Allegation | ഹരിയാനയില്‍ ജാട്ടും ജിലേബിയും കോണ്‍ഗ്രസിന് തുണയായില്ല; രാഹുല്‍ ഗാന്ധി പറഞ്ഞ ആ മധുരം വാങ്ങി വിതരണം ചെയ്ത് കണക്കിന് പരിഹസിച്ച് ബിജെപി
● ഫലം വന്നതോടെ ആയുധമായത് ബിജെപിക്ക്
● രാഹുലിനും കോണ്‍ഗ്രസിനും കൃത്യമായ രാഷ്ട്രീയ സന്ദേശവും നല്‍കി
ചണ്ഡീഗഢ്: (KVARTHA) ഹരിയാന തിരഞ്ഞെടുപ്പ് ഗോദയിലെ രണ്ട് പ്രധാന വാക്കുകളായിരുന്നു ജാട്ടും ജിലേബിയും. എന്നാല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആ രണ്ട് വാക്കുകളും തിരഞ്ഞെടുപ്പില്‍ തുണയായില്ല. സംസ്ഥാനത്തെ തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കുമെന്ന് കരുതിയാണ് ഇവ രണ്ടും രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എടുത്തിട്ടത്. ഇവ ഉപയോഗിച്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് നേരെയുള്ള ബിജെപിയുടെ കടന്നാക്രമണം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹരിയാനയിലെ ഗോഹനയിലെ പ്രസിദ്ധമായ ജിലേബിയേക്കുറിച്ച് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചിരുന്നു. ജിലേബിയിലൂടെ നല്ല തൊഴില്‍ സാധ്യത ഉണ്ടെന്നായിരുന്നു നേതാവിന്റെ കണ്ടെത്തല്‍. ജിലേബി വന്‍തോതില്‍ ഉണ്ടാക്കി സംസ്ഥാനത്തിന് പുറത്തേക്ക് കയറ്റി അയക്കുന്നതിനേക്കുറിച്ചും അതുവഴിയുണ്ടാകുന്ന തൊഴില്‍ സാധ്യതകളേക്കുറിച്ചുമായിരുന്നു രാഹുല്‍ സംസാരിച്ചത്. അന്ന് തന്നെ ഇതിനെതിരെ ബിജെപി പരിഹാസവുമായി രംഗത്തെത്തിയിരുന്നു.
വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരികയും അനുകൂല നിലപാട് ഉണ്ടാവുകയും ചെയ്തതോടെ ഈ ജിലേബി ഉപയോഗിച്ച് കോണ്‍ഗ്രസ് ഡെല്‍ഹിയില്‍ വിജയാഘോഷം നടത്തിയിരുന്നു. ജിലേബി വിതരണം ചെയ്തുകൊണ്ടായിരുന്നു ആഘോഷം. എന്നാല്‍ അതിന് അധികനേരം ആയുസുണ്ടായിരുന്നില്ല. ഫലം ബിജെപിക്ക് അനുകൂലമാവുകയും കോണ്‍ഗ്രസ് ആഘോഷം നിര്‍ത്തിവയ്ക്കുകയുമായിരുന്നു.
കോണ്‍ഗ്രസിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിക്കൊണ്ട്, ജിലേബി തന്നെ വാങ്ങി വിതരണം ചെയ്ത് തൊട്ടുപിന്നാലെ ബിജെപി ആസ്ഥാനത്ത് ആഘോഷവും ആരംഭിച്ചു. വിജയാഘോഷത്തിന് ജിലേബി വാങ്ങിയതിലൂടെ കൃത്യമായ രാഷ്ട്രീയ സന്ദേശവും കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും നല്‍കുകയായിരുന്നു ബിജെപി.
മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതേ ഗോഹനാ ജിലേബിയെ കുറിച്ച് പ്രസംഗിച്ചിരുന്നു. അധികാരത്തിലെത്തിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് പ്രധാനമന്ത്രിമാരുണ്ടാകുമെന്ന ഫോര്‍മുല പ്രതിപക്ഷത്തിനുണ്ടെന്നാണ് അന്ന് ഇന്ത്യാ സഖ്യത്തിന് നേരെയുള്ള മോദിയുടെ കടന്നാക്രമണം. പ്രധാനമന്ത്രി സ്ഥാനമെന്നത് മാഥു റാമിന്റെ ജിലേബിയാണോ എന്നും പ്രധാനമന്ത്രി അന്ന് ചോദിച്ചിരുന്നു.
1958-ലാണ് ഹരിയാനയില്‍ മാഥു റാം എന്നയാള്‍ ഗോഹന ജിലേബിയുടെ നിര്‍മാണം ആരംഭിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോള്‍ കൊച്ചുമക്കളാണ് വ്യാപാരം മുന്നോട്ടുകൊണ്ടുപോവുന്നത്.
#HaryanaElections, #RahulGandhi, #BJPVictory, #JalebiComment, #CongressFailure, #PoliticalSatire