Leadership | ഡൽഹിയിലെ ഗെയിം ചെയ്ഞ്ചറായ രേഖാ ഗുപ്തയെത്തുമ്പോൾ നേരിടേണ്ടി വരിക വെല്ലുവിളികളേറെ; ഇന്ദ്രപ്രസ്ഥത്തിൽ ഇനി പുതുഭരണം


● ഡൽഹിയിൽ നാലാമത്തെ വനിതാ മുഖ്യമന്ത്രി.
● വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നു വന്ന നേതാവാണ്.
● സ്ത്രീ ശാക്തീകരണത്തിനും നഗരവികസനത്തിനും പ്രാധാന്യം നൽകുമെന്ന് രേഖ.
ഭാമനാവത്ത്
(KVARTHA) ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത അധികാരമേൽക്കുമ്പോൾ അവർ നേരിടുന്ന വെല്ലുവിളികളും ഏറെയാണ്. ആം ആദ്മി സർക്കാർ കൊണ്ടുവന്ന സൗജന്യങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ബി.ജെ.പിക്ക് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുകയും വേണം. കേന്ദ്രത്തിലും സംസ്ഥാനത്തും ഇരട്ട എൻജിൻ ഭരണമായതിനാൽ നരേന്ദ്ര മോഡി സർക്കാരിൻ്റെ നിർലോഭ പിൻതുണയുണ്ടാകുമെങ്കിലും അതിശക്തമായ പ്രതിപക്ഷമായി ആം ആദ്മിയുടെ 22 അംഗങ്ങൾ നിയമസഭയിലുണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ല.
ഇന്ത്യൻ തലസ്ഥാനത്തെ നയിക്കാൻ നാലാമത് ഒരു വനിതയെ കളത്തിലിറക്കിയിരിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം. സുഷമാ സ്വരാജ്, ഷീലാ ദീക്ഷിത്, അതിഷി എന്നിവരുടെ ഭരണത്തിന് ശേഷമാണ് രേഖാ ഗുപ്ത മുഖ്യമന്ത്രി പദത്തിലെത്തുന്നത്. 27 വർഷങ്ങൾക്ക് ശേഷം ഡൽഹി പിടിച്ചെടുത്ത ബിജെപി അതിന്റെ തലപ്പത്ത് ഒരു വനിതയെ നിയോഗിച്ചതിലൂടെ തങ്ങളുടെ നയം വ്യക്തമാക്കിയിരിക്കുകയാണ്.
കാൽനൂറ്റാണ്ട് കാലം ബിജെപിയെ മോഹിപ്പിച്ച ഡൽഹിയിൽ എന്തായാലും ഒരു പരീക്ഷണത്തിന് കേന്ദ്ര നേതൃത്വം തയ്യാറാകില്ലെന്നുറപ്പായിരുന്നു.
ആം ആദ്മി പാർട്ടിയുടെ ബന്ദാന കുമാരിയെ 29,595 വോട്ടുകൾക്ക് അട്ടിമറിച്ചു കൊണ്ടായിരുന്നു രേഖാഗുപ്ത തന്റെ കന്നി വിജയം ഷാലിമാർ ബാഗിൽ നേടിയത്. ഡൽഹിയിലെ പുതിയ സർക്കാർ രൂപീകരണത്തിന് ബിജെപി ചടുല ചുവടുകളോടെ നീങ്ങുമ്പോൾ ആദ്യമേ ഉയർന്നു വന്നൊരു പേരാണ് രേഖ ഗുപ്ത. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശരിക്കും പരിഗണിക്കാവുന്ന ഒരു ശക്തയായ മത്സരാർഥിയായി രേഖാ ഗുപ്ത ആദ്യമേ ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. പ്രത്യേകിച്ച് വനിതാ സ്ഥാനാർഥി കൂടിയായതിനാൽ രേഖാ ഗുപ്ത മുഖ്യമന്ത്രി സാധ്യതാ പട്ടികയിൽ ഒന്നുകൂടി മുന്നേറി.
പാർട്ടിക്കുള്ളിലെ വിവിധ വിഭാഗങ്ങളുടെ പിന്തുണ രേഖയെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തുണച്ചു. എന്തിനേറെ ഡൽഹിയുടെ രാഷ്ട്രീയ പ്രഹേളികയിൽ ബിജെപിക്ക് ഒരു ഗെയിം-ചേഞ്ചറായി രേഖയുടെ നേതൃപാടവം മാറിയേക്കാം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന നേതാവാണ് രേഖാ ഗുപ്ത. 1992 ൽ ഡൽഹി സർവകലാശാലയിലെ ദൗലത്ത് റാം കോളേജിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) വഴിയാണ് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. വളരെ ചുരുങ്ങിയകാലം കൊണ്ട് തന്നെ രേഖ വിദ്യാർഥി രാഷ്ട്രീയത്തിൽ തന്നെ രേഖപ്പെടുത്തുകയായിരുന്നു.
വിദ്യാർഥികളുടെ വിഷയം ഏറ്റെടുത്തുകൊണ്ട് അതിന്റെ പ്രശ്നപരിഹാരങ്ങൾക്കായി നിരന്തരം പോരാടുകയും, വിദ്യാർഥികളെ നയിക്കുന്ന നല്ലൊരു നേതാവായി മാറാനും രേഖയ്ക്ക് സാധിച്ചു. 1996–1997 കാലയളവിൽ രേഖാ ഗുപ്ത ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റായി ചുമതലയേറ്റു. ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു രേഖാ ഗുപ്ത. അങ്ങനെ ഡൽഹി സർവകലാശാലയിൽ അറിയപ്പെടുന്ന വ്യക്തിയായി, രാഷ്ട്രീയനേതാവായി. കാലക്രമേണ, പ്രാദേശിക രാഷ്ട്രീയത്തിലെ മികവുറ്റ പ്രവർത്തനത്തിന് രേഖ ഗുപ്ത കൈയ്യടി നേടി.
2007-ൽ ഉത്തരി പിതംപുരയിൽ നിന്ന് ഡൽഹി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2012-ൽ നോർത്ത് പിതംപുരയിൽ നിന്ന് വീണ്ടും കൗൺസിലറായി രേഖയെ തെരഞ്ഞെടുത്തു. പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായും, പാർട്ടിയുടെ ഡൽഹി യൂണിറ്റിന്റെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചതും ഉൾപ്പെടെ നിരവധി റോളുകൾ രേഖ ഗുപ്ത കൈകാര്യം ചെയ്തിട്ടുണ്ട് . ശക്തമായ ജനകീയ പിന്തുണയുള്ള, അർപ്പണബോധമുള്ള നേതാവെന്ന നിലയിൽ രേഖാ ഗുപ്ത പൊതുജനങ്ങൾക്കിടയിൽ പ്രശസ്തി ആർജ്ജിച്ചിട്ടുണ്ട്.
തന്റെ മണ്ഡലത്തിലെ നഗരവികസനം, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസ പരിഷ്കരണങ്ങൾ എന്നിവയിൽ നിർണായക പ്രവർത്തനങ്ങൾ രേഖാഗുപ്ത നടത്തിയിട്ടുണ്ട്. 1974 ജൂലൈ 19 ന് ഹരിയാനയിലെ ജുലാനയിലാണ് രേഖാ ഗുപ്ത ജനിച്ചത്. 50 വയസ്സുള്ള രേഖാ ഗുപ്ത ബിരുദധാരിയാണ്. ആകെ ആസ്തി 5.3 കോടി രൂപയും ബാധ്യതകൾ 1.2 കോടി രൂപയുടേതുമാണ്.
ഡൽഹിയിലെ ഓരോ പൗരന്റെയും ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നാണ് രേഖ ഗുപ്ത ആദ്യം പ്രതികരിച്ചത്. സമഗ്ര വികസനത്തിനായി സത്യസന്ധമായി പ്രവർത്തിക്കും. ഡൽഹിയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ താൻ പ്രതിജ്ഞാബദ്ധയാണെന്നും തന്നിൽ വിശ്വാസമർപ്പിച്ച നേതൃത്വത്തിന് നന്ദിയെന്നും രേഖ ഗുപ്ത പറയുമ്പോൾ ഡൽഹിയിലെ ജനങ്ങൾക്കും പ്രതീക്ഷകളുണ്ട്. സുസ്ഥിര വികസനം രേഖയിലൂടെ എത്തുമോയെന്നതാണ് അവരുടെ ചോദ്യം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Rekha Gupta becomes Delhi's Chief Minister, facing several challenges, including balancing AAP’s promises while fulfilling BJP’s commitments. She has a strong background in student leadership and has made significant contributions to the city
#DelhiNews, #RekhaGupta, #BJP, #DelhiCM, #IndianPolitics, #WomenLeadership