Deception | ദുബൈ എന്ന് വിശ്വസിപ്പിച്ച് കൊണ്ടുപോയത് പാകിസ്താനിലേക്ക്! 22 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യൻ വനിത ജന്മനാട്ടിലേക്ക് മടങ്ങിയെത്തി; ട്വിസ്റ്റുകൾ നിറഞ്ഞ ജീവിതം
● പാകിസ്ഥാനിൽ അകപ്പെട്ടുപോയതിനെക്കുറിച്ചും തന്റെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാൻ കഴിയാതിരുന്നതിനെക്കുറിച്ചുമുള്ള വേദന അവർ മറച്ചുവെച്ചില്ല.
● 2002-ൽ ദുബൈയിൽ മികച്ച ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് ഒരു റിക്രൂട്ട്മെന്റ് ഏജന്റ് ഹമീദ ബാനുവിനെ ചതിയിലൂടെ പാകിസ്ഥാനിലേക്ക് അയക്കുകയായിരുന്നു.
● 2023 ഒക്ടോബറിൽ അവരുടെ ഇന്ത്യൻ പൗരത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ന്യൂഡൽഹി: (KVARTHA) രണ്ടു പതിറ്റാണ്ടിലേറെയായി പാകിസ്ഥാനിൽ കുടുങ്ങിപ്പോയ ഒരു ഇന്ത്യൻ വനിത ഒടുവിൽ ജന്മനാട്ടിലേക്ക് മടങ്ങിയെത്തി. 2002-ൽ ദുബൈയിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ചതിയിലൂടെ പാകിസ്ഥാനിൽ എത്തിക്കപ്പെടുകയും പിന്നീട് കുടുംബവുമായുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്ത ഹമീദ ബാനുവാണ് 18 മാസത്തെ തീവ്ര ശ്രമഫലമായി സ്വന്തം മണ്ണിൽ തിരിച്ചെത്തിയത്. ഹമീദ ബാനുവിന്റെ ചെറുമകൻ യൂട്യൂബിൽ അവിചാരിതമായി ഒരു വീഡിയോ കണ്ടതാണ് ഈ അസാധാരണ തിരിച്ചുവരവിന് വഴിത്തിരിവായത്.
'കഴിഞ്ഞ 22 വർഷം ഞാൻ ജീവനുള്ള ഒരു മൃതദേഹം പോലെയായിരുന്നു', കഴിഞ്ഞ 22 വർഷത്തെ തന്റെ ജീവിതത്തെക്കുറിച്ച് ഹമീദ ബാനു മാധ്യമങ്ങളോട് വിവരിച്ചത് ഇങ്ങനെയാണ്. പാകിസ്ഥാനിൽ അകപ്പെട്ടുപോയതിനെക്കുറിച്ചും തന്റെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാൻ കഴിയാതിരുന്നതിനെക്കുറിച്ചുമുള്ള വേദന അവർ മറച്ചുവെച്ചില്ല.
2002-ൽ ദുബൈയിൽ മികച്ച ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് ഒരു റിക്രൂട്ട്മെന്റ് ഏജന്റ് ഹമീദ ബാനുവിനെ ചതിയിലൂടെ പാകിസ്ഥാനിലേക്ക് അയക്കുകയായിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ ബന്ധം അത്ര സുഖകരമല്ലാത്തതിനാൽ, ഹമീദ ബാനുവിന്റെ ഇന്ത്യൻ പൗരത്വം സ്ഥിരീകരിക്കുന്നതിന് ഇരു രാജ്യങ്ങളും വളരെ സൂക്ഷ്മമായ പരിശോധനകൾ നടത്തി. ഒടുവിൽ, 2023 ഒക്ടോബറിൽ അവരുടെ ഇന്ത്യൻ പൗരത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഖത്തർ, ദുബൈ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന ഭർത്താവിന്റെ അപ്രതീക്ഷിത മരണം നാല് കുട്ടികളുടെ മാതാവായ ഹമീദ ബാനുവിന്റെ ജീവിതത്തിൽ ഒരു വലിയ വെല്ലുവിളിയായി മാറി. എങ്ങനെ നാല് കുട്ടികളെയും പോറ്റുമെന്ന ആശങ്കയുടെ നടുവിലാണ് ഒരു റിക്രൂട്ട്മെന്റ് ഏജന്റ് ദുബായിൽ മികച്ച ശമ്പളമുള്ള ഒരു ജോലി നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തത്. ഇതിനായി 20,000 രൂപ ഏജന്റിന് നൽകാനും ആവശ്യപ്പെട്ടു.
#WATCH | Amritsar, Punjab: Hamida Banu, who returned to India from Pakistan after more than 20 years says, "I lived in Pakistan and was taken there by deceit. I returned to India after more than 20 years. My video was circulated on social media... A year ago the Indian Embassy… pic.twitter.com/9KKnJzCUKv
— ANI (@ANI) December 17, 2024
എന്നാൽ ദുബൈക്ക് പകരം പാകിസ്ഥാനിലെ ഹൈദരാബാദ് നഗരത്തിലേക്കാണ് അവരെ കൂട്ടിക്കൊണ്ടുപോയത്. അവിടെ മൂന്ന് മാസത്തോളം തടങ്കലിലും കഴിയേണ്ടി വന്നു. പിന്നീട് കറാച്ചിയിലെ ഒരു തെരുവ് കച്ചവടക്കാരനെ വിവാഹം കഴിച്ചു. നിർഭാഗ്യവശാൽ, കോവിഡ് -19 മഹാമാരിക്കാലത്ത് ഭർത്താവ് മരണമടഞ്ഞു. തന്റെ ഭർത്താവ് ഒരിക്കലും തന്നെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് അവരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്‌തു.
2022 ജൂലൈയിൽ, ബാനുവിനെക്കുറിച്ചറിഞ്ഞ പാകിസ്‌താനി ആക്ടിവിസ്റ്റ് വലിയുല്ല മറൂഫ് തൻ്റെ പ്ലാറ്റ്‌ഫോമിലൂടെ ഭാനുവിൻ്റെ വാർത്ത പുറത്തുവിട്ടതാണ് വഴിത്തിരിവായത്. തുടർന്ന്, ഇന്ത്യൻ മാധ്യമപ്രവർത്തകൻ കൽഫാൻ ശൈഖ് സംഭവത്തെക്കുറിച്ച് മറ്റൊരു വീഡിയോ ചെയ്തതോടെ ഈ വിഷയം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു.
ഹമീദ ബാനുവിന്റെ ചെറുമകൻ - തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത തന്റെ മുത്തശ്ശിയെ വീഡിയോയിൽ കണ്ടതോടെയാണ് ഈ വിവരം ഇന്ത്യയിലെ കുടുംബാംഗങ്ങളിൽ എത്തുന്നത്. തുടർന്ന് ഷെയ്ഖും മഅറൂഫും ഹമീദ ബാനുവിനെയും ഇന്ത്യൻ കുടുംബത്തെയും തമ്മിൽ ഫോൺ കോളിൽ ബന്ധിപ്പിച്ചു.
ആ ഹൃദയസ്പർശിയായ നിമിഷങ്ങൾ ഇന്നും പലരുടെയും കണ്ണ് നനയിക്കുന്ന ഓർമ്മയാണ്. 'സുഖമാണോ? എന്നെ മനസ്സിലായോ? ഇത്രയും വർഷം എവിടെയായിരുന്നു?' ഹമീദ ബാനുവിന്റെ മകൾ യാസ്മിൻ വീഡിയോ കോളിൽ ചോദിക്കുന്നതായി കാണാം. അതിന് മറുപടിയായി ഹമീദ ബാനുവിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: 'ഞാൻ എവിടെയായിരുന്നുവെന്നും എങ്ങനെയായിരുന്നുവെന്നും എന്നോട് ചോദിക്കരുത്. നിങ്ങളെയെല്ലാവരെയും ഞാൻ ഒരുപാട് മിസ് ചെയ്തു. ഞാൻ സ്വമേധയാ ഇവിടെ താമസിച്ചതല്ല, എനിക്ക് മറ്റ് മാർഗമില്ലായിരുന്നു'.
തിങ്കളാഴ്ച ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം, വർഷങ്ങൾക്ക് ശേഷം കുടുംബവുമായി വീണ്ടും ഒന്നിക്കാൻ സഹായിച്ച 2022 ലെ വീഡിയോ ഹമീദ ബാനു ഓർത്തെടുത്തു. 'രണ്ട് വർഷം മുമ്പാണ് എന്റെ വീഡിയോ പങ്കുവെച്ചത്. ഞാൻ ഇന്ത്യയിൽ എത്തുമോ എന്ന് എനിക്ക് ഒട്ടും ഉറപ്പില്ലായിരുന്നു', അവർ പറഞ്ഞു. തന്റെ മക്കളോടും സഹോദരങ്ങളോടുമൊപ്പം തിരിച്ചെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ഹമീദ ബാനു പ്രതികരിച്ചു. 22 വർഷത്തെ ദുരിതത്തിന് വിരാമമിട്ട് ഹമീദ ബാനു തന്റെ കുടുംബത്തോടൊപ്പം പുതിയ ജീവിതം ആരംഭിക്കുകയാണ്.
#HamidaBanu #FamilyReunion #Deception #Pakistan #India #22Years