Oath Ceremony | ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു അധികാരമേറ്റു; വേദിയില്‍ സാക്ഷിയായി പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖര്‍
ഇത് നാലാം തവണയാണ് ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രി പദം ചന്ദ്രബാബു നായിഡു ഏറ്റെടുക്കുന്നത്
പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന
വിജയവാഡ: (KVARTHA) ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു അധികാരമേറ്റു. ഇത് നാലാം തവണയാണ് ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയായി തെലുഗുദേശം പാര്‍ടി (ടിഡിപി) നേതാവ് ചന്ദ്രബാബു നായിഡു അധികാരമേല്‍ക്കുന്നത്. വിജയവാഡയിലെ കേസരപള്ളി ഐടി പാര്‍കിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
ജനസേനാ നേതാവും നടനുമായ പവന്‍ കല്യാണും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. അദ്ദേഹം ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടതായുള്ള റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നാരാ ലോകേഷും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നായിഡുവിനും പവന്‍ കല്യാണിനും പിന്നാലെ മൂന്നാമനായാണ് ലോകേഷിന്റെ സത്യപ്രതിജ്ഞ. ആകെ 24 പേര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
#WATCH | Vijayawada: Andhra Pradesh Chief Minister, N Chandrababu Naidu hugs Prime Minister Narendra Modi, after taking the oath. pic.twitter.com/35NLmYvF0q
— ANI (@ANI) June 12, 2024
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ജെപി നഡ്ഡ, ശിവസേനാ നേതാവ് ഏക് നാഥ് ഷിന്‍ഡെ, സിനിമാതാരങ്ങളായ ചിരഞ്ജീവി, നന്ദമുരി ബാലകൃഷ്ണ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാച്ചടങ്ങില്‍ സംബന്ധിച്ചു.
ആന്ധ്ര നിയമസഭ കക്ഷിനില
ആകെ സീറ്റ് -175
ടിഡിപി -135
ജനസേന- 21
വൈ എസ് ആര്‍ - 11
ബിജെപി - 8