Digvijay Singh | കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മത്സരിക്കുമെന്ന് വ്യക്തമാക്കി ദിഗ് വിജയ് സിംഗ്; പത്രിക വെള്ളിയാഴ്ച സമര്‍പ്പിക്കും

 


ന്യൂഡെല്‍ഹി: (www.kvartha.com) ഒടുവില്‍ ഏറെ നേരത്തെ ചര്‍ചകള്‍ക്ക് ശേഷം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തിരുവനന്തപുരം എം പി ശശി തരൂരിന് ഒരു എതിരാളിയായി. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗ് ആണ് തരൂരിന്റെ എതിരാളി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം അടുത്തിട്ടും തരൂരിനെ കൂടാതെ ആരും പത്രിക വാങ്ങിയിരുന്നില്ല.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയാണ് താന്‍ നാമനിര്‍ദേശ പത്രിക വാങ്ങിയതെന്ന് വ്യക്തമാക്കിയിരിക്കയാണ് ദിഗ് വിജയ് സിംഗ്. വ്യാഴാഴ്ചയാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക വാങ്ങിയത്. വെള്ളിയാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.

Digvijay Singh | കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മത്സരിക്കുമെന്ന് വ്യക്തമാക്കി ദിഗ് വിജയ് സിംഗ്; പത്രിക വെള്ളിയാഴ്ച സമര്‍പ്പിക്കും

രാവിലെ പി ചിദംബരവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ദിഗ് വിജയ് സിംഗ് നാമനിര്‍ദേശ പത്രിക വാങ്ങാനെത്തിയത്. ഹൈകമാന്‍ഡ് പ്രതിനിധിയായാണോ നാമനിര്‍ദേശ പത്രിക വാങ്ങിയതെന്ന ചോദ്യത്തോട് താന്‍ പ്രതിനിധീകരിക്കുന്നുവെന്നായിരുന്നു ദിഗ്വിജയ് സിംഗിന്റെ പ്രതികരണം. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും തന്റെ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിയായ 30 ന് പത്രിക സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച നടത്തിയ ശേഷമാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന റിപോര്‍ടുകളെ തള്ളാതെയുള്ള പ്രതികരണമായിരുന്നു ദിഗ്വിജയ് സിംഗിന്റേത്. ആരൊക്കെ മത്സരിക്കുമെന്ന കാര്യമറിയാന്‍ നാളെ വരെ കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജസ്താനിലുണ്ടായ രാഷ്ട്രീയ വിവാദങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.

അതേസമയം രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെലോടിനെ അധ്യക്ഷ സ്ഥാനാര്‍ഥിയാക്കുന്നതിന് കോണ്‍ഗ്രസില്‍ സമവായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. രാജസ്താനിലെ എംഎല്‍എമാരുടെ നീക്കം ഹൈകമാന്‍ഡും ഗെലോടുമായുള്ള ബന്ധത്തില്‍ താത്കാലിക വിള്ളല്‍ വീഴ്ത്തിയിരുന്നു. എന്നാല്‍ അധ്യക്ഷ പദവിയിലേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നത് ഒഴിവാക്കിയിട്ടില്ലെന്നും ഇപ്പോഴും ഗെലോട് തന്നെയാണ് മുഖ്യ പരിഗണനയില്‍ തുടരുന്നതെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഗെലോടുമായി സംസാരിക്കുന്നുണ്ട്.

വെള്ളിയാഴ്ച ഡെല്‍ഹിയിലെത്തുന്ന ഗെലോട് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ആശയവിനിമയത്തിലൂടെ മഞ്ഞുരുക്കമുണ്ടാകുമെന്നാണ് നേതാക്കള്‍ കരുതുന്നത്. എങ്കിലും നാടകീയ സംഭവങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങിയതിനാല്‍ ഗെലോടിന് ഒരു പദവി മാത്രമേ കൈകാര്യം ചെയ്യാനാകൂവെന്നതില്‍ ഹൈകമാന്‍ഡ് വിട്ടുവീഴ്ച ചെയ്യില്ല. ഡെല്‍ഹിയിലേക്ക് വരാനിരിക്കെ അടുപ്പക്കാരായ മന്ത്രിമാരുമായി ഗെലോട് ചര്‍ച നടത്തിയിരുന്നു.

Keywords: Congress presidential election: Digvijay Singh to file nomination papers on Friday, New Delhi, News, Politics, Congress, Trending, Election, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia