'സുരക്ഷാ പ്രശ്നങ്ങള്‍ വഷളാകുന്നു, എത്രയും പെട്ടെന്ന് നാട്ടില്‍ തിരിച്ചെത്തണം'; താലിബാന്‍ ആക്രമണം കടുപ്പിച്ചതോടെ അഫ്ഗാനിലെ ഇന്‍ഡ്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
Aug 11, 2021, 13:41 IST
ന്യൂഡെല്‍ഹി: (www.kvartha.com 11.08.2021) താലിബാന്‍ ആക്രമണം കടുപ്പിച്ചതോടെ അഫ്ഗാനിലെ ഇന്‍ഡ്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. അഫ്ഗാനിലുള്ള ഇന്‍ഡ്യന്‍ പൗരന്മാരോട് എത്രയും വേഗം തിരിച്ചെത്താന്‍ കേന്ദ്ര സര്‍കാര്‍ ആവശ്യപ്പെട്ടു. മസാരി ഷരിഫ് നഗരം പിടിച്ചെടുക്കാനായി താലിബാന്‍ ആക്രമണം കടുപ്പിച്ചതോടെയാണ് ഇന്‍ഡ്യ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
അഫ്ഗാനിലെ സുരക്ഷാ പ്രശ്നങ്ങള്‍ വഷളാകുകയാണെന്നും എത്രയും പെട്ടെന്ന്, വാണിജ്യ വ്യോമഗതാഗതം നിര്‍ത്തലാക്കും മുമ്പ് തിരിച്ചെത്തണമെന്നുമാണ് ഇന്‍ഡ്യ ആവശ്യപ്പെട്ടത്. ജൂണിന് ശേഷം മൂന്നാം തവണയാണ് ഇന്‍ഡ്യ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. നിരവധി ഇന്‍ഡ്യന്‍ സ്ഥാപനങ്ങളിലും വിദേശ സ്ഥാപനങ്ങളിലുമായി നിരവധി ഇന്‍ഡ്യക്കാര്‍ അഫ്ഗാനില്‍ ജോലി ചെയ്യുന്നുണ്ട്.
തൊഴിലാളികളെ സുരക്ഷിതരാക്കാന്‍ ഇന്‍ഡ്യന്‍ എംബസി സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 1500ഓളം ഇന്‍ഡ്യന്‍ പൗരന്മാര്‍ അഫ്ഗാനിലുണ്ടെന്നാണ് കണക്ക്. അഫ്ഗാനിലെ ഇന്‍ഡ്യന്‍ മാധ്യമപ്രവര്‍ത്തകരോടും തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
താലിബാന്‍ ആക്രമണത്തെ തുടര്‍ന്ന് മസാരി ഷരിഫില്‍ നിന്ന് ആയിരങ്ങള്‍ ഒഴിഞ്ഞുപോകുന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. നഗരത്തിലുള്ള ഇന്‍ഡ്യന്‍ പൗരന്മാരെ അഫ്ഗാന്‍ സര്‍കാര്‍ കുടിയൊഴിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സ്വാധീനം പിടിമുറുക്കുകയാണ്. രാജ്യത്തിന്റെ 65 ശതമാനം പ്രദേശങ്ങളും താലിബാന്‍ നിയന്ത്രണത്തിലായെന്നാണ് റിപോര്‍ട്. കഴിഞ്ഞ ബഗ്ലാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ പുലെ ഖുംരി താലിബാന്‍ പിടിച്ചെടുത്തു. ഏഴാമത്തെ പ്രവിശ്യ തലസ്ഥാനമാണ് താലിബാന്‍ പിടിച്ചെടുക്കുന്നത്.
ഏകദേശം 60000ത്തോളം കുടുംബങ്ങളാണ് പല പ്രവിശ്യകളില്‍ നിന്നുമായി താലിബാന്‍ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ടത്. അഫ്ഗാനില്‍ നിന്ന് അമേരിക സൈന്യത്തെ പിന്‍വലിച്ചതോടെയാണ് താലിബാന്‍ പിടിമുറുക്കിയത്. ഈ മാസത്തോടെ അമേരികയുടെ പിന്മാറ്റം പൂര്‍ണമാകും.
അഫ്ഗാനിസ്ഥാനിലെ ജനാധിപത്യം സംരക്ഷിക്കുന്നതാനായി പ്രാദേശിക മിലിറ്റന്റ് ഗ്രൂപുകളുടെ സഹായം പ്രസിഡന്റ് അശ്റഫ് ഗനി തേടിയിരുന്നു. താലിബാനെ തടയണമെന്ന് അദ്ദേഹം പൗരന്മാരോട് ആഹ്വാനം ചെയ്തു. ഐബാക് മേഖലയില്‍ സര്‍കാര്‍ കാര്യാലയങ്ങള്‍ ലക്ഷ്യംവച്ചാണ് താലിബാന്‍ നീങ്ങുന്നത്. പല പ്രവിശ്യകളില്‍ നിന്നും ആളുകള്‍ തലസ്ഥാനമായ കാബൂളിലേക്ക് കുടിയേറി തുടങ്ങി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.