ഡെല്‍ഹിയില്‍ ബി ജെ പിയുടെ എല്ലാ പ്രതീക്ഷകളെയും തകര്‍ത്തുകൊണ്ട് ആം ആദ്മിയുടെ മുന്നേറ്റം; 70 ല്‍ 62 സീറ്റുകളില്‍ ആം ആദ്മി ലീഡ് ചെയ്യുന്നു; ബി ജെ പി 8 സീറ്റുകളില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 11.02.2020) ബി ജെ പിയുടെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് ഡെല്‍ഹിയില്‍ ആം ആദ്മി ഹാട്രിക്കിലേക്ക്. നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞില്ല. അതേസമയം ഒരു സീറ്റു പോലും നേടാനാവാതെ നാണം കെട്ട തോല്‍വിയുമായി കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. പുറത്ത് വരുന്ന സൂചനകളനുസരിച്ച് 70 ല്‍ 62 സീറ്റുകളില്‍ ആം ആദ്മി ലീഡ് ചെയ്യുകയാണ്. എട്ട് സീറ്റുകളിലാണ് ബി ജെ പി ലീഡ് ചെയ്യുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡെല്‍ഹിയെ ഞെട്ടിക്കുമെന്ന് ബി ജെ പി നേതാക്കള്‍ അവകാശപ്പെട്ടെങ്കിലും എ എ പിയെ തളയ്ക്കാനാവില്ല എന്ന് തെളിയിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. കേവല ഭൂരിപക്ഷത്തിന് 36 സീറ്റുമതി. മൂന്നാംതവണയും ഭരണത്തിലേറാന്‍ എ എ പിക്ക് ഇനി കടമ്പകളൊന്നും തന്നെയില്ല.

ഡെല്‍ഹിയില്‍ ബി ജെ പിയുടെ എല്ലാ പ്രതീക്ഷകളെയും തകര്‍ത്തുകൊണ്ട് ആം ആദ്മിയുടെ മുന്നേറ്റം; 70 ല്‍ 62 സീറ്റുകളില്‍ ആം ആദ്മി ലീഡ് ചെയ്യുന്നു; ബി ജെ പി 8 സീറ്റുകളില്‍

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ആംആദ്മിയുടെ മുന്നേറ്റമായിരുന്നു കാണാന്‍ കഴിഞ്ഞത്. പോസ്റ്റല്‍ വോട്ട് എണ്ണിതുടങ്ങിയപ്പോള്‍ ആദ്യ ലീഡ് ബി ജെ പിക്കായിരുന്നെങ്കിലും പിന്നീടങ്ങോട്ട് എ എ പിയുടെ കടന്നുകയറ്റമായിരുന്നു.

വ്യക്തമായ ഭൂരിപക്ഷത്തോടെ എ എ പി കുതിച്ചപ്പോള്‍ അത് ഇന്ത്യയുടെ തലസ്ഥാനം വിട്ടുകൊടുക്കില്ല എന്ന അതിശക്തമായ മറുപടിയായി മാറുകയായിരുന്നു. വോട്ടെണ്ണല്‍ തുടങ്ങി പത്ത് മിനിട്ട് പിന്നിട്ടപ്പോള്‍ എ എ പിയുടെ ലീഡ് 13 ആയപ്പോള്‍ ബി ജെ പി 12സീറ്റില്‍ ലീഡ് ചെയ്തു. അവിടുന്ന് എ എ പി യുടെ വ്യക്തമായ മുന്നേറ്റമായിരുന്നു.

എട്ടരമണിയോടെ എ എ പിയുടെ മുന്നേറ്റം 44 സീറ്റിലായപ്പോള്‍ ബി ജെ പി 12 ല്‍ തന്നെയായിരുന്നു. എ എ പിയുടെ ലീഡ് 53 മണ്ഡലങ്ങളിലായപ്പോള്‍ ബി ജെ പി 16 മണ്ഡലങ്ങളില്‍ മുന്നിലായി. അപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ മുന്നില്‍ കയറി. തൊട്ടടുത്ത നിമിഷം എ എ പിയുടെ ലീഡ് ഒന്ന് കുറഞ്ഞപ്പോള്‍ ബി ജെ പി ഒന്നുകൂട്ടി 17 ലെത്തി. അപ്പോഴും ഒരു സീറ്റിന്റെ മാത്രം ആശ്വാസവുമായി നിന്ന കോണ്‍ഗ്രസിന് പക്ഷേ, അത് അധികനേരം നിലനിറുത്താനായില്ല.

2013 ലെ തെരഞ്ഞെടുപ്പില്‍ എ എ പിക്ക് 28, ബി ജെ പിക്ക് 31, കോണ്‍ഗ്രസിന് എട്ട്, സ്വതന്ത്രര്‍ മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ എ പി 67സീറ്റ് നേടിയപ്പോള്‍ ബി ജെ പി വെറും മൂന്ന് സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് ഒറ്റ സീറ്റും കിട്ടിയില്ല.

എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായപ്പോള്‍ ബി ജെ പി തികഞ്ഞ പോരാട്ടം നടത്തിയതിന്റെ തെളിവാണ് നില മെച്ചപ്പെടുത്തിയതിന്റെ ലക്ഷണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും മൂന്ന് സീറ്റില്‍ ഒതുങ്ങുകയും പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എ എ പിയുടെ ഒരുസീറ്റുകൂടി പിടിച്ചെടുത്ത് നാല് സീറ്റില്‍ നിന്നിരുന്ന ബി ജെ പിക്ക് പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെങ്കിലും കഴിഞ്ഞ നാണംകെട്ട തോല്‍വിയില്‍ നിന്ന് ഉയരാന്‍ കഴിഞ്ഞു.

Keywords:  Delhi election results 2020 live: 'Delhi, I love you', says Kejriwal as AAP scores hat-trick,New Delhi, News, Politics, Aam Aadmi Party, Congress, BJP, Winner, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia