Claim | കാമുകനുമായുള്ള ബന്ധം എതിര്‍ത്തതിന് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി; നടി ശബ്രീന്‍ അറസ്റ്റില്‍
● പ്രണയത്തിന് തടസമായത് കാമുകന്റെ കുടുംബം.
● ക്രൈം പട്രോളെന്ന സീരീസിലെ നടി.
● പരിചയമുണ്ടായിരുന്നതിനാല്‍ കുട്ടി കൂടെ പോകുകയായിരുന്നു.
മുംബൈ: (KVARTHA) മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ (Palghar) ടെലിവിഷന്‍ താരം മൂന്നര വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തില്‍ സീരീസ് താരം ശബ്രീനെ (Actress Shabreen) പൊലീസ് അറസ്റ്റ് ചെയ്തു. ക്രൈം പട്രോളെന്ന ഒരു ടെലിവിഷന്‍ സീരീസിലെ നടിയാണ് ശബ്രീന്‍. ക്രൈം പട്രോളിലെ താരത്തിന്റെ കഥാപാത്രം പോലെയായിരുന്നു ശബ്രീന്റെ അവസ്ഥയെന്ന് പൊലീസ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കുട്ടിയുടെ അമ്മാവന്‍ ബ്രിജേഷ് സിംഗുമായി താരം പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും വേറെ വേറെ സമുദായങ്ങള്‍ ആയതിനെ തുടര്‍ന്ന് ബ്രിജേഷിന്റെ കുടുംബം നടിയുമായുള്ള ബന്ധത്തെ എതിര്‍ത്തു. ബ്രിജേഷിനോട് കടുത്ത പ്രണയമായിരുന്ന താരം തുടര്‍ന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയെന്ന കടുംകൈ ചെയ്ത് വീട്ടുകാരെ ഭയപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
ശനിയാഴ്ച സ്‌കൂളില്‍ എത്തിയാണ് താരം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ശബ്രീനെ പരിചയമുള്ള കുട്ടി സംഭവ ദിവസം ഒരു മടിയും കൂടാതെ താരത്തിനൊപ്പം പോകാന്‍ തയ്യാറാകുകയായിരുന്നു. ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് താരം കുഞ്ഞിനെ കൊണ്ടുപോയത്. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി എത്താത്തിനാല്‍ കുടുംബം അന്വേഷിച്ചപ്പോഴാണ് ഒരു സ്ത്രീക്കൊപ്പം കുഞ്ഞ് പോയെന്ന വിവരം സ്‌കൂള്‍ അധികൃതരില്‍ നിന്ന് ലഭിച്ചത്.
തുടര്‍ന്ന് പൊലീസ് സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഓടോറിക്ഷയില്‍ ശബ്രീന്‍ കുഞ്ഞിനെ കൊണ്ടുപോകുന്നതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതാണ് അന്വേഷണത്തിന് സഹായകരമായത്. പിന്നീട് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് ശബ്രീനെ പൊലീസ് കണ്ടെത്തുകയും ചെയ്തു. ഫ്‌ലാറ്റില്‍ ഉണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
മറ്റൊരു സ്ത്രീയും താരത്തെ സഹായിക്കാനുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ആ സ്ത്രീയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബ്രിജേഷിന്റെയും ഇടപെടല്‍ ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
#kidnapping #actress #crimepatrol #palghar #maharashtra #india