Accusation | 'മാലിന്യങ്ങള്‍ അതിര്‍ത്തി കടന്നെത്തുന്നുന്നത് തടയണം'; കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കത്തെഴുതി കര്‍ണാടക
● ബന്ദിപ്പുര്‍ മൂലെഹോളെ ചെക്ക്‌പോസ്റ്റില്‍ 6 ട്രക്കുകള്‍ പിടിച്ചെടുത്തു.
● കഴിഞ്ഞ ദിവസം 7 പേരെ അറസ്റ്റ് ചെയ്തിരുന്നു.
● ആളൊഴിഞ്ഞ മേഖലകളിലാണ് മാലിന്യം തള്ളുന്നത്.
ബെംഗളൂരു: (KVARTHA) സംസ്ഥാന അതിര്‍ത്തി കടന്ന് ട്രക്കുകളില്‍ മെഡിക്കല്‍, പ്ലാസ്റ്റിക് മാലിന്യം എത്തുന്നുവെന്ന് കര്‍ണാടക. വിഷ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെ ടണ്‍ കണക്കിന് ഖരമാലിന്യവുമായി കേരളത്തില്‍ നിന്നുള്ള ട്രക്കുകള്‍ അനധികൃതമായി കര്‍ണാടകയിലേക്ക് കടക്കുന്നത് തുടരുന്നുവെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കത്തെഴുതി കര്‍ണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്(Karnataka State Pollution Control Board -KSPCB).
അയല്‍സംസ്ഥാനത്ത് നിന്ന് കൊണ്ടുവരുന്ന മാലിന്യത്തില്‍ മൃഗാവശിഷ്ടങ്ങളും ബയോമെഡിക്കല്‍ മാലിന്യങ്ങളും പ്ലാസ്റ്റിക്കും ഉള്‍പ്പെടുന്നുവെന്നും കത്തില്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം കേരളത്തില്‍നിന്ന് മാലിന്യവുമായെത്തിയ 6 ട്രക്കുകള്‍ ബന്ദിപ്പുര്‍ മൂലെഹോളെ ചെക്ക്‌പോസ്റ്റില്‍ പൊലീസ് തടഞ്ഞ് 7 പേരെ അറസ്റ്റ് ചെയ്തിരുന്നു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചാമരാജ്‌നഗര്‍ ജില്ലാ ഓഫീസര്‍ പി ഉമാശങ്കര്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഗുണ്ടല്‍പേട്ട് പൊലീസ് ട്രക്ക് പിടികൂടിയത്. ബന്ദിപ്പുര്‍ വനമേഖല, എച്ച്ഡി.കോട്ട, ചാമരാജ്‌നഗര്‍, നഞ്ചന്‍ഗുഡ്, മൈസൂരു, മണ്ഡ്യ, കുടക് എന്നിവിടങ്ങളിലെ ആളൊഴിഞ്ഞ മേഖലകളിലാണ് മാലിന്യം തള്ളുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് മൈസൂരുവില്‍ മാലിന്യം തള്ളാനെത്തിയ ലോറി പിടികൂടി രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. 2020 ജനുവരിയിലും കര്‍ണാടക ഇതേ ആവശ്യം കേരളത്തോട് ഉന്നയിച്ചിരുന്നു. മൂലെഹോളെ, ബാവലി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കാന്‍ കര്‍ണാടക വനംവകുപ്പിന് നിര്‍ദേശം നല്‍കി.
#wastepollution #India #Kerala #Karnataka #borderdispute #environment #medicalwaste #plasticwaste