Gift | 'ജീവനക്കാരാണ് ഞങ്ങളുടെ ഏറ്റവും വലിയ ആസ്തി'; ചെന്നൈയിലെ കമ്പനി സമ്മാനമായി നല്‍കിയത് ബെന്‍സ് ഉള്‍പ്പെടെയുള്ള 28 കാറുകളും 29 ബൈക്കുകളും
● വിവാഹ സമയത്ത് സഹായധനവും നല്‍കുന്നു
● ആ തുക 50,000 ല്‍ നിന്നും ഒരു ലക്ഷമായി വര്‍ധിപ്പിച്ചു
● ഇനിയും സമ്മാനങ്ങള്‍ നല്‍കുന്നത് തുടരുമെന്ന് സ്ഥാപന മേധാവി
ചെന്നൈ: (KVARTHA) ഒരു കമ്പനിയുടെ ഉയര്‍ച്ചയ്ക്ക് ജീവനക്കാരുടെ അധ്വാനം വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ അവരെ കമ്പനിയില്‍ നിലനിര്‍ത്താന്‍ പ്രതീക്ഷിക്കുന്ന ശമ്പളവും ഉത്സവ കാലങ്ങളില്‍ ബോണസും അടക്കം നല്‍കേണ്ടതുണ്ട്. ഇത്തരത്തില്‍ പല കമ്പനികളും തങ്ങളുടെ ജീവനക്കാരെ സ്ഥാപനങ്ങളില്‍ സോപ്പിട്ട് നിര്‍ത്താറുമുണ്ട്.
അത്തരത്തില്‍ ജീവനക്കാരുടെ ആത്മവീര്യം ഉയര്‍ത്താനായി വിലയേറിയ സമ്മാനങ്ങള്‍ കൊണ്ട് സന്തോഷിപ്പിച്ചിരിക്കുകയാണ് ചെന്നൈയിലെ 'ടീം ഡീറ്റെയ്‌ലിങ് സൊല്യൂഷന്‍സ്' എന്ന സ്വകാര്യ കമ്പനി. 28 കാറുകളും 29 ബൈക്കുകളുമാണ് കമ്പനി തങ്ങളുടെ ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കിയത്. ഇതില്‍ ബെന്‍സ്, ഹ്യൂണ്ടായ്, ടാറ്റ, മാരുതി തുടങ്ങിയ കമ്പനികളുടെ കാറുകളും ഉണ്ട്. ജീവനക്കാരുടെ കഠിനാധ്വാനത്തിനുള്ള സമ്മാനമായാണ് ഇവ നല്‍കിയതെന്നും ഇനിയുടെ ഇത്തരം സമ്മാനങ്ങള്‍ നല്‍കുന്നത് തുടരുമെന്നും കമ്പനി മേധാവി ശ്രീധര്‍ കണ്ണന്‍ പറഞ്ഞു.
കമ്പനി മേധാവിയുടെ വാക്കുകള്‍:
കമ്പനിയെ വിജയത്തിലേക്ക് നയിക്കുന്ന ഞങ്ങളുടെ ജീവനക്കാരുടെ പരിശ്രമങ്ങളെ അഭിനന്ദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ജീവനക്കാരാണ് ഞങ്ങളുടെ ഏറ്റവും വലിയ ആസ്തിയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. 180 ഓളം ജീവനക്കാരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ നിന്നും കൂടുതല്‍ പ്രയത്‌നശാലികളെ തിരഞ്ഞെടുക്കുന്നു. ഒരു കാറോ ബൈക്കോ വാങ്ങുക എന്നത് ജീവനക്കാര്‍ക്ക് തങ്ങളുടെ സ്വപ്നമാണ്. അതുകൊണ്ട് ഞങ്ങള്‍ അത് സമ്മാനമായി നല്‍കുന്നു. 2022 ല്‍ ഞങ്ങളുടെ രണ്ട് മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ക്ക് ഞങ്ങള്‍ കാര്‍ സമ്മാനിച്ചു. ഇന്ന് 28 കാറുകള്‍ സമ്മാനിക്കുന്നു- എന്നാണ് മേധി പറഞ്ഞത്.
വിവാഹ സമയത്ത് സഹപ്രവര്‍ത്തകന് സഹായമായി നല്‍കുന്ന തുക 50,000 ത്തില്‍ നിന്ന് ഒരു ലക്ഷമായി ഉയര്‍ത്തിയെന്നും മേധാവി അറിയിച്ചു. ജീവനക്കാരുടെ മനോവീര്യം ഉയര്‍ത്താനും മോട്ടിവേഷന്‍ നല്‍കാനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും ഈ സമ്മാനങ്ങള്‍ സഹായിക്കുമെന്ന വിശ്വാസവും മേധാവി പങ്കുവെച്ചു.
#EmployeeGifts #ChennaiBusiness #CorporateRewards #CarsAndBikes #EmployeeBenefits #TeamMotivation