Launch | യാത്രക്കാര്‍ക്ക് ദീപാവലി സമ്മാനവുമായി റെയില്‍വേ; ഡെല്‍ഹിക്കും- പാറ്റ് നയ്ക്കും ഇടയില്‍ ദൈര്‍ഘ്യമേറിയ വന്ദേഭാരത് യാത്ര ഒക്ടോബര്‍ 30 മുതല്‍ ആരംഭിക്കും; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു
● പുതിയ ഡെല്‍ഹി- പാറ്റ്‌ന വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പൂര്‍ത്തിയാക്കാന്‍ 11.35 മണിക്കൂര്‍ എടുക്കും
● ന്യൂഡെല്‍ഹി-പാറ്റ് ന വന്ദേ ഭാരത് സ്പെഷ്യല്‍ ട്രെയിനില്‍ സ്ലീപ്പര്‍ ക്ലാസില്ല, മറിച്ച് ചെയര്‍ കാര്‍ സീറ്റുകള്‍
● എസി ചെയര്‍ കാര്‍ ടിക്കറ്റിന് ഒരാള്‍ക്ക് 2,575 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ ടിക്കറ്റിന് 4,655 രൂപയുമാണ് നിരക്ക്
ന്യൂഡെല്‍ഹി: (KVARTHA) യാത്രക്കാര്‍ക്ക് ദീപാവലി സമ്മാനവുമായി റെയില്‍വേ. ഡെല്‍ക്കും- പാറ്റ് നയ്ക്കും ഇടയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ വന്ദേഭാരത് യാത്ര ഒക്ടോബര്‍ 30 മുതല്‍ ആരംഭിക്കും. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. നിരത്തിലിറങ്ങി വളരെ പെട്ടെന്നാണ് വന്ദേഭാരത് ജനഹൃദയങ്ങളിലെത്തിയത്. ഇന്ന് തിരക്കുളള മിക്ക റൂട്ടുകളിലും വന്ദേഭാരത് സര്‍വീസ് നടത്തുന്നുണ്ട്.
അതിനിടെയിലാണ് ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രയ്ക്ക് കൂടി വന്ദേഭാരത് ഒരുങ്ങുന്നത്. ഡെല്‍ഹിക്കും പാറ്റ്‌നയ്ക്കും ഇടയില്‍ ഉത്തര്‍പ്രദേശ് വഴിയാണ് പുതിയ പ്രത്യേക വന്ദേ ഭാരത് എക്‌സ്പ്രസ് അവതരിപ്പിച്ചത്. ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് വെബ് സൈറ്റ് പ്രകാരം ന്യൂഡെല്‍ഹി- പാറ്റ്‌ന വന്ദേ ഭാരത് 1,000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. നേരത്തെ, വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ദൂരം ഡെല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്ക് 771 കിലോമീറ്ററായിരുന്നു.
സമയ ക്രമങ്ങളും സൗകര്യങ്ങളും അറിയാം
പുതിയ ഡെല്‍ഹി- പാറ്റ്‌ന വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പൂര്‍ത്തിയാക്കാന്‍ 11.35 മണിക്കൂര്‍ ആവശ്യമാണ്. പാടലിപുര ജംഗ്ഷനിലൂടെ കടന്നുപോകുന്ന ദിബ്രുഗഡ് രാജധാനി എക്‌സ്പ്രസ് 11.55 മണിക്കൂറും ന്യൂഡെല്‍ഹി-രാജേന്ദ്ര നഗര്‍ (പാറ്റ്‌ന) തേജസ് രാജധാനി 11.30 മണിക്കൂറും എടുക്കും.
ന്യൂഡെല്‍ഹിയില്‍ നിന്ന് പാറ്റ് നയിലേക്ക് എല്ലാ ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ പാറ്റ് നയില്‍ നിന്ന് ഡെല്‍ഹിയിലേക്കും വന്ദേ ഭാരത് സ്പെഷ്യല്‍ സര്‍വീസ് നടത്തും. ഡെല്‍ഹിയില്‍ നിന്ന്, ട്രെയിന്‍ രാവിലെ 8 .25 ന് പുറപ്പെട്ട് രാത്രി എട്ടു മണിക്ക് പാറ്റ്‌നയിലെത്തും.
പാറ്റ്‌നയില്‍ നിന്ന് രാവിലെ 07:30 ന് പുറപ്പെട്ട് വൈകുന്നേരം ഏഴു മണിക്ക് ഡെല്‍ഹിയില്‍ എത്തിച്ചേരും. ന്യൂഡെല്‍ഹി-പാറ്റ് ന വന്ദേ ഭാരത് സ്പെഷ്യല്‍ ട്രെയിനില്‍ സ്ലീപ്പര്‍ ക്ലാസില്ല, മറിച്ച് ചെയര്‍ കാര്‍ സീറ്റുകളാണ്. എസി ചെയര്‍ കാര്‍ ടിക്കറ്റിന് ഒരാള്‍ക്ക് 2,575 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ ടിക്കറ്റിന് 4,655 രൂപയുമാണ് നിരക്ക്.
പ്രത്യേക വന്ദേ ഭാരത് ട്രെയിന്‍ ന്യൂഡെല്‍ഹിയില്‍ നിന്ന് ആരംഭിച്ച് കാണ്‍പൂര്‍ സെന്‍ട്രല്‍, പ്രയാഗ് രാജ് ജംഗ്ഷന്‍, ദീന്‍ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍, ബക്‌സര്‍, ആരാ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ചെയ്ത് പാറ്റ്‌ന ജംഗ്ഷനില്‍ എത്തും.
#VandeBharat #IndianRailways #DelhiPatna #DiwaliGift #TrainJourney #ExpressService