വീട്ടിലെ പ്രശ്‌നം പരിഹരിച്ചിട്ടുമതി ഇങ്ങോട്ട് വരാന്‍; രാഹുല്‍ ഗാന്ധിയോട് മായാവതി

 


ലക്‌നൗ: (www.kvartha.com 10.04.2022) വീട്ടിലെ പ്രശ്‌നം പരിഹരിച്ചിട്ടുമതി ഇങ്ങോട്ട് വരാന്‍ എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ബിഎസ്പി അധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശില്‍ അധികാരത്തിലിരിക്കുമ്പോഴും അധികാരത്തിനു പുറത്തായശേഷവും ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസിനു സാധിച്ചിട്ടില്ലെന്നും മായാവതി ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തിലൂടെയാണ് മായാവതി രാഹുല്‍ ഗാന്ധിക്കെതിരെ തിരിഞ്ഞത്.

വീട്ടിലെ പ്രശ്‌നം പരിഹരിച്ചിട്ടുമതി ഇങ്ങോട്ട് വരാന്‍; രാഹുല്‍ ഗാന്ധിയോട് മായാവതി

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സഖ്യ നിര്‍ദേശം തള്ളി മായാവതിയും ബിഎസ്പിയും ബിജെപിക്ക് അനായാസ വിജയം സമ്മാനിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനമാണ് മായാവതിയെ ചൊടിപ്പിച്ചത്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുന്‍പ് കോണ്‍ഗ്രസ് 100 പ്രാവശ്യം ചിന്തിക്കുന്നത് നല്ലതാണെന്നും മായാവതി ഓര്‍മിപ്പിച്ചു.

ബിജെപിക്കെതിരെ കോണ്‍ഗ്രസിന് വിജയിക്കാനായില്ല. എന്നിട്ടും ബിഎസ്പിക്കെതിരെ വായില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയുന്നു. ഇവിടെ അധികാരത്തിലുള്ളപ്പോഴും അധികാരത്തിനു പുറത്തായപ്പോഴും ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്നും മായാവതി ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശില്‍ ബിജെപി മികച്ച വിജയത്തോടെ ഭരണം നിലനിര്‍ത്തിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ സഖ്യ നിര്‍ദേശം ബിഎസ്പി തള്ളിയത് ബിജെപിയെ സഹായിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചത്.

മായാവതിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചിട്ടും സഖ്യ ചര്‍ചയ്ക്ക് അവര്‍ തയാറായില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. സിബിഐ, ഇഡി, പെഗാസസ് എന്നിവയെ ഭയന്നാണ് ഉത്തര്‍പ്രദേശില്‍ മായാവതിയും ബിഎസ്പിയും ബിജെപിക്ക് അനായാസ വിജയത്തിന് വഴിയൊരുക്കിയതെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് വാര്‍ത്താ സമ്മേളനം വിളിച്ച് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ മായാവതി തള്ളിയത്. 'കാന്‍ഷി റാം സിഐഎ ഏജന്റാണെന്ന് പറഞ്ഞ് മുന്‍പ് രാജീവ് ഗാന്ധി ബിഎസ്പിയെ അപാനിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനും മകളും പിതാവിന്റെ പാത പിന്തുടര്‍ന്ന് എനിക്ക് കേന്ദ്ര ഏജന്‍സികളെ ഭയമാണെന്ന അടിസ്ഥാനരഹിതമായ വാദം ഉന്നയിക്കുന്നു. ഇതിലൊന്നും സത്യത്തിന്റെ കണിക പോലുമില്ല എന്നതാണ് വാസ്തവം. എല്ലാ കേസുകളും സുപ്രീംകോടതി വരെ പോയി ഞങ്ങള്‍ ജയിച്ചിട്ടുള്ളതാണെന്നും മായാവതി പറഞ്ഞു.

'ഇത്തവണ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നുവെന്ന് ആര്‍ക്കാണ് അറിയാത്തതെന്നും മായാവതി ചോദിക്കുന്നു. ബിജെപിക്കെതിരെ സ്വന്തം പ്രകടനം ശരിക്ക് വിലയിരുത്തിയിട്ട് മതി ബിഎസ്പിയെ കുറ്റപ്പെടുത്തുന്നത്' എന്നും മായാവതി പറഞ്ഞു.

'മറ്റൊരു പാര്‍ടിയെ കുറ്റപ്പെടുത്തുന്നതിനു മുന്‍പ് സ്വന്തം പാര്‍ടിയുടെ കാര്യം നോക്കൂ. സ്വന്തം കുടുംബം നന്നാക്കിയിട്ടു പോരേ മറ്റുള്ളവരെ നന്നാക്കുന്നത്? തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് എല്ലാ പ്രതിപക്ഷ പാര്‍ടികളും ആത്മപരിശോധന നടത്തണമെന്നാണ് എന്റെ അഭിപ്രായമെന്നും' മായാവതി പറഞ്ഞു.

Keywords: 'Can't Set Own House In Order': Mayawati On Rahul Gandhi's Poll Comment, Mayavathi, Allegation, Criticism, Rahul Gandhi, Congress, BSP, BJP, Assembly Election, National, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia