Karnataka CM | അടുത്ത വര്‍ഷം ഏപ്രിലോടെ 1400 പുതിയ ഇലക്ട്രിക് ബസുകള്‍ കൂടി പൊതുഗതാഗതത്തിനായി നിരത്തിലിറക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി
Dec 26, 2023, 20:36 IST
ബംഗ്ലൂരു: (KVARTHA) അടുത്ത വര്‍ഷം ഏപ്രിലോടെ ബംഗ്ലൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് കോര്‍പറേഷനില്‍(BMTC) 1,400 പുതിയ ഇലക്ട്രിക് ബസുകള്‍ കൂടി ഉള്‍പെടുത്തുമെന്ന് പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആദ്യഘട്ടത്തില്‍ അനുവദിച്ച ബിഎംടിസിയുടെ 100 നോണ്‍ എസി ഇലക്ട്രിക് ബസുകള്‍ വിധാന്‍ സൗധയില്‍ ഫ് ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തി സ്‌കീം ആരംഭിച്ചതിന് ശേഷം കര്‍ണാടകയില്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട് ബസുകളില്‍ സ്ത്രീകള്‍ സൗജന്യമായി യാത്ര ചെയ്യുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രതിദിനം 40 ലക്ഷം പേരാണ് ബിഎംടിസിയില്‍ ഇത്തരത്തില്‍ യാത്ര ചെയ്യുന്നതെന്നും ഇതില്‍ എല്ലാ ജാതി-മത വിഭാഗത്തിലും പെട്ട സ്ത്രീകള്‍ ഉള്‍പെടുന്നുണ്ടെന്നും വ്യക്തമാക്കി.
പൊതുഗതാഗത സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും നഗരത്തിലെ വര്‍ധിച്ചുവരുന്ന വാഹന മലിനീകരണം തടയുന്നതിനുമാണ് പുതിയ ഇലക്ട്രിക് ബസുകള്‍ ഉള്‍പെടുത്തിയിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കുന്നതിനെ ബിജെപി വിമര്‍ശിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്നാല്‍ അവര്‍ അധികാരത്തിലിരുന്നപ്പോള്‍ എന്തുകൊണ്ട് ഈ ക്ഷേമ പദ്ധതി നടപ്പാക്കിയില്ലെന്നും ചോദിച്ചു. പദ്ധതിയുടെ എല്ലാ നല്ല വശങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് അധികാരത്തിലെത്തിയശേഷം നിറവേറ്റിയത്. ഈ പദ്ധതികള്‍ നിലവില്‍ വന്നതോടെ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും ഒരുപാട് പണം ലാഭിക്കാന്‍ കഴിയുന്നു. അവര്‍ ആ പണം കുടുംബത്തിന്റെ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. അങ്ങനെ, ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ശക്തി വര്‍ധിക്കുന്നു.
സംസ്ഥാനത്തെ 4.30 കോടി ജനങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. അതിലൂടെ ദരിദ്രരെയും തൊഴിലാളി വര്‍ഗങ്ങളെയും സാമ്പത്തിക പുരോഗതിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നു.
സാമ്പത്തിക ശാക്തീകരണത്തിലൂടെ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും ദരിദ്രര്‍ക്കും തൊഴിലാളികള്‍ക്കും ഇടത്തരം കുടുംബങ്ങള്‍ക്കും സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാനായി.
ഇത് നേടാനാണ് കോണ്‍ഗ്രസ് സര്‍കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ ബിജെപി സര്‍കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ജനങ്ങളെ ശാക്തീകരിക്കാന്‍ ഒന്നും ചെയ്തില്ല. പകരം അവര്‍ ഇപ്പോള്‍ സര്‍കാരിനെ വിമര്‍ശിക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, യാത്രക്കാര്‍ക്ക് സുരക്ഷിതമായ ഗതാഗത സംവിധാനം ഒരുക്കുന്നതിനും ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി 10 ബസുകളില്‍ അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) നടപ്പാക്കുന്നുണ്ടെന്ന് ബിഎംടിസി പ്രസ്താവനയില്‍ പറഞ്ഞു.
ഗതാഗത നിയമലംഘനങ്ങളും ഡ്രൈവര്‍മാര്‍ മൂലമുണ്ടാകുന്ന അപകട കേസുകളും ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി, സുരക്ഷിതമായ ഡ്രൈവിങ്ങിനും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുമായി പൊലീസ് വകുപ്പിന്റെ സഹകരണത്തോടെ ഡിസംബര്‍ മുതല്‍ 3,000 ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ പരിശീലനം നല്‍കുന്നുണ്ടെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
Keywords: By April, 1,400 new electric buses will be inducted in BMTC: Karnataka CM
, Bengaluru, News, New Electric Buses, Fagged Off, Chief Minister Siddaramaiah, BJP, Allegation, Criticism, Women, National.
, Bengaluru, News, New Electric Buses, Fagged Off, Chief Minister Siddaramaiah, BJP, Allegation, Criticism, Women, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.