറി കാര്യ വകുപ്പില്‍ സംയുക്ത സേനാ മേധാവിയുടെ ഡിഫന്‍സ് അസിസ്റ്റന്റ് എന്ന നിര്‍ണായകമായ പദവി വഹിച്ചിരുന്നത് ഹരിയാനയിലെ പഞ്ച്കുല സ്വദേശിയായ ലിഡറായിരുന്നു.

ഏതാനും ദിവസം മുന്‍പാണ് ഇദ്ദേഹത്തിന് മേജര്‍ ജനറല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. വരുംദിവസങ്ങളില്‍ പുതിയ റാങ്കില്‍ സേനാ ഡിവിഷന്റെ ചുമതല ഏറ്റെടുക്കാനുള്ള തയാറെടുപ്പിലാണ് ഹെലികോപ്റ്റര്‍ അപകടത്തിന്റെ രൂപത്തില്‍ വിധി അദ്ദേഹത്തിന്റെ ജീവന്‍ അപഹരിച്ചത്.

ബിപിന്‍ റാവതിന്റെ സ്റ്റാഫംഗം എന്ന നിലയിലുള്ള അവസാന ചടങ്ങുകളില്‍ ഒന്നായിരുന്നു വെലിങ്ടനിലേത്. ലിഡറുടെ മകള്‍ ആഷ്‌ന രചിച്ച 'ഇന്‍ സെര്‍ച് ഓഫ് എ ടൈറ്റില്‍' എന്ന പുസ്തകം കഴിഞ്ഞ 28 ന് ജനറല്‍ ബിപിന്‍ റാവതിന്റെ ഭാര്യ മധുലിക റാവതാണ് പുറത്തിറക്കിയത്. കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മധുലികയും മരിച്ചു.

മികച്ച സൈനികന്‍ എന്നതിനപ്പുറം സമാനതകളില്ലാത്ത പ്രതിരോധ ഗവേഷകന്‍ കൂടിയായിരുന്നു ലിഡര്‍. സെന്റര്‍ ഫോര്‍ ലാന്‍ഡ് വാര്‍ഫെയര്‍ സ്റ്റഡീസ് എന്ന പ്രതിരോധ ജേണലില്‍ ചൈനയുടെ ബഹിരാകാശ, ഹൈ ടെക് യുദ്ധരീതികളെക്കുറിച്ചും ഡിസൈനുകളെക്കുറിച്ചും വളരെ വിശദമായ പ്രബന്ധം ലിഡര്‍ എഴുതിയിട്ടുണ്ട്. പ്രതിരോധ ഗവേഷണത്തില്‍ അദ്ദേഹത്തിന്റെ മികവും പാടവവും പ്രകടമാക്കുന്ന ലേഖനമായിരുന്നു അത്. ബഹിരാകാശ യുദ്ധം, ഹൈബ്രിഡ് യുദ്ധം, സാറ്റലൈറ്റ് അധിഷ്ഠിത പ്രതിരോധ രീതികള്‍ എന്നിവയെല്ലാം വിശദീകരിക്കുന്ന ഒരു ലേഖനമായിരുന്നു ഇത്.

സൈനിക ഉദ്യോഗസ്ഥനായ കേണല്‍ മെഹംഗ സിങ്ങിന്റെ മകനായാണു ലിഡറിന്റെ ജനനം. പഞ്ച്കുലയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ ലിഡര്‍ പിന്നീട് നാഷനല്‍ ഡിഫന്‍സ് അകാഡെമിയില്‍ ചേര്‍ന്നു. 1990ല്‍ ജമ്മു കശ്മീര്‍ റൈഫിള്‍സിന്റെ ഭാഗമായാണ് അദ്ദേഹം സൈനിക ജീവിതം ആരംഭിച്ചത്. ഗീതികയാണ് ഭാര്യ.

ബുധനാഴ്ച ഉച്ചയ്ക്കാണ് ഊടിക്കു സമീപമുള്ള കുനൂരില്‍ സൈനിക വിമാനം തകര്‍ന്നുവീണത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവതും ഭാര്യയും ഉള്‍പെടെ 13 പേര്‍ മരിച്ചു. മരിച്ചവരില്‍ തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസര്‍ എ പ്രദീപും ഉള്‍പെടുന്നു. പരിക്കേറ്റ ഗ്രൂപ് കാപ്റ്റന്‍ വരുണ്‍ സിങ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സംയുക്ത സേനാ മേധാവി ബിപിന്‍ റാവതിന്റേയും ഭാര്യ മധുലിക റാവതിന്റെ സംസ്‌കാര ചടങ്ങുകളും വെള്ളിയാഴ്ച നടക്കും. ഇവരുടെയും ലാന്‍സ് നായിക് വിവേക് കുമാറിന്റെയും മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ബാക്കി ഒമ്പത് സൈനികരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയല്‍ നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇവരുടെ സംസ്‌കാര ചടങ്ങുകള്‍ കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം നടത്തുമെന്ന് കരസേന അറിയിച്ചു. അതുവരെ മൃതദേഹങ്ങള്‍ സേനാ ആശുപത്രിയില്‍ സൂക്ഷിക്കും.

വ്യാഴാഴ്ച കോയമ്പത്തൂരിലെ സൂലൂരില്‍നിന്ന് വ്യോമസേനയുടെ വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊണ്ടുവന്നത്. രാത്രി ഒന്‍പതുമണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി മൃതദേഹങ്ങളില്‍ അന്ത്യോപചാരമര്‍പിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

Keywords:  Brigadier LS Lidder Funeral, Who Lost His Life With Bipin Rawat in IAF Helicopter Crash, New Delhi, News, Dead Body, Helicopter Collision, Trending, National.





ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia