തലമുടി വളരാന്‍ ശസ്ത്രക്രിയക്ക് വിധേയനായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു, ഡോക്ടര്‍മാര്‍ ഒളിവില്‍

 


ചെന്നൈ: (www.kvartha.com 09.06.2016) തലമുടി വളരാനുള്ള ശസ്ത്രക്രിയക്ക് വിധേയനായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. മദ്രാസ് മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും ചെന്നൈ സ്വദേശിയുമായ സന്തോഷ്(22) ആണ് സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. അതേസമയം സന്തോഷിന്റെ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ രണ്ട് ഡോക്ടര്‍മാര്‍ ഇപ്പോള്‍ ഒളിവിലാണ്. ചെന്നൈയിലെ അഡ്വാന്‍സ്ഡ് റോബോട്ടിക് ഹെയര്‍ ട്രാന്‍സ്പഌന്റ് സെന്ററിലാണ് ശസ്ത്രക്രിയ നടത്തിയത്.

സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ കേന്ദ്രം പൂട്ടി സീല്‍ ചെയ്തു. ഇവിടെ നിന്നും അനധികൃതമായി ലൈസന്‍സില്ലാതെ സൂക്ഷിച്ച മരുന്നുകളുടെ വലിയ ശേഖരവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

തലയില്‍ അല്‍പം കഷണ്ടിയുണ്ടായതിനെ തുടര്‍ന്ന് സന്തോഷ് മാനസിക സംഘര്‍ഷത്തിലായിരുന്നു. ഇതോടെ ശസ്ത്രകിയക്ക് വിധേയനാകാന്‍ തീരുമാനിക്കുകയും ചെയ്തു. പത്ത് മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ ഏകദേശം 1,200ഓളം മുടിയിഴകള്‍ വെച്ചുപിടിപ്പിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞയുടന്‍ തന്നെ സന്തോഷിന് പനി ബാധിക്കുകയും പിന്നീട് നില വഷളായതോടെ മരണം സംഭവിക്കുകയുമായിരുന്നുവെന്ന് സന്തോഷിന്റെ മാതാവും നഴ്‌സുമായ പി. ജോസ്ബീന്‍ പറഞ്ഞു.

അതേസമയം അഡ്വാന്‍സ്ഡ് റോബോട്ടിക് ഹെയര്‍ ട്രാന്‍സ്പ്‌ളാന്റ് സെന്ററില്‍ ശസ്ത്രക്രിയ നടത്തിയത് ഡോക്ടര്‍മാരല്ലെന്നും ഏറെ സങ്കീര്‍ണമായ ശസ്ത്രക്രിയ ആരംഭിച്ചയുടന്‍ തന്നെ അനസ്‌തേഷ്യസ്റ്റ് സ്ഥലം വിട്ടിരുന്നുവെന്നും സന്തോഷിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. ഇത്തരം ശസ്ത്രക്രിയയിലൂടെ ദിനംപ്രതി അമ്പതോ അറുപതോ ലക്ഷം രൂപ സമ്പാദിക്കുന്ന ഇവര്‍ക്ക് പണമുണ്ടാക്കുക മാത്രമാണ് ലക്ഷ്യം. മനുഷ്യ ജീവന് ഇവര്‍ വില കല്‍പ്പിക്കുന്നില്ലെന്നും മാതാപിതാക്കള്‍ കുറ്റപ്പെടുത്തി.

അതിനിടെ ട്രാന്‍സ്പ്‌ളാന്റ് സെന്ററിന് നല്‍കിയ ലൈസന്‍സ് രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് അവസാനിച്ചിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. ശസ്ത്രക്രിയ നടത്തിയവര്‍ യോഗ്യതയുള്ള ഡോക്ടര്‍മാരാണെന്നും അന്വേഷണ സംഘം അറിയിച്ചു. ഇതിലൊരാള്‍ ചൈനയില്‍ നിന്നുമാണ് മെഡിക്കല്‍ ഡിഗ്രി സമ്പാദിച്ചത്. എന്നാല്‍, എന്തെങ്കിലും രീതിയിലുള്ള അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ അത് പരിഹരിക്കാനാവശ്യമായ ഒരു സംവിധാനങ്ങളും സെന്ററില്‍ ഉണ്ടായിരുന്നില്ല.

പുണെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ സെന്ററിന് ഏഴ് നഗരങ്ങളിലായി 17 കേന്ദ്രങ്ങളുണ്ടെന്ന് പോലീസ് അറിയിച്ചു. ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. സെന്ററിന്റെ ഉടമസ്ഥര്‍ക്കെതിരെ മെഡിക്കല്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
തലമുടി വളരാന്‍ ശസ്ത്രക്രിയക്ക് വിധേയനായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു, ഡോക്ടര്‍മാര്‍ ഒളിവില്‍

Also Read: 
ഭര്‍തൃമതിയെയും മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെയും കാണാതായി

Keywords:  Chennai Medical Student Dies After Hair Transplant Surgery, Santhosh, Hospital, Treatment, Doctor, Parents, Allegation, Police, Nurse, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia