Conspiracy | ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണനെ പ്രതിയാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ 4 പ്രതികളുടെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കി; കേസ് വീണ്ടും കേരള ഹൈകോടതിയിലേക്ക്, 4 ആഴ്ചയ്ക്കകം ഹര്‍ജി തീര്‍പാക്കണമെന്ന് ആവശ്യം; അറസ്റ്റ് പാടില്ല
Dec 2, 2022, 12:27 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കുന്നതിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡെപ്യൂടി ഡയറക്ടര്‍ ആര്‍ ബി ശ്രീകുമാര്‍ ഉള്‍പെടെ നാലു പ്രതികളുടെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ വ്യക്തിഗതമായി പരിഗണിക്കുന്നതിനായി കേസ് വീണ്ടും കോടതി കേരള ഹൈകോടതിയിലേക്ക് മാറ്റി.
മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ പുതുതായി വാദംകേട്ട് തീരുമാനമെടുക്കാനും ഹൈകോടതിക്ക് നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നാലാഴ്ചയ്ക്കകം ഹര്‍ജി തീര്‍പാക്കണമെന്നും അഞ്ചാഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സുപ്രീം കോടതി വിധിക്കു പിന്നാലെ പ്രതികള്‍ ഹൈകോടതിയെ സമീപിച്ചു.
ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ പൊലീസ് ഉദ്യോഗസ്ഥരായ എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാദത്ത്, ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡപ്യെൂടി ഡയറക്ടര്‍ ആര്‍ ബി ശ്രീകുമാര്‍, മുന്‍ ഡെപ്യൂടി സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫിസര്‍ പിഎസ് ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദേശീയ പ്രാധാന്യമുള്ള കേസിലെ വസ്തുതകള്‍ കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രതികള്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതു ഗുരുതരമായ ആരോപണങ്ങളാണെന്നും സിബിഐ ആരോപിച്ചു.
നേരത്തെ നാലു പേര്‍ക്കും കേരള ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ വാചക കസര്‍ത്ത് അല്ലാതെ ഇവര്‍ക്കെതിരെ സൂചനയോ വസ്തുതയോ ഇല്ലെന്നായിരുന്നു ഹൈകോടതിയുടെ നിരീക്ഷണം. തുടര്‍ന്നാണു സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികള്‍ ജാമ്യത്തില്‍ കഴിയുന്നത് അന്വേഷണത്തിന്റെ വേഗത്തെ ബാധിക്കും. പല സാക്ഷികളും മൊഴി നല്‍കാന്‍ തയാറാകില്ലെന്നും സിബിഐ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍ ചില വസ്തുതകള്‍ കണക്കിലെടുക്കുന്നതില്‍ ഹൈകോടതിക്ക് വീഴ്ച പറ്റിയെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഗൂഢാലോചന കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രണ്ട് പതിറ്റാണ്ട് മുമ്പ് നടന്നതാണെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ജസ്റ്റിസ് ഡികെ ജയിന്‍ സമിതി നല്‍കിയ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം നടത്തിയത് എന്ന വസ്തുത ഹൈകോടതി കണക്കിലെടുക്കാത്തത് പിഴവാണെന്നായിരുന്നു ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ നിരീക്ഷണം. ഗൂഢാലോചനയ്ക്ക് പിന്നില്‍ വിദേശശക്തികള്‍ക്ക് പങ്കുണ്ടെന്ന സിബിഐയുടെ ആരോപണവും ഓരോ പ്രതികള്‍ക്ക് എതിരായ കേസിന്റെ വസ്തുതകളും ഹൈകോടതി കണക്കിലെടുത്തില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
നമ്പി നാരായണനും മറ്റ് ശാസ്ത്രജ്ഞര്‍ക്കും എതിരേ ചാരക്കേസ് രെജിസ്റ്റര്‍ ചെയ്തതിന് പിന്നില്‍ വിദേശശക്തികളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് സിബിഐയ്ക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജെനറല്‍ എസ് വി രാജു വാദിച്ചിരുന്നു. ആര്‍ബി ശ്രീകുമാറിന് വേണ്ടി കപില്‍ സിബലും സിബി മാത്യൂസിന് വേണ്ടി അഭിഭാഷകന്‍ ജോജി സ്‌കറിയയും പിഎസ് ജയപ്രകാശിന് വേണ്ടി അഭിഭാഷകന്‍ കാളീശ്വരം രാജുമാണ് ഹാജരായത്.
വിഎസ്എസ്‌സിയില്‍ കമാന്‍ഡന്റ് ആയിരുന്ന കാലം മുതല്‍ ആര്‍ബി ശ്രീകുമാറിനു തന്നെ അറിയാമായിരുന്നുവെന്നു നമ്പി നാരായണന്‍ മൊഴി നല്‍കിയിട്ടുണ്ട്. ബന്ധുവിനു ജോലി നല്‍കണമെന്ന ആവശ്യം നിരസിച്ചതിനാല്‍ തന്നോടു വ്യക്തിവൈരാഗ്യമുണ്ടായിരുന്നതായും മൊഴി രേഖപ്പെടുത്തിട്ടുണ്ട്. ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ ശ്രീകുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണു സിബിഐ നിലപാട്. ഗൂഢാലോചനക്കേസില്‍ ഏഴാം പ്രതിയാണ് ആര്‍ ബി ശ്രീകുമാര്‍. എസ് വിജയന്‍ ഒന്നാം പ്രതിയും, തമ്പി എസ് ദുര്‍ഗാദത്ത് രണ്ടാം പ്രതിയും, പിഎസ് ജയപ്രകാശ് പതിനൊന്നാം പ്രതിയുമാണ്.
Keywords: Supreme Court Setback For 4 Accused Of Allegedly Framing ISRO Scientist, New Delhi, News, ISRO, Supreme Court of India, Conspiracy, Trending, Bail plea, High Court of Kerala, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.