Chandrayaan-3 | ഭൂമിയുടെ ഭ്രമണപഥം വിട്ടു; നിര്‍ണായകഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ 3; രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ് 23ന്
Aug 1, 2023, 08:40 IST
ചെന്നൈ: (www.kvartha.com) ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ചന്ദ്രയാന്‍ 3 പേടകത്തെ ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്കെത്തിക്കുന്ന 'ട്രാന്‍സ്ലൂണാര്‍ ഇന്‍ജക്ഷന്‍' ഇസ്‌റോ തിങ്കളാഴ്ച രാത്രി പൂര്‍ത്തിയാക്കി. ഭൂഗുരുത്വ വലയം ഭേദിച്ച് ചന്ദ്രന്റെ അടുത്തേക്കുള്ള യാത്രയ്ക്ക് തുടക്കമിടുന്ന പ്രക്രിയയാണിത്.
ചാന്ദ്രഭ്രമണപഥത്തിലേക്കുള്ള പ്രവേശനം (ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍സേര്‍ഷന്‍) ആണ് അടുത്ത നിര്‍ണായക ഘട്ടം. ഓഗസ്റ്റ് 5 നായിരിക്കും ഇത്. ഇനി 5 ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ട്രി എന്ന പഥത്തിലാണ് ദൗത്യം സഞ്ചരിക്കുക.
നാല് ലക്ഷം കിലോമീറ്ററിന് അടുത്ത് ദൂരമാണ് പേടകം ചന്ദ്ര ഭ്രമണപഥത്തില്‍ എത്താന്‍ സഞ്ചരിക്കേണ്ടത്. ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാല്‍ പ്രൊപല്‍ഷന്‍ മൊഡ്യൂളും ലാന്‍ഡറും തമ്മില്‍ വേര്‍പെടും. ആഗസ്റ്റ് 17നായിരിക്കും ഇത് നടക്കുക.
ഓഗസ്റ്റ് 23നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ്ങ്. അഞ്ച് ഭ്രമണപഥങ്ങളിലൂടെ താഴോട്ടിറങ്ങിയ ശേഷം വൈകിട്ട് 5.47ന് ചന്ദ്രോപരിതലത്തില്‍ ലാന്‍ഡര്‍ ഇറങ്ങും.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മാന്‍സിനസ് യു ഗര്‍ത്തത്തിന് അടുത്താണ് ചന്ദ്രയാന്‍ ലാന്‍ഡര്‍ ഇറങ്ങാന്‍ പോകുന്നത്. ലാന്‍ഡിങ്ങ് കഴിഞ്ഞാല്‍ റോവര്‍ പുറത്തേക്ക് വരും. ലാന്‍ഡറിലെ ശാസ്ത്ര ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകല്‍ നേരമാണ് ലാന്‍ഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി. ആ 14 ദിവസം കൊണ്ട് പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.
മുന്‍ ചന്ദ്രയാന്‍ ദൗത്യങ്ങളില്‍ ഈ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ അനുഭവസമ്പത്താണ് ഇത്തവണ ഇസ്രൊ (ISRO)യുടെ ആത്മവിശ്വാസം കൂട്ടുന്നത്.
Keywords: News, National, National-News, Technology, Technology-News, Chandrayaan-3, Earth, Orbit, Moon, Chandrayaan-3 successfully leaves Earth's orbit, heads towards Moon.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.