Karipur airport | കരിപ്പൂര്‍ വിമാനത്താവളം: സുരക്ഷിത മേഖല നിര്‍മിക്കുന്നതില്‍ കേരളം ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല; യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് റണ്‍വേയുടെ നീളം കുറയ്ക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നും കേന്ദ്രം
Dec 15, 2022, 19:04 IST
ന്യൂഡെല്‍ഹി: (www.kvartha.com) കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. റൺവേയുടെ ഇരുവശവും സുരക്ഷിത മേഖല നിർമിക്കാൻ ആവശ്യമായ ഭൂമി നിരപ്പാക്കി നൽകാൻ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനം ഇതിനോട് സഹകരിക്കുന്നില്ല. അതിനാൽ സുരക്ഷിതമേഖലക്കായി റൺവേയുടെ നീളം കുറയ്‌ക്കേണ്ടി വരും എന്നും കേന്ദ്രം അറിയിച്ചു. പാര്‍ലമെന്റില്‍ അബ്ദു സമദ് സമദാനി എം പിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
2020 ലെ വിമാനാപകടത്തെ തുടര്‍ന്ന് രൂപീകരിച്ച കമിറ്റിയാണ് റണ്‍വെയ്ക്ക് ഇരുവശവും സുരക്ഷിത മേഖല നിര്‍മിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍കാരിനോട് ഭൂമി ഏറ്റെടുത്ത് നിരപ്പാക്കി നല്‍കാന്‍ എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്‍ഡ്യ ആവശ്യപ്പെട്ടിരുന്നു.
ഇതിന് ആവശ്യമായി വരുന്ന ചെലവ് വഹിക്കാം എന്നാണ് എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്‍ഡ്യ അറിയിച്ചിരുന്നത്. കരിപ്പൂരിന്റെ ഒരു പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് കേന്ദ്ര സര്‍കാര്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് 120 കോടി രൂപ നല്‍കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് 166 കോടി രൂപ വേണ്ടിവരും എന്നാണ് സംസ്ഥാന സര്‍കാര്‍ നേരത്തെ കേന്ദ്ര സര്‍കാരിനെ അറിയിച്ചത്.
എന്നാല്‍ സംസ്ഥാന സര്‍കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും സഹകരിക്കുന്നില്ലെന്നും വ്യോമയാന മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ഒമ്പത് മാസമായി സംസ്ഥാന സര്‍കാരിനോട് ആശയവിനിമയം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. വിമാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുന്നതിന് നിലവിലെ റണ്‍വേയുടെ നീളം വെട്ടികുറയ്ക്കുക അല്ലാതെ ഇനി മാര്‍ഗമില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
കരിപ്പൂര്‍ വിമാനത്താവളത്തെ സംബന്ധിച്ച് ഇത് തിരിച്ചടിയാണ്. റണ്‍വേയുടെ നീളം കുറയുന്നത് വലിയ വിമാനങ്ങള്‍ക്ക് ഉള്‍പെടെ ഇറങ്ങാനുള്ള സാധ്യത മങ്ങും. വിമാനത്താവളത്തിന്റെ വികസനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയരുന്ന ഘട്ടത്തിലാണ് കേന്ദ്ര സര്‍കാരിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കം ഉണ്ടായത്.
അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തിലെ പ്രശ്‌നം പരിഹരിച്ചിരുന്നുവെന്ന് അബ്ദുസമദ് എം പി മാധ്യമങ്ങളോട് പറഞ്ഞു. റണ്‍വെ വെട്ടിക്കുറയ്ക്കാതെ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ നിര്‍മിക്കാമെന്ന് സര്‍കാര്‍ തീരുമാനിച്ചിരുന്നു. ഒരു മാസം മുന്‍പ് എഴുതി നല്‍കിയ ചോദ്യത്തിന് ഇപ്പോള്‍ വന്ന മറുപടിയില്‍ ഇത് ഉള്‍പ്പെടാതെ പോയതാണെന്നും എം പി ചൂണ്ടിക്കാട്ടി.
Keywords: Central government says length of runway at Karipur airport should be shortern, New Delhi, News, Karipur Airport, Parliament, Protection, Passengers, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.