Crowdfunding | ലോക്സഭാ തിരഞ്ഞെടുപ്പിന് പണം കണ്ടെത്താന്‍ ക്രൗഡ് ഫണ്ടിംഗ് നടത്താനൊരുങ്ങി കോണ്‍ഗ്രസ്

 


ന്യൂഡെല്‍ഹി: (KVARTHA) 2024 ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പണം സമാഹരിക്കാന്‍ ക്രൗഡ് ഫണ്ടിംഗ് നടത്താനൊരുങ്ങി കോണ്‍ഗ്രസ്. നിസ്സഹകരണ പ്രസ്ഥാനത്തിന് പണം സ്വരൂപിക്കുന്നതിന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി നടത്തിയ 'തിലക് സ്വരാജ് ഫണ്ടില്‍' നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് 'ഡൊണേറ്റ് ഫോര്‍ ദേശ് (രാജ്യത്തിനായി സംഭാവന ചെയ്യുക)' സംരംഭത്തിന് കോണ്‍ഗ്രസ് തുടക്കം കുറിക്കുന്നത്. ഇതിന്റെ ഔപചാരിക ഉദ്ഘാടനം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡിസംബര്‍ 18ന് (തിങ്കളാഴ്ച) നിര്‍വഹിക്കും.

Crowdfunding | ലോക്സഭാ തിരഞ്ഞെടുപ്പിന് പണം കണ്ടെത്താന്‍ ക്രൗഡ് ഫണ്ടിംഗ് നടത്താനൊരുങ്ങി കോണ്‍ഗ്രസ്

മികച്ച ഇന്‍ഡ്യ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കുക എന്ന പ്രചാരണവുമായാണ് ക്രൗഡ് ഫണ്ടിംഗിന് കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നത്. ഓണ്‍ലൈനായും ഓഫ് ലൈനായും ധനശേഖരണം നടത്തുമെന്ന് പാര്‍ടി നേതാക്കള്‍ അറിയിച്ചു. പാര്‍ടി സ്ഥാപകദിനമായ ഡിസംബര്‍ 28 വരെ ഓണ്‍ലൈനായും അതിന് ശേഷം പ്രവര്‍ത്തകര്‍ വീടുകളില്‍ കയറിയിറങ്ങി ഓഫ് ലൈനായും പണം ശേഖരിക്കും. ഓണ്‍ലൈന്‍ ധന ശേഖരണത്തിന് www(dot)donateinc(dot)in, www(dot)inc(dot)in എന്നീ വെബ്‌സൈറ്റുകളില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് പാര്‍ടിയുടെ 138-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ക്രൗഡ് ഫണ്ടിംഗില്‍ 138 രൂപയോ അതിന്റെ ഗുണിതങ്ങളോ ആയിരിക്കും സംഭാവനയായി സ്വീകരിക്കുക. 138, 1380, 13,800... എന്നിങ്ങനെ പണം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനതല ഭാരവാഹികള്‍, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, ജില്ലാ-സംസ്ഥാന പ്രസിഡന്റുമാര്‍, എഐസിസി ഭാരവാഹികള്‍ എന്നിവര്‍ 1380 രൂപയെങ്കിലും സംഭാവന നല്‍കണമെന്ന് എ ഐ സി സി ജെനറല്‍ സെക്രടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

ഓണ്‍ലൈന്‍ വഴി പാര്‍ടിക്ക് പണം സംഭാവന ചെയ്യുന്നവര്‍ക്ക് സര്‍ടിഫികറ്റ് ലഭിക്കുമെന്നും അവരുടെ ഫോണുകളില്‍ 'നന്ദി' സന്ദേശം ലഭിക്കുമെന്നും കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ പറഞ്ഞു. സംഭാവന നല്‍കുമ്പോള്‍ ദാതാവിന്റെ പേരും ഫോണ്‍ നമ്പറും അവര്‍ ഉള്‍പെടുന്ന സംസ്ഥാനവും മാത്രമേ പാര്‍ടി അന്വേഷിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

2022 മെയ് മാസത്തിലെ ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തില്‍ ചില പ്രതിനിധികള്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. അതാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. കേരളത്തില്‍ വീടുകള്‍ കയറിയിറങ്ങി അഞ്ചും പത്തും രൂപ ശേഖരിച്ച് നടത്തുന്ന പണപ്പിരിവ് മാതൃകയാക്കണമെന്ന നിര്‍ദേശവും ചിന്തന്‍ ശിബിരത്തില്‍ ഉയര്‍ന്നിരുന്നു. കേരളത്തിലെ ധനശേഖരണ രീതി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പെടെയുള്ള നേതാക്കള്‍ ചിന്തന്‍ ശിബിരത്തില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നെല്ലാമാണ് ക്രൗഡ് ഫണ്ടിംഗ് എന്ന ആശയം രൂപപ്പെട്ടുവന്നത്.

Keywords:  Congress announces crowdfunding campaign ahead of Lok Sabha polls, New Delhi, News, Crowdfunding, Congress, Announced, Campaign, Politics, Lok Sabha Election, National.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia