'ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിവിടുന്നത് തടഞ്ഞ് മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പു വരുത്തണം'; യുപിക്കും ബിഹാറിനും കേന്ദ്രനിര്‍ദേശം
May 17, 2021, 12:04 IST
ന്യൂഡെല്‍ഹി: (www.kvartha.com 17.05.2021) ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിവിടുന്നത് തടഞ്ഞ് മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന് യുപിക്കും ബിഹാറിനും നിര്‍ദേശവുമായി കേന്ദ്ര സര്‍കാര്‍. ഇതുവരെ ഗംഗയിലും പോഷക നദിയിലും ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കി.
നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നത് സംബന്ധിച്ച് ക്ലീന്‍ ഗംഗ ദേശീയ കമീഷന്‍ ഡയറക്ടര്‍ രാജീവ് രാജന്‍ മിത്ര ജില്ലാ മജിസ്ട്രേറ്റുകള്‍ക്ക് കത്തെഴുതിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വേഗത്തില്‍ നടപടികള്‍ ഉണ്ടായതും യോഗം വിളിച്ചതും. ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കുന്നതും തീരത്ത് സംസ്‌കരിക്കുന്നതും ഒരിക്കലും ആഗ്രഹിക്കാത്തതാണെന്നും ജാഗ്രത പുലര്‍ത്തേണ്ടുന്നതുമാണെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മെയ് 15, 16 തീയതികളില്‍ നടന്ന അവലോകന യോഗത്തിലാണ് കേന്ദ്ര ജല ശക്തി വകുപ്പിന് കീഴിലെ നമാമി ഗംഗെ മിഷന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. മൃതദേഹങ്ങള്‍ ഒഴുകിയ പശ്ചാത്തലത്തില്‍ നദികളിലെ വെള്ളം പരിശോധിക്കാന്‍ കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഗാസിപുര്‍, ഉന്നാവ്, കാണ്‍പുര്‍, ബലിയ ബിഹാറിലെ ബക്സര്‍, സരണ്‍ എന്നിവിടങ്ങളിലാണ് ഗംഗാ നദിയിലൂടെയുള്ള മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഒഴുക്കിവിടുന്നതെന്ന് ബിഹാര്‍ ആരോപിച്ചിരുന്നെങ്കിലും യുപി ഇക്കാര്യം നിഷേധിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.