'നിന്ദ്യമായ നിയമം': ബക്രീദിനോടനുബന്ധിച്ച് കേരള സര്‍കാര്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സിങ്‌വി
Jul 18, 2021, 11:43 IST
ന്യൂഡെല്‍ഹി: (www.kvartha.com 18.07.2021) കന്‍വര്‍ യാത്ര തെറ്റാണെങ്കില്‍ ബക്രീദ് ആഘോഷവും തെറ്റെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി. ബക്രീദിനോടനുബന്ധിച്ച് കേരള സര്‍കാര്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് മനു അഭിഷേക് സിങ്‌വി.
'ബക്രീദ് ആഘോഷങ്ങള്‍ക്കായി മൂന്ന് ദിവസത്തെ ഇളവ് അനുവദിച്ച കേരള സര്‍കാരിന്റെ നടപടി നിന്ദ്യമാണ്. പ്രത്യേകിച്ച്, കേരളം കോവിഡിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി തുടരുമ്പോള്‍. കന്‍വര്‍ യാത്ര തെറ്റാണെങ്കില്‍ ബക്രീദ് ആഘോഷവും തെറ്റാണ്' -സിങ്‌വി ട്വീറ്റ് ചെയ്തു.
അതേസമയം, ബക്രീദ് ആഘോഷവും കന്‍വര്‍ യാത്രയും വ്യത്യസ്തമാണെന്ന് നിരവധി പേര്‍ സിങ്‌വിയുടെ ട്വീറ്റിന് മറുപടിയായി ചൂണ്ടിക്കാട്ടുന്നുണ്ട്. വീടുകളില്‍ ഒതുങ്ങിയുള്ള ആഘോഷമാണ് ബക്രീദ് ദിവസം നടക്കുന്നതെന്നും വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നില്ലെന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ആയിരങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങാണ് കന്‍വര്‍ യാത്ര.
സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഈ വര്‍ഷം കന്‍വര്‍ യാത്ര ഒഴിവാക്കാന്‍ യുപി സര്‍കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കന്‍വര്‍ യാത്ര റദ്ദാക്കിയില്ലെങ്കില്‍ അതിനായി ഉത്തരവിറക്കും എന്ന മുന്നറിയിപ്പും കോടതി നല്‍കിയിരുന്നു. പൗരന്റെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്നായിരുന്നു കോടതി നടത്തിയ വിമര്‍ശനം. അതിന് പിന്നാലെയാണ് യാത്ര റദ്ദാക്കിക്കൊണ്ടുള്ള യുപി സര്‍കാര്‍ തീരുമാനം. കേന്ദ്ര സര്‍കാരും ഉത്തര്‍പ്രദേശ് സര്‍കാരിന്റെ തീരുമാനത്തെ എതിര്‍ത്തിരുന്നു.
നേരത്തെ, ഉത്തരാഖണ്ഡും കന്‍വര്‍ യാത്ര ഒഴിവാക്കിയിരുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഗോമുഖ്, ഗംഗോത്രി, ബിഹാറിലെ സുല്‍താന്‍ഗഞ്ച് എന്നിവിടങ്ങളിലേക്ക് ശ്രാവണ മാസത്തില്‍ (ജൂലൈ) ഭക്തര്‍ ഗംഗാജലം തേടി നടത്തുന്ന യാത്രയാണ് കന്‍വര്‍ യാത്ര. ഇവിടങ്ങളിലെ ഗംഗ നദിയില്‍ ഇറങ്ങി പാത്രങ്ങളില്‍ വെള്ളം ശേഖരിക്കുകയാണ് ചെയ്യുക.
കേരളത്തില്‍ ബക്രീദിനോടനുബന്ധിച്ച് 18, 19, 20 ദിവസങ്ങളില്‍ ഇളവ് നല്‍കാനാണ് സംസ്ഥാന സര്‍കാര്‍ തീരുമാനിച്ചത്. രാത്രി എട്ട് വരെ കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്.
Keywords: News, National, India, New Delhi, Ramadan, Congress, Politics, Festival, Twitter, Social Media, Criticism, 'Deplorable Act’: Congress Slams Kerala Govt For Relaxing COVID Curbs During BakridDeplorable act by Kerala Govt to provide 3 days relaxations for Bakra eid celebrations especially because it's one of the hot beds for Covid-19 at present. If Kanwar Yatra is wrong, so is Bakra Eid public celebrations.
— Abhishek Singhvi (@DrAMSinghvi) July 17, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.