Bhole Baba | ഹാഥ്‌റസ് ദുരന്തത്തില്‍ അതീവദുഃഖമുണ്ട്, പ്രശ്‌നമുണ്ടാക്കിയവരെ വെറുതേ വിടില്ലെന്ന് ഭോലെ ബാബ, വീഡിയോ

 
'Culprits won't be spared', says 'Bhole Baba' in video statement on Hathras stampede; watch video, Culprits, Spared, UP, Uttar Pradesh, Death
'Culprits won't be spared', says 'Bhole Baba' in video statement on Hathras stampede; watch video, Culprits, Spared, UP, Uttar Pradesh, Death


ഭോലെ ബാബയ്‌ക്കെതിരെ 6 ലൈംഗികാതിക്രമ കേസുകള്‍ പൊലീസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

മൃതദേഹം തട്ടിയെടുത്ത കേസില്‍ 2000-ല്‍ ആഗ്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ന്യൂഡെല്‍ഹി: (KVARTHA) ഒടുവില്‍ ഹാഥ്‌റസ് ദുരന്തത്തില്‍ മൗനം വെടിഞ്ഞ് സ്വയം പ്രഖ്യാപിത ആള്‍ദൈവം സൂരജ് പാല്‍ സിംഗ് (നാരായണ്‍ സാകര്‍ ഹരി) എന്ന ഭോലെ ബാബ. ഹാഥ്‌റസ് ജില്ലയിലെ ഫുലാരി ഗ്രാമത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച പ്രാര്‍ഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ മരിച്ചതില്‍ അതീവ വേദനയുണ്ടെന്നും സംഭവത്തില്‍ താന്‍ ദുഃഖിതനാണെന്നും ഭോലെ ബാബ ശനിയാഴ്ച പുറത്തുവിട്ട വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു. 

പ്രശ്‌നമുണ്ടാക്കിയ ആരെയും വെറുതേ വിടില്ല. ദുരന്തത്തിനിരയായവരുടെ കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഭോലെ ബാബ പറഞ്ഞു. സര്‍കാരില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ഹാഥ്‌റസില്‍ കുഴപ്പം സൃഷ്ടിച്ചയാളെ വെറുതെ വിടില്ലെന്നും വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.

അതിനിടെ, ഭോലെ ബാബയെ ആശ്രമത്തിലെത്തി പൊലീസ് ചോദ്യം ചെയ്ത് മടങ്ങിയതായി റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. മെയിന്‍പുരിയിലെ ആശ്രമം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഭോലെ ബാബയെ ചോദ്യം ചെയ്തതെന്നാണ് വിവരം. ആശ്രമത്തിലുണ്ടായിരുന്ന രണ്ട് വാഹനങ്ങളും ചില സുപ്രധാന രേഖകളും പിടിച്ചെടുത്തതായും സൂചന. അതേസമയം, സംഭവത്തില്‍ അന്വേഷണസംഘം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

യുപി മെയിന്‍ പുരിയിലെ ആശ്രമം 30 ഏകറിലാണുള്ളത്. കനൗജ്, ഇറ്റാവ എന്നിവിടങ്ങളിലും ഹരിയാന, രാജസ്താന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും വിശാലമായ ആശ്രമങ്ങള്‍ ഭോലെ ബാബയ്ക്കുണ്ട്. ടൊയോട ഫോര്‍ച്യുണറില്‍ വില കൂടിയ കണ്ണടയും വെളുത്ത സ്യൂടും ധരിച്ചാണ് ഇയാളുടെ പതിവ് യാത്രകള്‍. പിന്നാലെ അകമ്പടിയായി 30 കാറുകളും 16 ബൈകുകളും അനുഗമിക്കും. ആറ് ലൈംഗികാതിക്രമ കേസുകള്‍ ഉള്‍പെടെ ബാബയ്‌ക്കെതിരെ പൊലീസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ, മൃതദേഹം തട്ടിയെടുത്ത കേസില്‍ 2000-ല്‍ ആഗ്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
                
കേസിലെ മുഖ്യപ്രതി ദേബ് പ്രകാശ് മധുകര്‍ വെള്ളിയാഴ്ച (05.07.2024) രാത്രി ഡെല്‍ഹി പൊലീസില്‍ കീഴടങ്ങിയതായും തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. വീഡിയോ സന്ദേശത്തിലാണ് അഭിഭാഷകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒളിവില്‍ കഴിയുന്ന മധുകറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഉത്തര്‍പ്രദേശ് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

'സത്സംഗ' എന്ന പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 110 സ്ത്രീകളടക്കം 121 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. സംഭവത്തില്‍ പ്രാര്‍ഥനാചടങ്ങിന്റെ സംഘാടകര്‍ ഉള്‍പെടെ നാല് പുരുഷന്‍മാരെയും രണ്ട് സ്ത്രീകളെയും മാത്രമാണ് ഉത്തര്‍പ്രദേശ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 121 പേര്‍ മരിക്കാനിടയായതില്‍, സംഘാടകര്‍ക്ക് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഇതിനകം 90 പേരുടെ മൊഴി രേഖപ്പെടുത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ആഗ്ര അഡീഷനല്‍ ഡിജിപി അനുപം കുലശ്രേഷ്ഠ പറഞ്ഞു. അന്വേഷണ പുരോഗതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ സംഘാടകര്‍ കേസില്‍ പ്രതികളാകുമെന്നും പൊലീസ് അറിയിച്ചു.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia