വാഹനമിടിച്ച് വ്യവസായിയെ പരുക്കേൽപിച്ചെന്ന കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനെയും മകനെയും ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു
Feb 11, 2022, 22:25 IST
ന്യൂഡെല്‍ഹി: (www.kvartha.com 11.02.2022) വാഹനമിടിച്ച് വ്യവസായിയെ പരുക്കേൽപിച്ചെന്ന കേസില്‍ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനെയും മകനെയും ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സൗത് ഡെല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ്-1 ഭാഗത്താണ് സംഭവം നടന്നത്. യുവ വ്യവസായിയെ ഇടിച്ചിട്ട ശേഷം 200 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയെന്ന് ആരോപിച്ച് 27 കാരനായ നിയമ വിദ്യാര്‍ഥിയെ ഡെല്‍ഹി പൊലീസ് ആദ്യം അറസ്റ്റ് ചെയ്തു. മകന് അഭയം നല്‍കിയെന്നാരോപിച്ച് റിടയേര്‍ഡ് ഐ എ എസ് ഉദ്യോഗസ്ഥനെ പിന്നീടാണ് കസ്റ്റഡിയിലെടുത്തത്.
പ്രമുഖ സ്വകാര്യ സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥിയായ രാജ് സുന്ദരം ആണ് വാഹനം ഓടിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പുതുതായി വാങ്ങിയ ഫോക്സ് വാഗണ്‍, സുന്ദരം വളരെ വേഗത്തില്‍ ഓടിക്കുകയും ഇരയെ 200 മീറ്ററോളം ബോണറ്റില്‍ വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തെന്ന് പൊലീസ് പറയുന്നു.
'ആദ്യം, അശ്രദ്ധമായി വാഹനമോടിക്കുക, ഗുരുതരമായി പരിക്കേല്പിക്കുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പുകള്‍ ചേര്‍ത്തിരിക്കുന്നത്. പ്രതിയെ ഗുരുഗ്രാമിലെ ലെ മെറിഡിയന് ഹോടെലിന് പുറത്തുവച്ച് അറസ്റ്റ് ചെയ്തു. കൂടാതെ ഐപിസി സെക്ഷന്‍ 307 (കൊലപാതകശ്രമം), 308 (കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ), 212 (ഹാര്‍ബറിംഗ്) എന്നീ വകുപ്പുകളും ചുമത്തി' ഡി സി പി (സൗത് ഡിസ്ട്രിക്ട്) ബെനിറ്റ മേരി ജെയ്കര്‍ പറഞ്ഞു,
ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം നടന്നത്. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് വ്യവസായി ആനന്ദ് വിജയ് മണ്ടേലിയയ്ക്ക് (37) ഗുരുതരമായി പരിക്കേറ്റു. തലയില്‍ ഒന്നിലധികം മുറിവുകളുണ്ടെന്നും സാകേതിലെ മാക്സ് ഹോസ്പിറ്റലില്‍ വെന്റിലേറ്ററിന്റെ പിന്തുണയിലാണെന്നും കുടുംബം പറഞ്ഞു.
ഹിറ്റ് ആന്‍ഡ് റണിനെക്കുറിച്ച് തങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചുവെന്നും ദൃക്സാക്ഷികളോട് സംസാരിച്ചതിന് ശേഷം കടുക് നിറത്തിലുള്ള ഫോക്സ് വാഗണ്‍ മണ്ടേലിയയെ വീടിന് പുറത്ത് ഇടിച്ചതായി കണ്ടെത്തിയതായും പോലീസ് പറഞ്ഞു.
എഫ് ഐ ആര് രെജിസ്റ്റര്‍ ചെയ്ത ശേഷം പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് കാര്‍ കണ്ടെത്തി. കാറിന്റെ രെജിസ്ട്രേഷന് നമ്പര്‍ വാങ്ങി രാജിന്റെ വീട്ടിലെത്തി അവിടെ നിന്ന് വാഹനം കണ്ടെടുത്തു. രാജിനെയും അച്ഛനെയും കാണാനില്ലായിരുന്നു. ബന്ധുക്കളുമായും അഭിഭാഷകരുമായും വാട്സ്ആപ് വഴി ആശയവിനിമയം നടത്തിയിരുന്ന അച്ഛനെയും മകനെയും ഗുരുഗ്രാമിലെ ലെ മെറിഡിയന് ഹോടെലില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.