Dargah shifted | ഹുബ്ബള്ളിയിലെ ദര്‍ഗ പൊളിച്ച് മൃതദേഹം മറ്റൊരിടത്ത് ഖബറടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി; വര്‍ഷങ്ങള്‍ മുമ്പ് മരിച്ച മഹാന്റെ മൃതദേഹത്തിന് കാര്യമായ ഒരു പോറലും ഏറ്റിട്ടില്ലെന്ന് ദൃക്സാക്ഷികള്‍

 


ധാര്‍വാഡ്: (www.kvartha.com) കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ ബൈരിദേവര്‍കോപ്പയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഹസ്രത് സയ്യിദ് മഹ്മൂദ് ഷാ ഖാദിരിയുടെ മഖ്ബറ നീക്കി മറ്റൊരിടത്ത് ഖബറടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. റോഡ് നിര്‍മാണത്തിന്റെ പേരിലാണ് ജില്ലാ ഭരണകൂടം മഖ്ബറ നീക്കിയത്. സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചും കനത്ത സുരക്ഷയ്ക്കുമിടയിലാണ് കഴിഞ്ഞ ദിവസം നടപടികള്‍ നടന്നത്.
               
Dargah shifted | ഹുബ്ബള്ളിയിലെ ദര്‍ഗ പൊളിച്ച് മൃതദേഹം മറ്റൊരിടത്ത് ഖബറടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി; വര്‍ഷങ്ങള്‍ മുമ്പ് മരിച്ച മഹാന്റെ മൃതദേഹത്തിന് കാര്യമായ ഒരു പോറലും ഏറ്റിട്ടില്ലെന്ന് ദൃക്സാക്ഷികള്‍

സംസ്ഥാന സര്‍കാരിന്റെ സംരംഭമായ ഹുബ്ബള്ളി-ധാര്‍വാഡ് ബസ് റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം (BRTS) പദ്ധതിയുടെ ഭാഗമായി റോഡ് വീതി കൂട്ടുന്നതിനായാണ് ദര്‍ഗ മാറ്റിസ്ഥാപിക്കേണ്ടി വന്നതെന്നാണ് അധികൃതര്‍ പറയുന്നത്. 36 മീറ്റര്‍ വീതിയുള്ള റോഡ് ഇനി 44 മീറ്ററായി വികസിപ്പിക്കും. 2010ല്‍ പദ്ധതി ആരംഭിച്ചെങ്കിലും മുസ്ലിം സംഘടനാ നേതാക്കള്‍ 2016ല്‍ കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് വാങ്ങിയിരുന്നു. എന്നാല്‍, പ്രവൃത്തി ആരംഭിക്കാന്‍ കോടതി സ്റ്റേ നീക്കിയതോടെയാണ് പൊളിക്കലിലേക്ക് അധികൃതര്‍ കടന്നത്.

കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെയും മുസ്ലിം സംഘടനകളുടെയും എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് സംസ്ഥാനത്തെ ബിജെപി സര്‍കാര്‍ ദര്‍ഗനീക്കം ചെയ്തത്. ദര്‍ഗ പൊളിച്ചുനീക്കിയതിനെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിയമസഭയില്‍ ന്യായീകരിക്കുകയും ചെയ്തു. മതപരമായ ബന്ധമുള്ള ഇത്തരം പ്രശ്നങ്ങള്‍ രാജ്യത്തുടനീളം ഉണ്ടെന്നും പൊതു പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമെങ്കില്‍ അത്തരം ഘടനകള്‍ നീക്കം ചെയ്യാനോ മാറ്റാനോ നിയമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് നടപടിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പൊലീസ് വകുപ്പിലെയും ദ്രുതകര്‍മ സേനയിലെയും 250 ഓളം ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കാര്‍വാര്‍, ഹാവേരി, കൊപ്പല്‍ തുടങ്ങിയ ജില്ലകളിലെ പൊലീസുകാരെയാണ് എത്തിച്ചത്. പൊതുജനങ്ങള്‍ കാണാതിരിക്കാന്‍ കൂറ്റന്‍ ഷീറ്റുകളും തുണികളും കൊണ്ട് മൂടിയാണ് ദര്‍ഗ മാറ്റിയത്. മാറ്റുന്നതിന് മുമ്പായി മതപരമായ ചടങ്ങുകള്‍ നടത്താനുള്ള അനുമതി നല്‍കിയിരുന്നു. ഇസ്ലാമിക പണ്ഡിതന്മാര്‍ പങ്കെടുക്കുകയും ചെയ്തു.


അതേസമയം, വര്‍ഷങ്ങള്‍ക്ക് വിടപറഞ്ഞ പണ്ഡിതനായ സയ്യിദ് മഹ്മൂദ് ഷാ ഖാദിരിയുടെ മൃതദേഹത്തിന് കാര്യമായ ഒരു പോറലും ഏറ്റിട്ടില്ലെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. തലയില്‍ നിന്നോ താടിയില്‍ നിന്നോ മുടിപോലും കൊഴിഞ്ഞിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് മറവ് ചെയ്തത് പോലെയായിരുന്നു മൃതദേഹമെന്നും മഹാന്മാരുടെ മൃതദേഹം മണ്ണ് തിന്നില്ലെന്നതിന് ഉദാഹരണമാണ് ഇതെന്നും സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി. മൃതദേഹത്തിന് 300 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പറയുന്നത്.

Keywords:  Latest-News, National, Karnataka, Top-Headlines, Video, Viral, Religion, Government, Dargah shifted in Hubballi.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia