Bail Granted | അറസ്റ്റിലായി 3 മാസം തികയാനിരിക്കെ ഒടുവില്‍ ജാമ്യം ലഭിച്ച് പുറത്തേക്ക്; മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കേജ് രിവാള്‍ വെള്ളിയാഴ്ച ജയില്‍ മോചിതനാകും
ജാമ്യം നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി
കഴിഞ്ഞ ദിവസം അരവിന്ദ് കേജ് രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ മൂന്നുവരെ കോടതി നീട്ടിയിരുന്നു
ന്യൂഡെല്‍ഹി: (KVARTHA) മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന് ജാമ്യം അനുവദിച്ചു. റൗസ് അവന്യൂവിലെ അവധിക്കാല ജഡ് ജ് ന്യായ് ബിന്ദു ആണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ജൂണ്‍ 21ന് മൂന്നു മാസം തികയാനിരിക്കെയാണ് റൗസ് അവന്യൂവിലെ പ്രത്യേക കോടതി ഡെല്‍ഹി മുഖ്യന് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി കേജ് രിവാള്‍ വെള്ളിയാഴ്ച ജയില്‍മോചിതനാകും എന്ന് എഎപി വൃത്തങ്ങള്‍ അറിയിച്ചു.
ജാമ്യം നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ആവശ്യം കോടതി തള്ളി. കഴിഞ്ഞ ദിവസം അരവിന്ദ് കേജ് രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ മൂന്നുവരെ കോടതി നീട്ടിയിരുന്നു.
നേരത്തേ, ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേയ് 10ന് സുപ്രീംകോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അന്ന് സുപ്രീംകോടതിയുടെ ഇടക്കാലജാമ്യം ലഭിച്ച കേജ് രിവാള്‍ ജൂണ്‍ രണ്ടിനാണു തിരികെ ജയിലില്‍ പ്രവേശിച്ചത്. ജാമ്യം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിരുന്നില്ല.
മദ്യനയക്കേസില്‍ ആം ആദ് മി പാര്‍ടിയെയും (എഎപി) കേജ് രിവാളിനെയും പ്രതി ചേര്‍ത്താണ് എന്‍ഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആദ്യമായാണ് രാഷ്ട്രീയ പാര്‍ടിയും നിലവിലെ മുഖ്യമന്ത്രിയും പ്രതി ചേര്‍ക്കപ്പെട്ടത്. എഎപിയുടെ ദേശീയ കണ്‍വീനര്‍ എന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും കേജ് രിവാളിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. കള്ളപ്പണ ഇടപാടുകാരനായ ഒരു വ്യക്തിയുമായി കേജ് രിവാള്‍ നടത്തിയ ആശയവിനിമയത്തിന്റെ രേഖകള്‍ ഉള്‍പെടെ കുറ്റപത്രത്തില്‍ ഇഡി ഉള്‍പെടുത്തിയിട്ടുണ്ട്.
മദ്യനയക്കേസില്‍ മുഖ്യസൂത്രധാരന്‍ കേജ് രിവാളാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അതിന്റെ നേട്ടം എഎപിക്ക് ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ടിയേയും പ്രതി ചേര്‍ത്തത്. മാര്‍ച് 21ന് ഇഡി അറസ്റ്റ് ചെയ്ത കേജ് രിവാളിനെ തിഹാര്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാട്ടി ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു.