Child Marriage | രാജ്യത്ത് ഏറ്റവും കൂടുതല്‍ ബാലവിവാഹം നടക്കുന്നത് ഏത് മതത്തിലാണ്? സാമൂഹ്യ പ്രത്യാഘാതങ്ങളും ഏറെ
ശൈശവ വിവാഹം കൗമാരപ്രായത്തിലുള്ള ഗർഭധാരണത്തിലേക്ക് നയിക്കുന്നു. ഇത് അമ്മയ്ക്കും കുഞ്ഞിനും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. എച്ച്ഐവി/എയ്ഡ്സ് പോലുള്ള ലൈംഗിക രോഗങ്ങൾ പകരാനുള്ള സാധ്യതയും കൂടുതലാണ്.
ആദിത്യൻ ആറന്മുള
(KVARTHA) ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഒമ്പത് ആക്കാനുള്ള നിയമത്തിന്റെ കരടിനെതിരെ രാജ്യത്തും രാജ്യാന്തരതലത്തിലും വലിയ പ്രതിഷേധം ഉയര്‍ന്നുവരുകയാണ്. അതിനിടെയാണ് ഇന്ത്യയിലെ ബാലവിവാഹങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ ഇന്ത്യാസ്‌പെന്‍ഡ് എന്ന ഡാറ്റാ ന്യൂസ്‌പോര്‍ട്ടല്‍ പുറത്തുവിട്ടത്. ഇന്ത്യയില്‍ ഏകദേശം 12 ദശലക്ഷം കുട്ടികള്‍ 10 വയസിന് മുമ്പ് വിവാഹിതരായിട്ടുണ്ടെന്നും അവരില്‍ 84% ഹിന്ദുവും 11% മുസ്ലീങ്ങളും ആണെന്നും വെബ്‌സൈറ്റ് പറയുന്നു.
അടുത്തിടെ പുറത്തുവിട്ട സെന്‍സസ് ഡാറ്റാ അനുസരിച്ചാണ് ഇന്ത്യാസ്‌പെന്‍ഡ് ഇക്കാര്യം പുറത്തുവിട്ടത്. വിവാഹിതരായ 7.84 ദശലക്ഷം (65%) കുട്ടികളില്‍ പലരും സ്ത്രീകളായിരുന്നു, പെണ്‍കുട്ടികള്‍ കൂടുതല്‍ പിന്നാക്കാവസ്ഥയിലാണെന്ന വസ്തുത ഇത് ശക്തിപ്പെടുത്തുന്നു. വിവാഹിതരായ നിരക്ഷരരില്‍ 10ല്‍ എട്ട് പേരും പെണ്‍കുട്ടികളായിരുന്നു. 10 വയസ്സിന് മുമ്പ് വിവാഹിതരായ ഹിന്ദു പെണ്‍കുട്ടികളില്‍ 72% ഗ്രാമപ്രദേശങ്ങളിലാണ്. 58.5% മുസ്ലീം പെണ്‍കുട്ടികളും വിവാഹിതരായി. ഹിന്ദു-മുസ്ലിം സ്ത്രീകളുടെ ആദ്യ വിവാഹ പ്രായം ശരാശരി 16.7 വയസാണ്. ജൈന സ്ത്രീകള്‍ 20.8 വയസ്, ക്രിസ്ത്യന്‍ യുവതികള്‍ 20.6 വയസ്, സിഖ് സ്ത്രീകള്‍ 19.9 വയസ്.
നഗരപ്രദേശങ്ങളിലെ സ്ത്രീകള്‍, ഗ്രാമങ്ങളിലുള്ളവരേക്കാള്‍ ശരാശരി രണ്ട് വര്‍ഷം കഴിഞ്ഞ് വിവാഹം കഴിക്കുന്നു. കൗമാരപ്രായത്തിലുള്ള ഗര്‍ഭധാരണത്തിന്റെയും മാതൃത്വത്തിന്റെയും തോത് 12 അല്ലെങ്കില്‍ അതിലധികമോ ആണ്. വിദ്യാഭ്യാസമുള്ള സ്ത്രീകളെ അപേക്ഷിച്ച് വിദ്യാഭ്യാസമില്ലാത്ത സ്ത്രീകള്‍ക്കിടയില്‍ ഇത് ഒമ്പത് മടങ്ങ് കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 10 വയസ്സിന് താഴെയുള്ള 5.4 ദശലക്ഷം (44%) വിവാഹിതരായ കുട്ടികള്‍ നിരക്ഷരരാണ്, അവരില്‍ 80% സ്ത്രീകളാണ്. വിദ്യാഭ്യാസം എങ്ങനെ നേരത്തെയുള്ള വിവാഹവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു.
ഇത്തരത്തില്‍ വിവാഹം കഴിച്ചവരില്‍ 1,000 പുരുഷന്മാരും 1,403 സ്ത്രീകളും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പോയിട്ടില്ല. വികസ്വര രാജ്യങ്ങളില്‍, ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുറഞ്ഞ പെണ്‍കുട്ടികള്‍ നേരത്തെ വിവാഹം കഴിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകബാങ്കിന്റെ വിദ്യാഭ്യാസ ഉപദേശകനായ ക്വെന്റിന്‍ വോഡന്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്ക് മെച്ചപ്പെട്ടതും സുരക്ഷിതവുമായ തൊഴില്‍ അവസരങ്ങള്‍ ഉണ്ടായാല്‍ ശൈശവ വിവാഹം കുറയ്ക്കാനാകും, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം, ഇത് വീട്ടുജോലികള്‍ക്ക് ചെലവഴിക്കുന്ന സമയത്തില്‍ നിന്ന് അവരെ സ്വതന്ത്രമാക്കുകയും സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി സമയം കണ്ടെത്താനാവുകയും ചെയ്യുമെന്നും വോഡന്‍ ചൂണ്ടിക്കാട്ടി.
30% പെണ്‍കുട്ടികളും 42% ആണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹിതരായതായും ഡാറ്റാ പറയുന്നു. ഇന്ത്യയിലെ ഒരു പെണ്‍കുട്ടി 18 വയസ്സിന് മുമ്പും ആണ്‍കുട്ടി 21 വയസ്സിന് മുമ്പും വിവാഹം കഴിക്കാന്‍ പാടില്ലെന്നാണ് ശൈശവ വിവാഹ നിരോധന നിയമം പറയുന്നത്. ഒരു മുസ്ലീം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോഴോ മുസ്ലീം വ്യക്തിനിയമമനുസരിച്ച്, 15 വയസ്സ് തികയുമ്പോഴോ വിവാഹം കഴിക്കാം. ഗുജറാത്ത് ഹൈക്കോടതിയും ഡല്‍ഹി ഹൈക്കോടതിയും ഇത് സംബന്ധിച്ച് വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
2011-ല്‍ 18 വയസ്സിന് മുമ്പ് 102 ദശലക്ഷം പെണ്‍കുട്ടികള്‍ (സ്ത്രീ ജനസംഖ്യയുടെ 30%) വിവാഹിതരായിട്ടുണ്ട്; 2001-ല്‍ ഈ സംഖ്യ 119 ദശലക്ഷമായിരുന്നു (സ്ത്രീ ജനസംഖ്യയുടെ 44%), 2011ല്‍ 14 ശതമാനം കുറവുണ്ടായി. ആണ്‍കുട്ടികളില്‍, 2011-ല്‍ 125 ദശലക്ഷം പേര്‍ 21 വയസ്സിന് മുമ്പ് (പുരുഷ ജനസംഖ്യയുടെ 42%) വിവാഹിതരായി, 2001-ല്‍ ഈ സംഖ്യ 120 ദശലക്ഷമായിരുന്നു (പുരുഷ ജനസംഖ്യയുടെ 49%), 2011ല്‍ 7 ശതമാനം കുറവുണ്ടായി.
അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍, ശൈശവ വിവാഹവും നേരത്തെയുള്ള പ്രസവവും ഒഴിവാക്കിയാല്‍ ഇന്ത്യക്ക് ആരോഗ്യ സംരക്ഷണത്തിലും അനുബന്ധ ചെലവുകളിലും അഞ്ച് ബില്യണ്‍ ഡോളര്‍ (33,500 കോടി രൂപ) ലാഭിക്കാന്‍ കഴിയുമെന്ന് ലോക ബാങ്കിന്റെയും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ വിമന്റെയും (ICRW) പുതിയ റിപ്പോര്‍ട്ട് പറയുന്നു. ഇത് രാജ്യത്തിന്റെ 2017-18 ലെ ഉന്നത വിദ്യാഭ്യാസ ബഡ്ജറ്റായ 33,329 കോടി രൂപയ്ക്ക് തുല്യമാണ്.
ആഗോളതലത്തില്‍, 2030-ഓടെ 18 രാജ്യങ്ങളില്‍ നിന്നായി 17 ബില്യണ്‍ ഡോളര്‍ (1.14 ലക്ഷം കോടി രൂപ) ലാഭിക്കാനാകും. ഇതില്‍ 10 ബില്യണ്‍ ഡോളര്‍ (62%) ഇന്ത്യയുടെ വിഹിതമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരത്തെയുള്ള വിവാഹവും ജനനവും ഇല്ലാതാക്കുന്നത് ജനസംഖ്യാ വളര്‍ച്ച കുറയ്ക്കും. ഇത് ഗവണ്‍മെന്റിന് ബജറ്റിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ശൈശവ വിവാഹം അവസാനിപ്പിക്കുന്നതിലൂടെ 106 രാജ്യങ്ങളിലെ കുറഞ്ഞ ജനസംഖ്യാ വളര്‍ച്ച കുറയുകയും 2030-ല്‍ പ്രതിവര്‍ഷം 566 ബില്യണ്‍ ഡോളര്‍ വരെ ലാഭിക്കുകയും ചെയ്യാം.
ശൈശവ വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ അക്രമം, ദുരുപയോഗം, എച്ച്‌ഐവി/എയ്ഡ്സ്, മറ്റ് ലൈംഗിക രോഗങ്ങള്‍ എന്നിവയ്ക്ക് ഇരയാകുന്നു. സ്‌കൂള്‍ പഠനം ഉപേക്ഷിക്കാനും കൗമാരപ്രായത്തില്‍ പ്രസവിക്കാനും സാധ്യത കൂടുതലാണ്. കൗമാരപ്രായത്തിലെ ഗര്‍ഭധാരണം വിളര്‍ച്ച, മലേറിയ, എച്ച്‌ഐവി, മറ്റ് ലൈംഗിക അണുബാധകള്‍, പ്രസവാനന്തര രക്തസ്രാവം, മാനസിക വൈകല്യങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹം കഴിക്കുന്ന പെണ്‍കുട്ടികളുടെ ശതമാനം 2001-ല്‍ 1.78% ആയിരുന്നത് 2011-ല്‍ 2.45% ആയി ഉയര്‍ന്നു. ഇതേ കാലയളവില്‍ ഗ്രാമീണ ഇന്ത്യയില്‍ 2.75% ല്‍ നിന്ന് 2.43% ആയി കുറഞ്ഞു. 13 സംസ്ഥാനങ്ങളിലെ 70 ജില്ലകളില്‍ പ്രായപൂര്‍ത്തിയാകാത്ത വിവാഹങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ചെയ്തു, ഇത് രാജ്യത്തെ ശൈശവ വിവാഹങ്ങളില്‍ 21% വരുമെന്ന് 2017 ജൂണ്‍ 9-ന് ഇന്ത്യാസ്‌പെന്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാജ്യത്ത് 10നും 19 നും ഇടയില്‍ പ്രായമുള്ള ഏകദേശം 17 ദശലക്ഷം കുട്ടികള്‍ വിവാഹിതരാണ്, അവര്‍ക്ക് ആറ് ദശലക്ഷം കുട്ടികള്‍ ജനിച്ചു, നിലവില്‍ വിവാഹിതരായ ജനസംഖ്യയുടെ 47% അവരാണെന്ന് 2015 മാര്‍ച്ചിലെ കണക്കുകള്‍ പറയുന്നു. ഈ വിവാഹിതരായ കുട്ടികളില്‍ 76% , അല്ലെങ്കില്‍ 12.7 ദശലക്ഷം, പെണ്‍കുട്ടികളാണ്. ലോകബാങ്ക്-ഐസിആര്‍ഡബ്ല്യു പഠനം ഇതിന് സാമ്പത്തിക മാനം നല്‍കുന്നു. പീഡനത്തിനിരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടുകളെ പ്രതികള്‍ വിവാഹം കഴിക്കുന്ന സംഭവങ്ങളും നടക്കുന്നു. കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് ഇത്തരം തന്ത്രങ്ങള്‍ മെനയുന്നത്.