Rushikonda | '500 കോടി രൂപ ചിലവ്, 40 ലക്ഷത്തിന്റെ ബാത്ത് ടബ്, ക്ലോസറ്റിന് 12 ലക്ഷം'! ജഗന്റെ സ്വപ്‍ന കൊട്ടാരത്തിന്റെ വിധിയെന്ത്? ആന്ധ്രയിലെ പ്രതികാര രാഷ്ട്രീയത്തിൽ സംഭവിക്കുന്നത്!
അതീവരഹസ്യമായാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നത്. ഇപ്പോൾ മാത്രമാണ് കൊട്ടാരത്തിന്റെ വിശേഷങ്ങൾ പുറത്തുവന്നത്
വിശാഖപട്ടണം: (KVARTHA) ആന്ധ്രാപ്രദേശിൽ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ വിശാഖപട്ടണത്ത് കടലിനഭിമുഖമായി നിർമിച്ച അത്യാഡംബര കൊട്ടാരം 'റുഷിക്കോണ്ട ഹില്‍ പാലസ്' ഇപ്പോൾ സംസ്ഥാനത്ത് രാഷ്ട്രീയ വൈരാഗ്യത്തിൻ്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള പുതിയ എൻഡിഎ സർക്കാർ വൈഎസ്ആർസിപിയുടെ നിർമാണത്തിലുള്ള ഗുണ്ടൂരിലെ കേന്ദ്ര കമ്മിറ്റി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയതിന് പിന്നാലെ അടുത്ത ലക്ഷ്യം റുഷിക്കോണ്ട ഹില്‍ പാലസ് ആകാമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
അത്യാഢംബര കൊട്ടാരം
9.88 ഏക്കറിൽ പരന്നുകിടക്കുന്ന ഏഴ് ബ്ലോക്കുകൾ അടങ്ങിയ കൊട്ടാരം പണിയാൻ ജഗൻ സർക്കാർ 500 കോടി രൂപ ചിലവഴിച്ചുവെന്ന് ഇപ്പോഴത്തെ ഭരണകക്ഷിയായ ടിഡിപി ആരോപിക്കുന്നു. 12 ലധികം ആഡംബര മുറികളുള്ള ഈ കൊട്ടാരത്തിൽ 15 ലക്ഷം രൂപ വീതം വിലയുള്ള 200 നിലവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നതിൽ നിന്ന് ഇതിൻ്റെ ഇൻ്റീരിയർ എത്രമാത്രം ചെലവേറിയതാണെന്ന് കണക്കാക്കാം.
From secret construction to Political Protest, The 500 crore Rushikonda Palace carved out of the beautiful #RushikondaHills. @JaiTDP Alleges Palace Jagan Mohan Reddy? @YSRCParty
— Muhammad Wajihulla (@wajihulla) June 21, 2024
Govt asset or Hidden Retreat?
Watch Full video : https://t.co/kNJFX7h1x0#PawanKalyan pic.twitter.com/EWz3Suf9fS
അത്യാധുനിക കോൺഫറൻസ് ഹാളുകൾ, വിശാലമായ ഇടനാഴികൾ, മനോഹരമായ ലൈറ്റിംഗ് സൗകര്യങ്ങൾ എന്നിവയും കൊട്ടാരം ബ്ലോക്കിലുണ്ട്. ഈ കൊട്ടാരത്തിൽ നിന്നുള്ള ബീച്ച് കാഴ്ചയും മനോഹരമാണ്. 40 ലക്ഷം രൂപ വില വരുന്ന ബാത്ത് ടബ്, 12 ലക്ഷത്തിന് മുകളില്‍ വിലവരുന്ന ക്ലോസെറ്റ് സെറ്റ് അടക്കമുള്ള ആഡംബര ശുചിമുറികളും സജ്ജീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
തകർന്ന സ്വപ്നങ്ങൾ
അതീവരഹസ്യമായാണ് കൊട്ടാരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നത്. ഇപ്പോൾ മാത്രമാണ് കൊട്ടാരത്തിന്റെ വിശേഷങ്ങൾ പുറത്തുവന്നത്. ആഡംബര ടൂറിസ്റ്റ് റിസോർട്ടായി വികസിപ്പിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ഫെബ്രുവരി 29ന് കൊട്ടാരം ഉദ്ഘാടന വേളയിൽ, ജഗൻ മോഹൻ റെഡ്ഡിയുടെ താമസസ്ഥലവും ക്യാമ്പ് ഓഫീസുമായി ഇത് ഉപയോഗിക്കാമെന്ന് അന്നത്തെ ടൂറിസം മന്ത്രി ആർകെ റോജ പറഞ്ഞിരുന്നു.
മെയ് മാസത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ തിരിച്ചെത്തിയാൽ, തൻ്റെ താമസവും ഓഫീസും കൊട്ടാരത്തിലേക്ക് മാറ്റാനും സംസ്ഥാനത്തിൻ്റെ ഭരണനിർവഹണ തലസ്ഥാനമായി പ്രഖ്യാപിച്ച വിശാഖപട്ടണത്ത് നിന്ന് പ്രവർത്തിക്കാനും ജഗൻ ആഗ്രഹിച്ചിരുന്നു. ഭരണത്തുടര്‍ച്ച നേടിയ ശേഷം കെങ്കേമമായി കൊട്ടാരം ഉദ്ഘാടനം നടത്താനായിരുന്നു ജഗന്റെ പദ്ധതി.
എന്നാൽ, തിരഞ്ഞെടുപ്പ് ഫലം റുഷിക്കൊണ്ട കൊട്ടാരത്തിലേക്ക് താമസം മാറ്റാനുള്ള ജഗൻ്റെ സ്വപ്നങ്ങൾ തകർത്തു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തെലുങ്കുദേശം പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തോട് അതിദയനീയമായി തോറ്റ് വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്ക് അധികാരം നഷ്ടമായി. 175 അംഗ നിയമസഭയിൽ 11 സീറ്റുകൾ മാത്രമാണ് വൈഎസ്ആർസിപിക്ക് ലഭിച്ചത്, ബാക്കിയുള്ള 164 മണ്ഡലങ്ങളിൽ എൻഡിഎ വിജയിച്ചു.
രഹസ്യങ്ങൾ പുറത്ത്
ജൂൺ 16ന് ടി.ഡി.പി എം.എൽ.എയും മുൻ മന്ത്രിയുമായ ഗന്ത ശ്രീനിവാസ് റാവുവിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവർത്തകരുടെയും പ്രതിനിധി സംഘം റുഷിക്കൊണ്ടയിലേക്ക് കെട്ടിടങ്ങൾക്കുള്ളിൽ എന്താണെന്ന് തുറന്നുകാട്ടാൻ എത്തിയപ്പോഴാണ് സാധാരണക്കാർക്ക് പ്രവേശനം ലഭിക്കാത്ത കൊട്ടാര സമുച്ചയത്തിന്റെ രഹസ്യങ്ങൾ പുറത്തുവന്നത്.
'ഇത് മനസ്സിനെ തളർത്തുന്നതാണ്. ഈ കൊട്ടാരത്തിൽ നിന്ന് ഒരു രാജാവിനെപ്പോലെ സംസ്ഥാനം ഭരിക്കാൻ ജഗൻ ആഗ്രഹിക്കുന്നുവെന്ന് വളരെ ചെലവേറിയ സൗകര്യങ്ങൾ വ്യക്തമായി സൂചിപ്പിക്കുന്നു. ഇത് തീർച്ചയായും ടൂറിസത്തിനായി നിർമിച്ചതല്ല', ശ്രീനിവാസ റാവു പറഞ്ഞു. എംഎൽഎയുടെ സന്ദർശനത്തെത്തുടർന്ന് ടിഡിപി പുറത്തുവിട്ട കൊട്ടാരത്തിൻ്റെ ദൃശ്യങ്ങളും മറ്റും പരിശോധിച്ചാൽ, റുഷിക്കൊണ്ട കൊട്ടാര സമുച്ചയം ഒരു പഞ്ചനക്ഷത്ര ഹോട്ടലിനെയും കവച്ചുവെക്കുന്നതാണെന്ന് വ്യക്തം. 19,968 ചതുരശ്ര മീറ്ററാണ് റുഷിക്കൊണ്ട സമുച്ചയത്തിൻ്റെ ആകെ വിസ്തീർണം.
കൊട്ടാരത്തിന് എന്ത് സംഭവിക്കും?
റുഷിക്കൊണ്ട കുന്നുകളിലെ കൊട്ടാര ബംഗ്ലാവ് സർക്കാരിന് വെള്ളാനെയാണെന്നാണ് ടിഡിപി പറയുന്നത്.
ഇത് ഔദ്യോഗിക ആവശ്യങ്ങൾക്കോ ടൂറിസം ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ (എപിടിഡിസി) കീഴിലുള്ള ടൂറിസം റിസോർട്ട് പൊളിച്ചുമാറ്റിയാണ് പുതുതായി കൊട്ടാര സമുച്ചയം നിർമ്മിച്ചത്. മുമ്പത്തെ റിസോർട്ടിൽ 58 മുറികളും ഒരു കോൺഫറൻസ് ഹാളും ഒരു ബാർ-കം-റെസ്റ്റോറൻ്റും ഉണ്ടായിരുന്നു. 4,439 ചതുരശ്ര മീറ്ററായിരുന്നു വിസ്തീർണം.
പുതിയ ആന്ധ്രാ മുഖ്യമന്ത്രി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അമരാവതിയെ തലസ്ഥാനമായി പ്രഖ്യാപിച്ചതിനാൽ, വിശാഖപട്ടണത്തെ റുഷിക്കൊണ്ട കൊട്ടാരം ഉപയോഗിക്കില്ല. ടൂറിസം റിസോർട്ടായും ഇത് ഉപയോഗിക്കാനാവില്ല, കാരണം 12 മുറികൾ മാത്രമേയുള്ളൂ, അതിനാൽ, പ്രതിദിനം ഒരു ലക്ഷം രൂപയായി നിരക്ക് നിശ്ചയിച്ചാലും റിസോർട്ട് സാമ്പത്തികമായി ലാഭകരമല്ലെന്ന് ടിഡിപി നേതാക്കൾ പറയുന്നു. അധികാരം കിട്ടുമ്പോഴെല്ലാം പരസ്പരം പ്രതികാരം വീട്ടുന്നവരാണ് ജഗനും നായിഡുവും. നേരത്തെ നായിഡുവിനെ ജഗൻ ജയിലിൽ അടച്ചിരുന്നു. അതിനാൽ ജഗന് കുരുക്ക് മുറുകുമോ എന്ന് കണ്ടറിയാം.