മകളുടെ വിവാഹ ദിനത്തില്‍ ഹിമാചല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സിബിഐ റെയ്ഡ്

 


ന്യൂഡല്‍ഹി: (www.kvartha.com 26.09.2015) മകളുടെ വിവാഹ ദിനത്തില്‍ ഹിമാചല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സിബിഐ റെയ്ഡ്. അനധികൃത സ്വത്തു സമ്പാദനക്കേസിലാണ് മുഖ്യമന്ത്രി വിര്‍ഭദ്ര സിങ്ങിന്റെ ഡല്‍ഹിയിലെയും ഹിമാചലിലെയും വസതികളിലും മറ്റ് 11 സ്ഥലങ്ങളിലും സിബിഐ റെയ്ഡ് നടത്തുന്നത്. കേസില്‍ സിങ്, ഭാര്യ പ്രതിഭാ സിങ്, മകന്‍ വിക്രമാദിത്യ സിങ്, മകള്‍ അപരാജിത സിങ്, എല്‍ഐസി ഏജന്റ് ആനന്ദ് ചൗഹാന്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ അന്വേഷണം നടത്തുന്നത്.

അതേസമയം, മകളുടെ വിവാഹദിനത്തില്‍ തന്നെ റെയ്ഡ് നടത്തിയതിനെ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ സിബിഐയെ രാഷ്ട്രീയപരമായി ദുരുപയോഗം ചെയ്യുകയാണെന്നാണ്  കോണ്‍ഗ്രസിന്റെ  ആരോപണം. ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയുടെ വീട്ടില്‍ നടത്തിയ സിബിഐ റെയ്ഡ് ഇതിന് തെളിവാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ആറു തവണ മുഖ്യമന്ത്രിയായ ആളാണ് വീര്‍ഭദ്ര സിങ്. വിചാരണയിലിരിക്കുന്ന കേസില്‍ സിബിഐക്ക് റെയ്ഡ് നടത്താന്‍ എങ്ങനെ കഴിയുമെന്നും  രാജസ്ഥാനിലെ ഖനന വിവാദത്തില്‍ സിബിഐ അന്വേഷണം മാത്രമല്ല, സുപ്രീം കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലും അന്വേഷണം നടത്തേണ്ടതാണെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

കേസില്‍ എഫ്‌ഐആര്‍ ശനിയാഴ്ച ഫയല്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് റെയ്ഡ് നടത്താന്‍ തീരുമാനിച്ചത്. 2009 മുതല്‍ 2011 വരെ കേന്ദ്ര ഉരുക്കു മന്ത്രിയായിരുന്ന സമയത്ത് സിങ്ങും കുടുംബവും 6.1 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ഇങ്ങനെ കിട്ടിയ വരുമാനം സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും എല്‍ഐസി ഏജന്റായ ആനന്ദ് ചൗഹാനെ ഉപയോഗിച്ച് എല്‍ഐസിയില്‍ നിക്ഷേപിച്ചെന്നുമാണ് ആരോപണം. കൃഷിയില്‍ നിന്നുള്ള വരുമാനം എന്നാണ് ഇവ രേഖപ്പെടുത്തിയത്.

2013 ഒക്ടോബര്‍ മുതല്‍ സിബിഐ വീര്‍ഭദ്ര സിങ്ങിനെതിരെയുള്ള അഴിമതി ആരോപണം അന്വേഷിക്കുന്നുണ്ട്. കേസില്‍ 2014 ന്റെ തുടക്കത്തില്‍ സിങ്ങിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. 2009-10, 2010-11, 2011-12 വര്‍ഷങ്ങളിലെ കാര്‍ഷിക വരുമാനം 7,35,000, 15,00,000, 25,00,000 യഥാക്രമം എന്നിങ്ങനെയാണ് സിങ് ആദായനികുതി റിട്ടേണില്‍ കാണിച്ചിരിക്കുന്നത്. കാര്‍ഷിക വരുമാനമായതിനാല്‍ ഇതിനു നികുതിയിളവു ലഭിക്കും.

മൂന്നുവര്‍ഷത്തിനുള്ളില്‍ 18 മുതല്‍ 30 മടങ്ങുവരെ വര്‍ധനയാണ് സിങ്ങിന്റെ കാര്‍ഷിക വരുമാനത്തില്‍ കാണിച്ചിരിക്കുന്നത്. ഏകദേശം 6.10 കോടിയുടെ വരുമാനമാണ് വര്‍ധിച്ചതെന്ന് പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ സിബിഐ ഡയറക്ടര്‍ക്ക് എഴുതിയ കത്തിലും ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും പറയുന്നുണ്ട്.
മകളുടെ വിവാഹ ദിനത്തില്‍ ഹിമാചല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സിബിഐ റെയ്ഡ്

Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: മുഹമ്മദ് സാബിറിനെ ബാങ്ക് ജീവനക്കാരികള്‍ തിരിച്ചറിഞ്ഞു

Keywords:  CBI raids Himachal Pradesh CM's residence in disproportionate assets case, FIR registered, New Delhi, Daughter, Marriage, Congress, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia