Crisis | വിഷപ്പുകയാൽ ഡൽഹി മുങ്ങുമ്പോൾ വീണ വായിക്കുന്നു ഭരണാധികാരികൾ! വരാൻ പോകുന്നത് മനുഷ്യർ പിടഞ്ഞുമരിക്കുന്ന ഭോപ്പാൽ കാലമോ?
● ശൈത്യകാലം ആരംഭിച്ചതോടെ കനത്ത ആശങ്ക.
● പുകമഞ്ഞിനൊപ്പം എയര്‍ ക്വാളിറ്റി മോശമായ അവസ്ഥയിലേക്ക്.
● ആയുസ് 5.4 വയസ് കുറയുന്നുമെന്ന് ലോകാരോഗ്യ സംഘടന.
● രൂക്ഷമായി ബാധിക്കുന്നത് ഗര്‍ഭിണികളെയും കുട്ടികളെയും.
ഭാമനാവത്ത്
(KVARTHA) രാജ്യതലസ്ഥാനമായ ഡൽഹി വിഷപ്പുക തങ്ങി നിൽക്കുന്ന പുക മുറിയായി മാറുമ്പോൾ ഉറക്കം നടിക്കുകയാണ് ഡൽഹിയിലെ പ്രാദേശിക ഭരണകൂടവും കേന്ദ്ര സർക്കാരുമെന്നാണ് ആക്ഷേപം. മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുന്ന വായു മലിനീകരണത്തിനെതിരെ ഒന്നും ചെയ്യാതെ ഭരണകൂടങ്ങൾ നിഷ്ക്രിയമായി നോക്കി നിൽക്കുന്നത് വിനാശത്തെ ക്ഷണിച്ചു വരുത്താൻ ഇടയാക്കും.
ശൈത്യകാലം ആരംഭിച്ചതോടെ കനത്ത ആശങ്കയിലാണ് ഡൽഹിയടക്കമുള്ള ഉത്തരേന്ത്യൻ നഗരങ്ങൾ. ഓരോ ദിവസവും രാജ്യത്തെ വിവിധ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന എയർ ക്വാളിറ്റി ഇൻഡക്‌സ് ഉപകരണത്തിന്റെ കണ്ടെത്തൽ പ്രകാരം രൂക്ഷമായ അവസ്ഥയിലാണ് ഡൽഹിയിൽ മലിനീകരണ തോത് വർധിക്കുന്നത്.
കനത്ത പുകമഞ്ഞിനൊപ്പം എയർ ക്വാളിറ്റി ഏറ്റവും മോശമായ അവസ്ഥയിലേക്ക് പോവുകയും ചെയ്യുന്നുണ്ട്. നവംബർ 27ലെ ഡാറ്റ പ്രകാരം ഡൽഹി നഗരത്തിലെ പലഭാഗങ്ങളിലായി സ്ഥാപിച്ച 35 എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 22 എണ്ണത്തിലും എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 500 ലാണ് രേഖപ്പെടുത്തിയത്. മലീനീകരണതോത് രേഖപ്പെടുത്താൻ സാധിക്കുന്ന തോതിന്റെ ഏറ്റവും പരമാവധിയാണിത്.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം കനത്ത വായുമലിനീകരണമുള്ള പ്രദേശങ്ങളിലെ ആളുകളുടെ ആയുസ് 5.4 വയസ് കുറയുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വർഷാവർഷങ്ങളിൽ ഡൽഹിയടക്കമുള്ള സ്ഥലങ്ങളിൽ അന്തരീക്ഷ മലനീകരണം രൂക്ഷമാവുകയും സർക്കാർ മലനീകരണം നിയന്ത്രിക്കാൻ എന്തെങ്കിലും കാട്ടി കൂട്ടുന്നതല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
ഡൽഹിയിൽ ഡ്രൈവിംഗ് നിയന്ത്രണങ്ങളും മലിനീകരണം രൂക്ഷമായ സമയങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതുമായ നടപടികൾ നടക്കുന്നുണ്ടെങ്കിലും ഇതൊന്നും തീരെ ഗുണം ചെയ്യുന്നില്ല. ദീപാവലിക്കാലത്തെ പടക്കം പൊട്ടിക്കൽ കൊണ്ടോ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് കൊണ്ടോ മാത്രമല്ല അന്തരീക്ഷ മലനീകരണം രൂക്ഷമാവുന്നത്.
2007ൽ സമ്പൂർണ പുകവലി നിരോധനം പ്രഖ്യാപിച്ച സ്ഥലമാണ് ഡൽഹിയുമായി അതിരു പങ്കുവയ്ക്കുന്ന ചണ്ഡീഗഡ്. എന്നാൽ കഴിഞ്ഞ പതിനേഴ് വർഷത്തിനിടയിൽ രാജ്യത്ത് ഏറ്റവും മലിനമായ അന്തരീക്ഷമുള്ള രണ്ടാമത്തെ നഗരമാണ് ഡൽഹിയുമായി അതിർത്തി പങ്കിടുന്ന ചണ്ഡീഗഡ്. നവംബർ 27 ലെ കണക്കുകൾ പ്രകാരം ഡൽഹിയെക്കാൾ മോശം കാലാവസ്ഥയാണ് ചണ്ഡീഗഡിലുണ്ടായിരുന്നത്. ചണ്ഡീഗഢിലെ മൊത്തം മലിനീകരണത്തിന്റെ 40 ശതമാനവും വാഹനങ്ങൾ കാരണമാണ് ഉണ്ടാവുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഇതിന് പുറമെ പഞ്ചാബ്, ഹരിയാന തുടങ്ങിയ സമീപ സംസ്ഥാനങ്ങളിലെ കാർഷിക അവശിഷ്ടങ്ങളായ വൈക്കോൽ കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണം രൂക്ഷമാവുന്നതിന് കാരണമാക്കിയിട്ടുണ്ട്. 2024-ൽ 16 ലക്ഷം ടൺ അവശിഷ്ടങ്ങളാണ് രേഖകൾ പ്രകാരം കത്തിച്ചത്. രാജ്യത്ത് പുകവലി മൂലമല്ലാത്ത ശ്വാസകോശ കാൻസർ വർധിക്കുന്നതിനും അന്തരീക്ഷ മലനീകരണം കാരണമാവുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
സിഗരറ്റ് പുക പോലെ വായുവിൽ 70 ശതമാനം ക്ലാസ്-1 കാർസിനോജനുകൾ അല്ലെങ്കിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്, ഇതാണ് പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദം വർധിക്കുന്നതിന്റെ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയർ റിപ്പോർട്ട് പ്രകാരം, 2021-ൽ, ഇന്ത്യയിൽ 100,000 മരണങ്ങളിൽ 148 എണ്ണം മലിനമായ വായു മൂലമാണെന്നും കണ്ടെത്തലുകൾ പുറത്തുവന്നിട്ടുണ്ട്.
ഭോപ്പാൽ ദുരന്തം ലോക ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിൽ ഒന്നായിരുന്നു. 1984 ഡിസംബർ രണ്ടിന് ഇന്ത്യയിലെ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് കീടനാശിനി നിർമ്മാണശാലയിൽ നിന്നും വിഷവാതകം ചോർന്നതോടെയാണ് ഈ ദുരന്തം സംഭവിച്ചത്. മീഥൈൽ ഐസോസയനേറ്റ് എന്ന വിഷവാതകം അന്തരീക്ഷത്തിൽ വ്യാപിച്ചതോടെ ലക്ഷക്കണക്കിന് ആളുകൾ ദുരിതത്തിലായി. ആയിരക്കണക്കിന് പേർ മരിച്ചു, ലക്ഷക്കണക്കിന് പേർ രോഗബാധിതരായി. ഈ ദുരന്തം സൃഷ്ടിച്ച സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങൾ ഇന്നും ഭോപ്പാൽ നിവാസികളെ അലട്ടുന്നു.
ഗർഭിണികളായ സ്ത്രികൾ, 0-14 വയസ് വരെയുള്ള കുട്ടികൾ എന്നിവരെയാണ് അന്തരീക്ഷ മലനീകരണം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത്. ഇവരെ കൂടാതെ പ്രായമായവരെയും രോഗികളെയും രൂക്ഷമായി ബാധിക്കും. തലച്ചോറ് മുതൽ കാൽ വരെ ശരീരത്തിലെ വിവിധ അവയവങ്ങളെ വായുമലിനീകരണം ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. തലച്ചോറ്, ഹൃദയം, വൃക്കകൾ, കരൾ, കുടൽ, അസ്ഥികൾ, പ്രത്യുത്പാദന വ്യവസ്ഥ, എൻഡോക്രൈൻ സിസ്റ്റം എന്നിവയെ വായു മലിനീകരണം ബാധിക്കുന്നുണ്ട്.
ശ്വാസതടസം, ആസ്ത്മ, സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസോർഡർ), എംഫിസെമ, ശ്വാസകോശ അർബുദം, ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗങ്ങൾ, ക്ഷയം, അലർജികൾ തുടങ്ങിയവയാണ് സാധാരണയായി വായു മലിനീകരണം മൂലമുണ്ടാവുന്ന രോഗങ്ങൾ. ഇവ കൂടാതെ കുട്ടികളിൽ അകാല രക്തസമ്മർദവും ഹൃദയാഘാതവും ഉണ്ടാക്കുന്നുണ്ട്.
കുട്ടികളിലെ നാഡീവ്യവസ്ഥയെയും തലച്ചോറിനെയും വായുമലിനീകരണം ബാധിക്കും. കുട്ടികൾ ഹൈപ്പർ ആക്റ്റീവ് ആകുകയോ ശ്രദ്ധക്കുറവ് പ്രശ്‌നങ്ങൾ ഉണ്ടാകുകയോ ചെയ്യാം. ബുദ്ധി വളർച്ച കുറയുന്നതും സാധാരണമാണ്. ഇതിന് പുറമെ ഡിമെൻഷ്യയും അൽഷിമേഴ്സ് രോഗവും അന്തരീക്ഷ മലിനീകരണത്തിന് വിധേയരായവരിൽ സർവ്വസാധാരണമായിട്ടുണ്ട്.
ഇത്രയും വലിയ ദുരവസ്ഥ രാജ്യ തലസ്ഥാനം ഇതുവരെ നേരിട്ടിട്ടില്ല. ഡൽഹിയിലെ വായു മലിനീകരണം ഇനിയും പിടിച്ചു നിർത്താൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യൻ തലസ്ഥാനത്തേക്ക് വിദേശ രാജ്യങ്ങളിലുള്ളവർ വരാൻ മടിച്ചേക്കും. എംബസികൾ പൂട്ടി മറ്റു രാജ്യങ്ങൾ പോകുന്നത് ഭാരതത്തിന് അപമാനകരമായി മാറും.
#DelhiAirPollution, #India, #airpollution, #healthcrisis, #climatechange, #Bhopal