Controversy | തിരുപ്പതി ലഡുവിന്റെ അമ്പരപ്പിക്കുന്ന സവിശേഷതകൾ! ഏത് മൃഗത്തിൻ്റെ കൊഴുപ്പാണ് കണ്ടെത്തിയത്, എങ്ങനെയാണ് സംശയം ഉണ്ടായത്?
● തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന് ആരോപണം.
● സെപ്തംബർ 18ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപണം ഉന്നയിച്ചു.
● പ്രതിവർഷം 500 കോടി രൂപയാണ് ലഡ്ഡു വിൽപനയിലൂടെ ലഭിക്കുന്നത്.
അമരാവതി: (KVARTHA) തിരുപ്പതി തിരുമല ക്ഷേത്രം ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായി അറിയപ്പെടുന്നു. ഭക്തരുടെ നിരന്തരമായ സംഭാവനകളും, ക്ഷേത്രത്തിന്റെ വ്യാപകമായ സ്വത്തുക്കളും ഇതിന് കാരണമാണ്. തിരുപ്പതി ക്ഷേത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ലഡു പ്രസാദം. ഈ സ്വാദിഷ്ടമായ, മഞ്ഞനിറത്തിലുള്ള ലഡു ഭക്തിയുടെയും ദൈവികതയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. നെയ്യ്, ഗോതമ്പ് പൊടി, പഞ്ചസാര എന്നിവ ഉപയോഗിച്ചാണ് ലഡ്ഡു നിർമ്മിക്കുന്നത്.
പുരാതന കാലം മുതൽ
ലഡുവിന്റെ നിർമ്മാണം, വിതരണം എന്നിവയെല്ലാം പരമ്പരാഗത രീതിയിലാണ് നടത്തപ്പെടുന്നത്. തിരുപ്പതിയിലെ ലഡ്ഡുവിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള കൃത്യമായ രേഖകൾ ഇല്ലെങ്കിലും, ഇത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു പാരമ്പര്യമാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ പുരാതന രേഖകളും, തീർഥാടകരുടെ വാക്കാലുള്ള പരാമർശങ്ങളും ഇതിനു തെളിവാണ്.
തിരുപ്പതി ലഡു നിർമ്മാണം ഒരു കലയാണ്. ഉന്നത നിലവാരമുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ചാണ് ലഡു നിർമ്മിക്കുന്നത്. നെയ്യ്, ഗോതമ്പ് പൊടി, പഞ്ചസാര എന്നിവയാണ് പ്രധാന ചേരുവകൾ. ഈ ചേരുവകൾ നിശ്ചിത അനുപാതത്തിൽ കൂട്ടി ചേർത്ത്, പരമ്പരാഗത രീതിയിൽ അരച്ച്, പിന്നീട് ലഡു ആകൃതിയിൽ ഉരുട്ടിയെടുക്കുന്നു. ഈ ലഡു ഭക്ഷിക്കുന്നത് ഭക്തർക്ക് മാനസികമായ ശാന്തിയും ആത്മീയ ഉദ്ദീപനവും നൽകുമെന്നാണ് വിശ്വാസം.
വിവാദങ്ങൾ
തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിന് ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന ആരോപണമാണ് ഇപ്പോൾ ചൂടുപിടിക്കുന്നത്. തിരുപ്പതി പ്രസാദത്തിൽ കൊഴുപ്പ് കലർത്തുന്നുവെന്ന് സെപ്തംബർ 18 ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി മേധാവിയുമായ ചന്ദ്രബാബു നായിഡു ആരോപിച്ചതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. ക്ഷേത്ര ഭരണസമിതി നെയ്യ് വാങ്ങുന്ന കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംശയം എങ്ങനെ ഉയർന്നു?
ആന്ധ്രാപ്രദേശിലെ എൻ ചന്ദ്രബാബു നായിഡു സർക്കാർ അധികാരമേറ്റപ്പോൾ തിരുമല തിരുപ്പതി ദേവസ്ഥാനത്തിൻ്റെ (ടിടിഡി) പഴയ എക്‌സിക്യൂട്ടീവ് ഓഫീസറെ മാറ്റി ഐഎഎസ് ഉദ്യോഗസ്ഥൻ കെ ശ്യാമള റാവുവിനെ പുതിയ ഇഒ ആയി നിയമിച്ചു. ടിടിഡി തന്നെയാണ് തിരുപ്പതി ക്ഷേത്രം കൈകാര്യം ചെയ്യുന്നത്. പ്രസാദത്തിൻ്റെ രുചിയിൽ വ്യത്യാസങ്ങൾ ഉണ്ടെന്നും പഴയതുപോലെ രുചിയില്ലെന്നും പരാതി ലഭിച്ചിരുന്നതായി റാവു പറയുന്നു. തുടർന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.
തിരുമല തിരുപ്പതി ദേവസ്ഥാനം ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിന് കീഴിലുള്ള സെൻ്റർ ഫോർ അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻ്റ് ഫുഡ് ലബോറട്ടറിയിലേക്കാണ് ജൂലൈ ഒമ്പതിന് ലഡു സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. അതിൻ്റെ റിപ്പോർട്ട് 2024 ജൂലൈ 16-ന് വന്നു. ഈ റിപ്പോർട്ടിലാണ് ഗുരുതര വെളിപ്പെടുത്തൽ ഉണ്ടായത്.
തിരുപ്പതി ലഡുവിൽ എന്താണ് കണ്ടെത്തിയത്?
ലാബ് റിപ്പോർട്ടിൽ സോയാബീൻ, സൂര്യകാന്തി, ഒലിവ്, തെങ്ങ്, പരുത്തി വിത്ത്, ഫ്ളാക്സ് സീഡ് എന്നിവയ്ക്ക് പുറമെ മത്സ്യ എണ്ണ, ബീഫ് ടാലോ, ലാഡ് എന്നിവ കണ്ടെത്തിയതായി പറയുന്നു. മൃഗക്കൊഴുപ്പിൽ നിന്നാണ് ബീഫ് ടാലോ ഉണ്ടാക്കുന്നത്. പശു, കാള തുടങ്ങിയ മൃഗങ്ങളുടെ അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പ് ഉപയോഗിച്ചാണ് ബീഫ് ടാലോ നിർമ്മിക്കുന്നത്. വിഭവം ഡീപ് ഫ്രൈ ചെയ്യാനാണ് പലപ്പോഴും ബീഫ് ടാലോ ഉപയോഗിക്കുന്നത്. അതുപോലെ പന്നിക്കൊഴുപ്പിൽ നിന്നാണ് ലാഡ് ഉണ്ടാക്കുന്നത്. ഇത് നെയ്യ് പോലെ മിനുസമുള്ളതാണ്. ഇത് ശുദ്ധമായ നെയ്യിൽ എളുപ്പത്തിൽ കലർത്താം.
തിരുപ്പതി തിരുമല ദേവസ്ഥാനം പ്രതിവർഷം അഞ്ച് ലക്ഷം കിലോ നെയ്യാണ് ടെൻഡർ വഴി വാങ്ങുന്നത് . പ്രതിമാസം ഏകദേശം 42000 കിലോ നെയ്യ് ഉപയോഗിക്കുന്നു. കമ്പനികൾ ഈ നെയ്യ് കിഴിവ് നിരക്കിൽ ക്ഷേത്ര ഭരണസമിതിക്ക് നൽകുന്നു. തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് പ്രതിവർഷം 500 കോടി രൂപയാണ് ലഡ്ഡു വിൽപനയിലൂടെ ലഭിക്കുന്നത്.
#Tirupati #Laddu #Controversy #FoodSafety #Temple #AndhraPradesh