Obituary | സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

 
CPM General Secretary Sitaram Yechury Passed Away
CPM General Secretary Sitaram Yechury Passed Away

Photo Credit: Facebook / Sitaram Yechury

● അന്ത്യം വൈകിട്ട് മൂന്നരയോടെ
● വില്ലനായത് ശ്വാസകോശത്തിലെ അണുബാധ

ന്യൂഡെല്‍ഹി: (KVARTHA) സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഡെല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം. പ്രമുഖ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ ചിസ്തി ആണ് ഭാര്യ. യുകെയില്‍ സര്‍വകലാശാല അധ്യാപികയായ അഖില യെച്ചൂരി, മാധ്യമപ്രവര്‍ത്തകനായിരുന്ന പരേതനായ ആശിഷ് യെച്ചൂരി എന്നിവര്‍ മക്കളാണ്.

 

32 വര്‍ഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതല്‍ 2017 വരെ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ജനകീയ മുന്നേറ്റങ്ങള്‍ക്കായി പാകപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിര്‍വഹിച്ച നേതാവായിരുന്നു യെച്ചൂരി. അടിയന്തരാവസ്ഥക്കാലത്തിന്റെ തീച്ചൂടില്‍ സ്ഫുടം ചെയ്‌തെടുത്ത രാഷ്ട്രീയ പ്രവര്‍ത്തകന്‍. 

 

വൈദേഹി ബ്രാഹ്‌മണരായ സര്‍വേശ്വര സോമയാജി യെച്ചൂരി കല്‍പ്പകം യെച്ചൂരി ദമ്പതികളുടെ മകനായി 1952 ആഗസ്ത് 12ന് ചെന്നൈയില്‍ ജനിച്ച സീതാറാം പഠനത്തിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലും ഒരുപോലെ മികവ് തെളിയിച്ചു. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യെച്ചൂരിയായത് സുന്ദര രാമ റെഡ്ഡിയില്‍ നിന്നു പി സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയെ മാതൃകയാക്കിയാണ്. സുന്ദരയ്യക്കുശേഷം ആന്ധ്രയില്‍നിന്നു സിപിഎം ജനറല്‍ സെക്രട്ടറിയായ നേതാവാണ് യെച്ചൂരി.

 

പിതാവിന്റെ അച്ഛന്‍ യച്ചൂരി സീതാരാമ റാവു ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരിയില്‍ തഹസില്‍ദാരായിരുന്നു. അമ്മയുടെ അച്ഛന്‍ കന്ധ ഭീമ ശങ്കരറാം ചെന്നൈയില്‍ നിയമം പഠിച്ച്, മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി, പിന്നീട് ആന്ധ്ര ഹൈക്കോടതിയില്‍ ജഡ്ജിയും. ഗുണ്ടൂരില്‍ പ്രവര്‍ത്തിച്ച ഹൈക്കോടതി പിന്നീടു ഹൈദരാബാദിലേക്കു മാറി. അങ്ങനെ ഹൈദരാബാദിലെ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആന്ധ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ എന്‍ജിനീയറായിരുന്ന അച്ഛന്റെ സ്ഥലംമാറ്റങ്ങള്‍ക്കൊപ്പം യെച്ചൂരിയുടെ സ്‌കൂളുകളും മാറി. വിജയവാഡയില്‍ റെയില്‍വേ സ്‌കൂളിലും വീണ്ടും ഹൈദരാബാദിലെ ഓള്‍ സെയിന്റ്സ് സ്‌കൂളിലും.

യെച്ചൂരി ഹൈദരാബാദിലെ നൈസാം കോളജില്‍ ഒന്നാം വര്‍ഷ പിയുസിക്കു പഠിക്കുമ്പോഴാണു തെലങ്കാന പ്രക്ഷോഭം സജീവമാകുന്നത്. 196768 ല്‍. ഒരു വര്‍ഷത്തെ പഠനം പ്രക്ഷോഭത്തില്‍ മുങ്ങി. പിന്നാലെ അച്ഛന് ഡെല്‍ഹിയിലേക്കു സ്ഥലംമാറ്റം. അവിടെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്‌കൂളില്‍ ഒരു വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി കോഴ്സില്‍ ശാസ്ത്ര വിഷയങ്ങള്‍ പഠിച്ചു, ഒപ്പം കണക്കും.

 

ചെന്നൈയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറിക്ക് പഠിക്കുമ്പോള്‍ സി ബി എസ് സി പരീക്ഷയില്‍ രാജ്യത്ത് ഒന്നാം റാങ്ക് നേടി. തുടര്‍ന്ന് ഡെല്‍ഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിഎ ഓണേഴ്‌സ് പഠനം. സെന്റ് സ്റ്റീഫന്‍സില്‍നിന്ന് ബിഎ ഇക്കണോമിക്സില്‍ ഒന്നാം ക്ലാസുമായി ജെഎന്‍യുവില്‍ ഇക്കണോമിക്സ് എംഎയ്ക്ക് ചേര്‍ന്നു. മൂന്നു തവണ ജെഎന്‍യു യൂണിയന്റെ അധ്യക്ഷനായിരുന്നു. അടിയന്തരാവസ്ഥയില്‍ ജെഎന്‍യു തിളച്ചുമറിയുന്ന കാലത്താണു മേനക ആനന്ദിനെ(പിന്നീടു മേനക ഗാന്ധി) ജെഎന്‍യുവിലെ സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ കയറുന്നത് തടഞ്ഞെന്ന പേരില്‍ യെച്ചൂരിയുള്‍പ്പെടെ പലരെയും പൊലീസ് പിടികൂടുന്നത്. ജെഎന്‍യുവില്‍ നിന്ന് എംഎ പൂര്‍ത്തിയാക്കി.

1984 ല്‍ എസ് എഫ് ഐയുടെ ദേശീയ പ്രസിഡന്റായ യെച്ചൂരി അതേ വര്‍ഷം സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പ്രകാശ് കാരാട്ടിനൊപ്പം സ്ഥിരം ക്ഷണിതാവുമായി. പിറ്റേ വര്‍ഷം കാരാട്ടിനും എസ് രാമചന്ദ്രന്‍ പിള്ളയ്ക്കുമൊപ്പം കേന്ദ്ര കമ്മിറ്റിയംഗമായി. 1992ലാണ് മൂവരും പൊളിറ്റ് ബ്യൂറോയിലെത്തുന്നത്.

#SitaramYechury #CPM #IndianPolitics #Obituary #LeftLeader #AIIMSDelhi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia