ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മോഹന്‍ലാലിന് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതി

 


കൊച്ചി: (www.kvartha.com 28.02.2016) ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ നടന്‍ മോഹന്‍ലാലിന് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇത് സംബന്ധിച്ച് താരത്തിന് ഇളവ് നല്‍കിയത്. 2011ല്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയാണ് താരത്തിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെത്തിയത്. സംഭവം ഏറെ വിവാദമായിരുന്നു.

ആനക്കൊമ്പ് പിടിച്ചെടുക്കുകയും ചെയ്തു. നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ചതിന് 1972ലെ വന്യജീവി നിയമപ്രകാരം മോഹന്‍ലാലിനെതിരെ കേസെടുക്കുകയും ചെയ്തു. പിന്നീടും കേസുകള്‍ വന്നു. ഇതിന് ശേഷം മോഹന്‍ലാല്‍ ഇളവ് ആവശ്യപ്പെട്ട് പരിസ്ഥിതി മന്ത്രാലയത്തിന് കത്തെഴുതുകയായിരുന്നു. മറുപടിയില്‍ വനസംരക്ഷണ നിയമത്തില്‍ മാറ്റം വരുത്തുന്നതിനെ പറ്റി കേന്ദ്രസര്‍ക്കാര്‍ ആലോചിയ്ക്കുന്നതായി മന്ത്രാലയം അറിയിച്ചിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മുന്നിലും മോഹന്‍ലാല്‍ ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ട്.

അതേസമയം ഇക്കാര്യം പരിശോധിച്ച് വരുകയാണെന്ന് ഒരു മുതിര്‍ന്ന വകുപ്പുദ്യോഗസ്ഥന്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വനം വകുപ്പ് മോഹന്‍ലാലിന് ആനക്കൊമ്പ് സൂക്ഷിയ്ക്കാന്‍ ലൈസന്‍സ് നല്‍കും. 2011ല്‍ ഇത് സംബന്ധിച്ച് മോഹന്‍ലാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

എന്നാല്‍ മോഹന്‍ലാലിന് മാത്രമേ മന്ത്രാലയത്തിന്റെ അനുമതി ബാധകമായിരിയ്ക്കൂ എന്നാണ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ്‌സ് ഓം പ്രകാശ് കാലര്‍ വ്യക്തമാക്കിയത്. റെയ്ഡില്‍ 13 ജോടി ആനക്കൊമ്പുകള്‍ കണ്ടെത്തിയെന്ന് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി.കെ. വെങ്കിടാചലം അറിയിച്ചിരുന്നു.

അതേസമയം പിടിച്ചെടുത്ത വസ്തുക്കളുടെ കൃത്യമായ കണക്ക് പുറത്തുവിടാന്‍ അധികൃതര്‍ ഇതുവരെയും തയ്യാറായിട്ടില്ല. റെയ്ഡ് നടന്ന് അഞ്ച് വര്‍ഷമായിട്ടും സംസ്ഥാന വനം വകുപ്പ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും വെങ്കിടാചലം ചൂണ്ടിക്കാട്ടി.

ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മോഹന്‍ലാലിന് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതി


Also Read:
ജില്ലാജയിലില്‍ സുരക്ഷ കര്‍ശനമാക്കുന്നു
Keywords:  Kochi, Controversy, Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia