Explanation | വിമാനങ്ങൾക്ക് ഇടിമിന്നൽ ഏൽക്കുമോ, എങ്ങനെയാണ് യാത്രക്കാർ സുരക്ഷിതമായിരിക്കുന്നത്? അറിയാം
● വിമാനത്തിന്റെ ലോഹഘടന ഫാരഡെ കവചമായി പ്രവർത്തിക്കുന്നു.
● മിന്നൽ സാധാരണയായി വിമാനത്തിന്റെ അഗ്രഭാഗത്താണ് ഏൽക്കുന്നത്.
● വിമാനത്തിലെ സുരക്ഷാ സംവിധാനങ്ങൾ യാത്രക്കാരെ സംരക്ഷിക്കുന്നു.
● വിമാനം അടിസ്ഥാനപരമായി ഒരു ലോഹപ്പെട്ടിയാണ്.
റോക്കി എറണാകുളം
(KVARTHA) ഇടിമിന്നൽ എന്ന് കേൾക്കുന്നത് തന്നെ പലർക്കും ഭയമുള്ള കാര്യമാണ്. ഏത് വാഹനങ്ങളിൽ ആയാലും ശരി ഇടിമിന്നൽ ഉണ്ടാകുമ്പോൾ യാത്ര ചെയ്യുന്നത് ആരെയും പേടിപ്പെടുത്തുന്ന ഒന്നാണ്. പ്രത്യേകിച്ച് കൊച്ചു കുട്ടികളുമായി ഒന്നും ഈ അവസരത്തിൽ യാത്ര ചെയ്യാൻ പലരും ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. അപ്പോൾ പിന്നെ വിമാനങ്ങളിലെ യാത്ര എങ്ങനെയായിരിക്കും. ഏത് കാലാവസ്ഥയിലും ആകാശത്തൂടെ ഉയർന്ന് പറന്നാണ് വിമാനങ്ങൾ സഞ്ചരിക്കുന്നത്.
ഒരുപാട് യാത്രക്കാരുമായിട്ടാണ് വിമാനങ്ങൾ ആകാശത്തൂടെ ഉയർന്ന് പറന്ന് സഞ്ചരിക്കുന്നത്. ഈ അവസരത്തിൽ ഇടിമിന്നൽ ഉണ്ടായാൽ എന്താകും സ്ഥിതി. എങ്ങനെയാണ് യാത്രക്കാരും വിമാനവും സുരക്ഷിതമായിരിക്കുന്നത്? അതാണ് ഇവിടെ പറയുന്നത്. വിമാനയാത്രയിൽ ഏതുഘട്ടത്തിലെങ്കിലും ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യതയെ പറ്റി നിങ്ങൾ ആലോചിച്ചുട്ടുണ്ടോ. ഉണ്ടെങ്കിൽ ഉത്തരം ഇതാ.
'ഭൂമിയിലും അന്തരീക്ഷത്തിലുമുള്ള ഏതു വസ്തുവിനും ഇടിമിന്നൽ ഏൽക്കാറുണ്ട്. ലോകത്ത് പ്രതിദിനം 3 ലക്ഷം മുതൽ 5 ലക്ഷം വരെ മിന്നലുകൾ ഉണ്ടാവുന്നു എന്നാണ് കണക്ക്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് നിരവധി തവണ മിന്നലേറ്റിട്ടുണ്ട്. ലോകത്ത് പ്രതിദിനം 150000 ന് മുകളിൽ വിമാനങ്ങൾ പറക്കാറുണ്ട്. ലോകത്ത് ഒരു സ്ഥലവും ഇടിമിന്നലിൽനിന്ന് സുരക്ഷിതമല്ല. അങ്ങനെയെങ്കിൽ, വിമാനങ്ങൾക്ക് ഇടിമിന്നൽ ഏൽക്കുമോ? എങ്ങനെയാണ് യാത്രക്കാരും വിമാനവും സുരക്ഷിതമായിരിക്കുന്നത്? വിമാനയാത്രയിൽ ഏതുഘട്ടത്തിലായിരിക്കും ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യത ഏറ്റവും കൂടുതലുള്ളത്?
വിമാനം അടിസ്ഥാനപരമായി ഒരു ലോഹപ്പെട്ടിയാണ്. അതിന്റെ ഫ്യൂസിലജ് അഥവാ ചട്ടക്കൂട് അലൂമിനിയം ചേർന്ന സംയുക്ത പദാർഥങ്ങൾ (Composite Material) കൊണ്ട് പൊതിഞ്ഞ രീതിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ഇത് ഫ്യൂസിലജിൽ ഏശുന്ന വൈദ്യുതപ്രവാഹം പുറത്തുകൂടി വാലറ്റത്തേക്ക് ഒഴുകാൻ സഹായിക്കുന്നു. ഈ രൂപകല്പന ഫാരഡെ കേജ് അഥവാ ഫാരഡെ കവചം എന്നറിയപ്പെടുന്നു. വൈദ്യുത കാന്തിക വികിരണത്തെ ചെറുക്കുന്ന സംരക്ഷണകവചമുള്ള ഭീമാകാരമായ ഒരു ഫാരഡെ കേജാണ് വിമാനം. ചാലകവസ്തു (Conducting Material) വിന്റെ തുടർച്ചയായ ആവരണം വഴിയാണ് ഇത് സാധ്യമാവുന്നത്.
വൈദ്യുതിചാർജുള്ള മേഘങ്ങൾ വിമാനത്തിന്റെ ചട്ടക്കൂടിൽ വോൾട്ടേജ് സമാവേശിപ്പിക്കുന്നു (Induce). അതായത് ചാർജ് വാഹിയായ മേഘത്തിനും വിമാനത്തിനും ഇടയിൽ വൈദ്യുതി ഡിസ്ചാർജ് സംഭവിക്കുന്നു. വൈദ്യുതി പ്രവഹിപ്പിക്കാൻ കഴിയുന്ന വസ്തുക്കളാൽ നിർമിച്ച് ഒരു ചട്ടക്കൂടിന് പുറത്ത് ഉണ്ടാകുന്ന ഡിസ്ചാർജ് വിമാനത്തിന്റെ വാലറ്റത്തുകൂടി പുറത്തേക്ക് ഒഴുകുന്നു. അങ്ങനെ വിമാനത്തിനുള്ളിൽ വൈദ്യുതിചാർജ് എത്താതെ അത് യാത്രക്കാരെയും ഉപകരണങ്ങളെയും സംരക്ഷിക്കുന്നു. വിമാനത്തിന്റെ ചട്ടക്കൂടിന് ഒരേ പൊട്ടൻഷ്യൽ വ്യത്യാസം അഥവാ വോൾട്ടേജ് ഉള്ളതുകൊണ്ടാണ് ഇത് സാധിക്കുന്നത്.
അങ്ങനെ മേഘത്തിനും വിമാനത്തിനും ഇടയിൽ സംഭവിച്ച ഡിസ്ചാർജ്, വിമാനവും റൺവെയും തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം കൊണ്ട് വിമാനത്തിലൂടെ ഭൂമിയിലേക്ക് പുറന്തള്ളുന്നു. ചുരുക്കത്തിൽ, മിന്നലിന്റെ ഭൂമിയിലേക്കുള്ള പാതയുടെ ഒരുഭാഗം മാത്രമായി വിമാനം മാറുന്നു, അങ്ങനെ യാത്രക്കാരും ഉപകരണങ്ങളും സുരക്ഷിതമാവുന്നു. മിന്നൽ ഏൽക്കുന്നത് വിമാനത്തിന്റെ താരതമ്യേന കൂർത്ത അഗ്രഭാഗങ്ങളിലാണ്. മുഖ്യമായും വിമാനത്തിന്റെ ചിറകിന്റെ അഗ്രഭാഗത്തോ തുമ്പിലോ (Nose) ആണ് ഇത് സംഭവിക്കുന്നത്. വൈദ്യുതി ചാർജ് പുറന്തള്ളുന്നത് വാലറ്റത്തുകൂടിയാണ്. ഇവിടെ 'മിന്നൽ തിരികൾ' (lightning wicks) സ്ഥാപിച്ചിട്ടുണ്ട്.
വിമാനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട സർക്യൂട്ടുകളും ഉപകരണങ്ങളും പല രീതിയിലുള്ള കവചങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇന്ധന ടാങ്ക് ആവട്ടെ മിന്നലിന് നേരിട്ട് എത്താൻ കഴിയാത്ത സ്ഥാനത്താണ് സ്ഥാപിച്ചിരിക്കുന്നത്; യാത്രക്കാർക്ക് ഇടിമിന്നൽ ശബ്ദം കേൾക്കാമെങ്കിലും സുരക്ഷിതരായിരിക്കും. ഉയരവും മിന്നൽ സാധ്യതയും വിമാനങ്ങൾക്ക് ശരാശരി 1000 മണിക്കൂർ പറക്കുമ്പോൾ ഒരു പ്രാവശ്യമെങ്കിലും മിന്നലേൽക്കാറുണ്ട്. മഴമേഘങ്ങളെ (Thunder cloud) ഒഴിവാക്കി സഞ്ചരിക്കാൻ കഴിയുന്ന റഡാർ സംവിധാനവും വിമാനത്തിലുണ്ട്.
വിമാനം ഉയരത്തിൽ സഞ്ചരിക്കുമ്പോഴാണ് ഇടി മിന്നലേൽക്കുക എന്നത് തെറ്റായ ധാരണയാണ്. ടേക്കോഫ് സമയത്തും ലാന്റിങ് സമയത്തുമാണ് ഇടിമിന്നലേൽക്കാൻ സാധ്യത കൂടുതലുള്ളത്. ഇടിമഴ മേഘങ്ങളുടെ (Thunder cloud) സാന്നിധ്യം ഏറ്റവും കൂടുതൽ ഈ മേഖലയിലാണുള്ളത്. ഇത്രയേറെ സുരക്ഷാ നടപടികൾ സ്വീകരിച്ചാലും ചട്ടക്കൂടിൽ വൻതോതിൽ വൈദ്യുതി പ്രവഹിക്കുമ്പോൾ ചില അവസരങ്ങളിൽ നേരിയ കേടുപാടുകൾ സംഭവിക്കാറുണ്ട്.
ഇങ്ങനെ മിന്നലേൽക്കുന്ന വിമാനങ്ങൾ തൊട്ടടുത്ത എയർപോർട്ടിൽ ഇറക്കി വിശദമായ പരിശോധനയ്ക്കുശേഷം മാത്രമെ തുടർന്ന് പറക്കാറുള്ളൂ. വിമാനങ്ങള്‍ക്ക് ഇടിമിന്നലേറ്റാലും യാത്രക്കാര്‍ സുരക്ഷിതരായിരിക്കും. ഇടിമിന്നല്‍ മൂലം വിമാനയാത്രക്കാര്‍ക്ക് അപകടം ഉണ്ടായിട്ടുള്ള സംഭവങ്ങള്‍ വളരെ വളരെ വിരളമാണ്'. വിമാനത്തെപ്പറ്റി കൂടുതൽ അറിയാൻ ശ്രമിക്കുന്നവർക്ക് ഒരു വിശദമായ പാഠമാകും ഇത്. കൂടുതൽ ആളുകളിലേയ്ക്ക് ലേഖനം പങ്കുവെക്കാം.
#LightningSafety, #AviationSafety, #AirplaneFacts,