Farmers to protest | വീണ്ടും ചർചയാക്കി കൊടൈക്കനാൽ - മൂന്നാർ എസ്‌കേപ് റോഡ് അടച്ചിടൽ; കേരളത്തിനെതിരെ തമിഴ്‌നാട് കർഷകർ സമരത്തിനൊരുങ്ങുന്നു

 


/ അജോ കുറ്റിക്കൻ

തേനി (തമിഴ്നാട്): (www.kvartha.com)
കൊടൈക്കനാൽ - മൂന്നാർ എസ്‌കേപ് റോഡ് കേരള സർകാർ അകാരണമായി അടച്ച് തമിഴ് വംശജരെ ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് കേരളത്തിനെതിരെ തമിഴ്‌നാട് കർഷകർ സമരത്തിനൊരുങ്ങുന്നു. 2015 സെപ്റ്റംബറിൽ മൂന്നാറിൽ പെമ്പിളൈ ഒരുമൈ സമരത്തിന്റെ സൂത്രധാരനായ ചെങ്കോട്ട സ്വദേശി എസ് അൻവർ ബാലശിങ്കത്തിന്റെ നേതൃത്വത്തിലാണ് വംശീയ വാദമുയർത്തി കേരളത്തിൽ വീണ്ടും സമരത്തിന് നീക്കം നടത്തുന്നതെന്നാണ് വിവരം.
  
Farmers to protest | വീണ്ടും ചർചയാക്കി കൊടൈക്കനാൽ - മൂന്നാർ എസ്‌കേപ് റോഡ് അടച്ചിടൽ; കേരളത്തിനെതിരെ തമിഴ്‌നാട് കർഷകർ സമരത്തിനൊരുങ്ങുന്നു

ഇടുക്കി ജില്ലയിലെ വട്ടവട, കോവിലൂർ, ക്ലാവേരി, മന്നവനൂർ, പൂണ്ടി തുടങ്ങിയ സ്ഥലങ്ങളിലെ താമസക്കാരായ തമിഴ് വംശജരെ അണിനിരത്തി കേരള സെക്രടേറിയേറ്റ് ഉപരോധിക്കുന്നതടക്കമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതെന്നാണ് വിവരം. സമര പരിപാടികൾ സംബന്ധിച്ച ആലോചനകൾ നടന്നതും ഇവിടം കേന്ദ്രീകരിച്ചാണ്. ഇതിനോടകം നിരവധി തവണ അൻവർ ബാലശിങ്കവും കൂട്ടാളികളും മൂന്നാറിലും പരിസര പ്രദേശങ്ങളിലും സന്ദർശനം നടത്തിയെന്നാണ് റിപോർട്. ബന്ധു വീടുകളിലും എസ്റ്റേറ്റ് ലയങ്ങളിലും തമ്പടിച്ചാണ് കേരള വിരുദ്ധ പ്രചാരണം അഴിച്ചു വിട്ടതെന്നും കഴിഞ്ഞ ദിവസവും മൂന്നാറിന് പുറമെ പീരുമേട്, വണ്ടിപ്പെരിയാർ മേഖലകളിലും ഇയാൾ എത്തിയിരുന്നതായുമാണ് അറിയുന്നത്.

മുല്ലപ്പെരിയാർ വിഷയത്തിന് പിന്നാലെ കേരളത്തിൽ തമിഴ് ജനത ഏറെയുള്ള ദേവികുളം, പീരുമേട്, ഉടുമ്പൻചോല താലൂകുകൾ തേനി ജില്ലയോട് കൂട്ടി ചേർക്കണമെന്ന ആവശ്യമുന്നയിച്ച് ഏതാനും ആഴ്ചകൾക്ക് മുമ്പ് പെരിയാർ - വൈഗ പാസന വ്യവസായ സംഘത്തിന്റെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തിയിരുന്നു. ഈ സംഘടനയുടെ കോ-ഓർഡിനേറ്റർ കൂടിയാണ് അൻവർ ബാലശിങ്കം. ഏറെ വർഷങ്ങളായി ഒളിഞ്ഞും തെളിഞ്ഞും തോട്ടം മേഖലയിൽ ഇയാളുടെ സാന്നിധ്യമുണ്ട്.

കേരള - തമിഴർ ഫെഡറേഷൻ എന്ന പേരിലായിരുന്നു ആദ്യ കാലത്തെ പ്രവർത്തനം. കേരളത്തിൽ തമിഴ് വംശജർ കടുത്ത അനീതിയാണ് നേരിടുന്നതെന്ന് വരുത്തുന്ന വിധത്തിൽ ഡോക്യുമെന്ററികളും ഇയാൾ നിർമിച്ച് പ്രചരിപ്പിച്ചിരുന്നു. മുല്ലപ്പെരിയാറിന്റെ പേരിൽ കേരളത്തിൽ നിന്ന് തന്നെ കേരളത്തിന് എതിരെ പ്രതിക്ഷേധമുയർത്തുമെന്ന് ഇയാൾ നേരത്തെ പ്രഖ്യപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ സമര പ്രഖ്യാപനമെന്നാണ് റിപോർടുകൾ. കേരള വിരുദ്ധ വികാരം ആളിക്കത്തിച്ച് അതിർത്തി പ്രദേശങ്ങളിലെ തമിഴരെ ഏകോപിക്കുന്നതിനായാണ് എസ്‌കേപ് റോഡ് വിഷയവുമായി രംഗത്ത് വന്നതെന്നാണ് അറിയുന്നത്.

വട്ടവട, കോവിലൂർ, കൊട്ടക്കമ്പൂർ തുടങ്ങി 28 മലയോര ഗ്രാമങ്ങളിൽ താമസിക്കുന്ന തമിഴ് കർഷകരായിരുന്നു ഈ പാത അധികവും ഉപയോഗിച്ചിരുന്നത്. പാത നിർമിക്കുന്നതിന് മുമ്പുതന്നെ തങ്ങളുടെ കാർഷിക ഉൽപന്നങ്ങൾ കുതിര വണ്ടികളിലും കഴുത പുറത്തുമായി കൊടൈക്കനാലിലെത്തിച്ച് ഇവർ കച്ചവടം നടത്തിവന്നിരുന്നു. 1944 ലെ രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിടീഷുകാർ കൊടൈക്കനാലിൽ ധാരാളമായി താമസിച്ചിരുന്നു. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ ജപാൻ ചെന്നൈയിൽ അണുബോംബ് വർഷിക്കുമെന്ന അഭ്യൂഹമുണ്ടായതിനെ തുടർന്ന് അന്ന് ചെന്നൈയിലുണ്ടായിരുന്ന ബ്രിടീഷ് ഉദ്യോഗസ്ഥർ തങ്ങളുടെ രാജ്യത്തേക്ക് രക്ഷപ്പെടാൻ രഹസ്യ വഴി തിരഞ്ഞെടുത്തത് ഈ പാതയയായിരുന്നു. അങ്ങനെയാണ് എസ്കേപ് റോഡ് എന്ന പേര് വീണത്.
  
Farmers to protest | വീണ്ടും ചർചയാക്കി കൊടൈക്കനാൽ - മൂന്നാർ എസ്‌കേപ് റോഡ് അടച്ചിടൽ; കേരളത്തിനെതിരെ തമിഴ്‌നാട് കർഷകർ സമരത്തിനൊരുങ്ങുന്നു

രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷവും ഈ റോഡ് ഉപയോഗത്തിലുണ്ടായിരുന്നു. എന്നാൽ 1956ലെ ഭാഷാപരമായ വിഭജനത്തെ തുടർന്ന് വട്ടവടയെയും കോവിലൂരിനെയും കേരളവുമായി ബന്ധിപ്പിച്ചതോടെ അവസരം മുതലെടുത്ത മലയാളികൾ എസ്കേപ് റോഡ് തങ്ങളുടെ നിയന്ത്രണത്തിലാക്കുകയായിരുന്നുവെന്നാണ് തമിഴ് കർഷകരുടെ ആരോപണം.

ദേവികുളം താലൂകിൽ ഇതിനകം തമിഴർ ആധിപത്യം പുലർത്തിയിരുന്നത് മനസിലാക്കിയ ഭരണക്കൂടം കൊടൈക്കനാലിൽ നിന്ന് പടിഞ്ഞാറോട്ട് നീങ്ങാൻ തമിഴരെ അനുവദിച്ചില്ല. എസ്റ്റേറ്റുകളിൽ കൃത്രിമമായി സമരങ്ങൾ നടത്തി തോട്ടങ്ങൾ അടച്ചുപൂട്ടിച്ചതിലൂടെ ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട് താലൂകുകളിൽ നിന്ന് തമിഴരെ ക്രമേണ പുറത്താക്കുകയായിരുന്നു കേരള സർകാർ ലക്ഷ്യമിട്ടത്. മൂന്നാർ മേഖലയിലെ തമിഴരെ ദ്രോഹിക്കണമെന്ന ലക്ഷ്യത്തോടെ 2003-ൽ എസ്കേപ് റോഡ് അടച്ച് ദേശീയോദ്യാനമായി പ്രഖ്യാപിച്ചതെന്നാന്ന് അൻവർ ബാലശിങ്കം ആരോപിക്കുന്നത്.
  
Farmers to protest | വീണ്ടും ചർചയാക്കി കൊടൈക്കനാൽ - മൂന്നാർ എസ്‌കേപ് റോഡ് അടച്ചിടൽ; കേരളത്തിനെതിരെ തമിഴ്‌നാട് കർഷകർ സമരത്തിനൊരുങ്ങുന്നു

നേരത്തെ ഇതുവഴിയുള്ള യാത്ര തടഞ്ഞ കേരള സർകാർ, ടോപ് സ്റ്റേഷൻ കടന്ന് തമിഴ്‌നാടിനെ കേരളവുമായി ബന്ധിപ്പിക്കുന്ന എസ്‌കേപ് റോഡിൽ ഇരുമ്പ് പൈപ് സ്ഥാപിച്ച് ഇരുവശത്തുമുള്ള തമിഴർ യാത്ര ചെയ്യുന്നത് തടഞ്ഞിരിക്കുന്നു. നിലവിൽ കേരള വനം വകുപ്പിൽ നിന്ന് വലിയ പീഡനം നേരിടുന്നുവെന്നും ഇവർ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia