Solar Scheme | വീട്ടിൽ വൈദ്യുതി ലാഭിക്കാൻ കേന്ദ്ര സർക്കാരിന്റെ സോളാർ പദ്ധതി: സബ്‌സിഡി എങ്ങനെ നേടാം?
![Solar Scheme](https://www.kvartha.com/static/c1e/client/115656/uploaded/234fc1186a22d9f3237dd6b6a3dcda64.webp?width=730&height=420&resizemode=4)
![Solar Scheme](https://www.kvartha.com/static/c1e/client/115656/uploaded/234fc1186a22d9f3237dd6b6a3dcda64.webp?width=730&height=420&resizemode=4)
ന്യൂഡെൽഹി: (KVARTHA) കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയായ 'പിഎം സൂര്യ ഘർ മുഫ്‌ത് ബിജിലി യോജന' ഇന്ത്യയിലെ ഒരു കോടി വീടുകളിൽ സൗജന്യ വൈദ്യുതി എത്തിക്കാൻ ലക്ഷ്യമിടുന്നു. രാജ്യത്തെ അർഹരായ ആളുകൾക്ക് സോളാർ പാനലുകൾക്ക് സബ്‌സിഡി നൽകുന്ന പദ്ധതിയാണ് ഇത്. പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
പദ്ധതി പ്രകാരം മൂന്ന് കിലോവാട്ട് ശേഷിയുള്ള പുരപ്പുറ സോളാർ പാനൽ സ്ഥാപിക്കുന്നതിലൂടെ പ്രതിമാസം 300 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് പ്രതിവർഷം 15,000 രൂപ ലാഭിക്കാനാകും. അതായത് വൈദ്യുതി സ്വയം ഉത്പാദിപ്പിക്കുന്ന കുടുംബത്തിന് പ്രതിമാസ ബില്ലിൽ 1800 മുതൽ 1875 രൂപ വരെ ലാഭിക്കാമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. വൈദ്യുതി ചിലവ് കുറയ്ക്കുന്നതിനു പുറമേ, അധിക വൈദ്യുതി, കമ്പനിക്ക് വിറ്റും വീട്ടുടമകൾക്ക് പണം സമ്പാദിക്കാം.
സബ്‌സിഡി തുക
സബ്‌സിഡി തുക നിങ്ങൾ സ്ഥാപിക്കുന്ന സോളാർ പാനലിന്റെ ശേഷിയെ ആശ്രയിച്ചിരിക്കുന്നു. രണ്ട് കിലോവാട്ട് ശേഷി വരെയുള്ള സിസ്റ്റങ്ങൾക്ക് സോളാർ യൂണിറ്റ് ചെലവിന്റെ 60 ശതമാനവും രണ്ട് മുതൽ മൂന്ന് കിലോവാട്ട് ശേഷിയുള്ള സിസ്റ്റങ്ങൾക്ക് അധിക സിസ്റ്റം ചെലവിന്റെ 40 ശതമാനവും സബ്‌സിഡിയായി പദ്ധതിയിലൂടെ ലഭിക്കും. സബ്‌സിഡിയുടെ പരിധി മൂന്ന് കിലോവാട്ട് ശേഷിയായി നിജപ്പെടുത്തിയിട്ടുണ്ട്. അതായത് ഒരു കിലോവാട്ട് സംവിധാനത്തിന് 30,000 രൂപയും രണ്ട് കിലോവാട്ടിന് 60,000 രൂപയും മൂന്ന് കിലോവാട്ടിന് മുകളിൽ 78,000 രൂപയും പദ്ധതി വഴി ലഭിക്കും.
സബ്‌സിഡി ലഭിക്കാൻ ചെയ്യേണ്ടത്
1. അപേക്ഷിക്കുക:
പദ്ധതിക്കായി അപേക്ഷിക്കാൻ, നിങ്ങൾ ഓൺലൈൻ പോർട്ടൽ https://pmsuryaghar(dot)in സന്ദർശിക്കുക. പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. നിങ്ങളുടെ സംസ്ഥാനവും വൈദ്യുതി വിതരണ കമ്പനിയും തിരഞ്ഞെടുക്കുക. നിങ്ങളുടെ വൈദ്യുതി ഉപഭോക്തൃ നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ നൽകുക. അപേക്ഷാ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
2. അംഗീകാരം:
അപേക്ഷ അംഗീകരിച്ചാൽ, നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കും. അംഗീകൃത ഏജൻസിയെ സോളാർ പാനൽ സ്ഥാപിക്കാൻ തിരഞ്ഞെടുക്കാം.
3. സബ്‌സിഡി:
സോളാർ പാനൽ സ്ഥാപിച്ചതിന് ശേഷം, നിങ്ങൾക്ക് സബ്‌സിഡി ലഭിക്കും. സബ്‌സിഡി തുക നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. 30 ദിവസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ടിൽ സബ്‌സിഡി ലഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
* പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഔദ്യോഗിക വെബ്‌സൈറ്റ് https://pmsuryaghar(dot)in സന്ദർശിക്കുക.
* 1800-266-7799 എന്ന നമ്പറിൽ ഹെൽപ്പ്‌ലൈൻ നമ്പറിലും വിളിക്കാം അല്ലെങ്കിൽ വെബ്‌സൈറ്റിൽ ലഭ്യമായ 'Contact Us' ഓപ്ഷൻ ഉപയോഗിച്ച് ഇമെയിൽ അയയ്ക്കാം.