Arrest | യുപി സംഭാലിലെ സംഘര്‍ഷത്തില്‍ മരണം ആറായി; പൊലീസിനെ വിമർശിച്ച് ഫേസ്‌ബുക് പോസ്റ്റിട്ടതിന് ആക്ടിവിസ്റ്റ് അറസ്റ്റിൽ, പിന്നാലെ ജാമ്യം ലഭിച്ചു
● പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ പൊലീസ് നിർബന്ധിച്ചതായി ആരോപണമുണ്ട്.
● ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവാണ് മരിച്ചതെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലക്നൗ: (KVARTHA) സംഭാലിലെ ഷാഹി മസ്‌ജിദില്‍ സര്‍വേയ്‌ക്കിടെയുണ്ടായ സംഘര്‍ഷത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി. ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവാണ് മരിച്ചതെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അതിനിടെ, സംഭാലിലെ പൊലീസ് വെടിവെപ്പിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ ആക്ടിവിസ്റ്റ് ജാവേദ് മുഹമ്മദിനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ബിഎൻഎസ് 126, 135, 117 നിയമങ്ങൾ പ്രകാരം കേസെടുത്താണ് പ്രയാഗ്‌രാജിലെ വാടകവീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തോട് പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ പൊലീസ് നിർബന്ധിച്ചതായി ആരോപണമുണ്ട്.
തുടർന്ന് ജാമ്യം ലഭിച്ചെങ്കിലും ജാമ്യ ബോണ്ട് നൽകുന്നതിലുണ്ടായ പ്രശ്‌നം മൂലം ഒരു ദിവസം ജയിലിൽ കഴിയേണ്ടി വന്നു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് കാട്ടി ബിജെപി നേതാക്കൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് 2022ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 21 മാസം ജയിലിൽ കഴിഞ്ഞ ശേഷം ഈ വർഷം മാർച്ചിലാണ് ജാമ്യത്തിൽ ഇറങ്ങിയത്.
സംഭാലില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ഷാഹി ജുമാമസ്ജിദില്‍ സര്‍വേ നടത്താന്‍ എത്തിയതിന് പിന്നാലെയാണ് പൊലീസുകാരും പ്രദേശവാസികളും തമ്മിൽ സംഘർഷമുണ്ടായത്. ഒരു ഹിന്ദുക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന് കാട്ടി ഹരജി നൽകിയതിനെ തുടര്‍ന്നാണ് കോടതി സര്‍വേയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്.
#SambhalClash, #ActivistArrested, #UttarPradeshNews, #PoliceAction, #Protests