Bonus Announcement | കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വര്‍ധിപ്പിച്ചു
● ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം
● ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി വര്‍ധിക്കും
● നിലവില്‍ ഇത് 50 ശതമാനമാണ്
● ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും
ന്യൂഡെല്‍ഹി: (KVARTHA) കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം. ദീപാവലിക്ക് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡിഎ) മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഒരു കോടിയിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസകരമാകുന്ന തീരുമാനമാണിത്.
ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി വര്‍ധിക്കും. നിലവില്‍ ഇത് 50 ശതമാനമാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് തീരുമാനം. ഇതോടെ 18,000 രൂപ അടിസ്ഥാന ശമ്പളമായുള്ള എന്‍ട്രി ലെവല്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ പ്രതിമാസം ഏകദേശം 540 രൂപയുടെ വര്‍ധന ഉണ്ടാവും. പുതുക്കിയ ക്ഷാമബത്തയ്ക്ക് ജൂലൈ ഒന്നുമുതല്‍ പ്രാബല്യം ഉണ്ടാവും.
പണപ്പെരുപ്പം മൂലം ജീവിതച്ചെലവിലുണ്ടാകുന്ന വര്‍ധനവ് നേരിടാന്‍ ജീവനക്കാരെ സഹായിക്കുന്നതാണ് ക്ഷാമബത്ത. ഇതിനു മുമ്പ് ക്ഷാമബത്ത വര്‍ധിപ്പിച്ചത് മാര്‍ച്ചിലാണ്. അന്ന് നാലു ശതമാനം വര്‍ധനവ് വരുത്തിയതോടെയാണ് ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായത്.
ക്ഷാമബത്തയും ക്ഷാമാശ്വാസവും വര്‍ധിപ്പിച്ച് കൊണ്ടുള്ള പ്രഖ്യാപനം വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് സെപ്തംബര്‍ 30ന് ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചിരുന്നു. പിന്നാലെയാണ് തീരുമാനം.
#DiwaliBonus #CentralGovernment #DAHike #Employees #Pensioners #SalaryHike