മഹന്ദ് നരേന്ദ്ര ഗിരിയുടെ മരണം; അന്വേഷണം ഏറ്റെടുത്ത് സിബിഐ; ആത്മഹത്യാക്കുറിപ്പ് പരിശോധനയ്ക്ക് അയയ്ക്കും

 



ന്യൂഡെല്‍ഹി: (www.kvartha.com 24.09.2021) സന്യാസി സംഘടനയായ അഖിലേന്ത്യ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ദ് നരേന്ദ്ര ഗിരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം യുപി പൊലീസില്‍ നിന്ന് സി ബി ഐ ഏറ്റെടുത്തു. പുതിയ കേസ് രെജിസ്റ്റര്‍ ചെയ്ത സി ബി ഐ അന്വേഷണത്തിന് ആറുപേരുടെ സംഘത്തേയും നിയോഗിച്ചു. 

കഴിഞ്ഞ ദിവസം സി ബി ഐ സംഘം പ്രയാഗ് രാജില്‍ എത്തി പ്രാഥമിക വിവര ശേഖരണം നടത്തിയിരുന്നു.  മഹന്ദ് നരേന്ദ്രഗിരിയുടെ ആത്മഹത്യ കുറിപ്പ് ഫോറെന്‍സിക് പരിശോധനയ്ക്ക് അയ്ക്കാനും തീരുമാനമായി. തന്റെ മരണത്തിന് കാരണമായത് സ്ത്രീക്കൊപ്പമുള്ള ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന ഭീഷണിയാണെന്ന് പറഞ്ഞുള്ള മഹന്ദ് നരേന്ദ്ര ഗിരിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. 

മഹന്ദ് നരേന്ദ്ര ഗിരിയുടെ മരണം; അന്വേഷണം ഏറ്റെടുത്ത് സിബിഐ; ആത്മഹത്യാക്കുറിപ്പ് പരിശോധനയ്ക്ക് അയയ്ക്കും


തിങ്കളാഴ്ച വൈകീട്ടാണ് പ്രയാഗ്രാജിലെ മഠത്തില്‍ നരേന്ദ്ര ഗിരിയെ ആശ്രമത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാധാരണയായി നടന്നുവരാറുള്ള പ്രഭാഷണത്തിന് നരേന്ദ്ര ഗിരി എത്താതതിനാല്‍ അന്വേഷിച്ചെത്തിയ ശിഷ്യര്‍ മുറിയുടെ വാതില്‍ അകത്തുനിന്നും കുറ്റിയിട്ടതാണ് കണ്ടത്. വാതില്‍ പൊളിച്ചു അകത്തുകടന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

സമീപം നരേന്ദ്ര ഗിരി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രധാന ശിഷ്യനായ ആനന്ദ് ഗിരിയെയും അനുയായികളായ ആധ്യ തിവാരി, മകന്‍ സന്ദീപ് തിവാരി യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് നരേന്ദ്ര ഗിരി മൊബൈലില്‍ ഷൂട് ചെയ്ത വീഡിയോയും പൊലീസ് കണ്ടെടുത്തിരുന്നു. നാലര മിനിറ്റുള്ള വീഡിയോയിലും 13 പേജുള്ള ആത്മഹത്യ കുറിപ്പിലെ കാരണങ്ങള്‍ തന്നെയാണ് പറയുന്നത്. 'ഒരു സ്ത്രീക്കൊപ്പമുള്ള തന്റെ ചിത്രം ആനന്ദ് ഗിരി കമ്പ്യൂ'റിന്റെ സഹായത്താല്‍ സൃഷ്ടിച്ചെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ അത് പ്രചരിപ്പിക്കുമെന്നുമാണ് നരേന്ദ്ര ഗിരി ചൂണ്ടിക്കാട്ടുന്നത്'. 

സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള ആരോപണത്തെ തുടര്‍ന്ന് മേയില്‍ ആശ്രമത്തില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് ആനന്ദ് ഗിരി. പിന്നീട് ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം വീണ്ടും പുനഃസ്ഥാപിച്ചതായി പറയപ്പെടുന്നു.

അതേസമയം, കുറിപ്പ് നരേന്ദ്ര ഗിരി എഴുതിയതല്ലെന്നും അദ്ദേഹത്തിന്റെ തലക്ക് പരിക്കേറ്റിട്ടുണ്ടെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ അഖില ഭാരതീയ അഖാഡ പരിഷത്തിന്റെ ഭാഗത്തുനിന്ന് തന്നെ ഉയരുകയും സംഭവത്തില്‍ ദുരൂഹത ഏറുകയും ചെയ്തു. അതോടെ  നരേന്ദ്ര ഗിരിയുടെ മരണം സംബന്ധിച്ച് വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ യുപി സര്‍കാര്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

Keywords:  News, National, India, New Delhi, Death, Case, CBI, Police, Threat, CBI Takes Over Probe Into Seer's Alleged Suicide, Team Heads To Prayagraj
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia