'14കാരികള്‍ എന്തിനാണ് രാത്രി ബീചില്‍ പോയത്?'; പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായതിന് പിന്നാലെയുള്ള ഗോവ മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദമായി, വിമര്‍ശനവുമായി പ്രതിപക്ഷം
Jul 29, 2021, 14:35 IST
പനാജി: (www.kvartha.com 29.07.2021) ഗോവയില്‍ 14 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നടത്തിയ പരാമര്‍ശം വിവാദമായി. നിയമസഭയിലാണ് പ്രമോദ് സാവന്ത് പ്രസ്താവന നടത്തിയത്. ഗോവയിലെ നിയമസംവിധാനം തകര്‍ന്നുവെന്ന ആരോപണമുയര്‍ത്തി പ്രതിപക്ഷം സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച് സഭയില്‍ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി വിവാദ വിശദീകരണം നടത്തിയത്.
കുട്ടികള്‍ പാര്‍ടിക്കായാണ് ബീചിലെത്തിയത്. 10 കുട്ടികളില്‍ ആറ് പേര്‍ ഇതിന് ശേഷം വീട്ടിലേക്ക് തിരിച്ചു പോയി. നാല് പേരാണ് ബീചില്‍ തുടര്‍ന്നത്. രണ്ട് പെണ്‍കുട്ടികളും അവരുടെ ആണ്‍ സുഹൃത്തുകളുമാണ് ബീചിലുണ്ടായിരുന്നത്. ഒരു രാത്രി മുഴുവന്‍ അവര്‍ ബീചില്‍ തുടര്‍ന്നു. ഇതേക്കുറിച്ച് രക്ഷിതാക്കള്‍ അന്വേഷിക്കേണ്ടിയിരുന്നുവെന്ന് പ്രമോദ് സാവന്ത് പറഞ്ഞു. ഇതില്‍ ഞങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. എന്നാല്‍, രക്ഷിതാക്കള്‍ പറഞ്ഞത് കുട്ടികള്‍ കേള്‍ക്കുന്നില്ലെങ്കില്‍ മുഴുവന്‍ ചുമതലയും പൊലീസിന് നല്‍കാനാവുമോയെന്നും പ്രമോദ് സാവന്ത് ചോദിച്ചു.
അതേസമയം മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. അര്‍ധരാത്രിയും സുരക്ഷിതമായി യാത്ര ചെയ്യാമെന്നതാണ് ഗോവയുടെ പ്രത്യേകതയെന്ന് മുന്‍ ഡെപ്യൂടി മുഖ്യമന്ത്രി വിജയ് സര്‍ദേശായി പറഞ്ഞു.
'ഗോവയുടെ പ്രത്യേകത തന്നെ അതാണ്. ആഭ്യന്തര വകുപ്പ് കൈയാളുന്ന മന്ത്രി എന്ന നിലയില്‍ നമ്മള്‍ സുരക്ഷിതരാണെന്നും രാത്രി യാത്ര ചെയ്താലും യാതൊന്നും സംഭവിക്കില്ലെന്നുമാണ് പറയേണ്ടിയിരുന്നത്'- സര്‍ദേശായി പറഞ്ഞു.
ജൂലൈ 24ന് രാത്രി ദക്ഷിണ ഗോവയിലെ കോള്‍വാ ബീചിലായിരുന്നു സംഭവം നടന്നത്. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ആസിഫ് ഹടേലി (21), രാജേഷ് മാനേ (33), ഗജാനന്ദ് ചിന്‍ചാങ്കര്‍ (31), നിതിന്‍ യബ്ബാല്‍ (19) എന്നിവര്‍ അറസ്റ്റിലായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.