Paradox | യുദ്ധം കൊടുമ്പിരികൊള്ളുമ്പോഴും യുപിയിലെ തൊഴിലാളികള്‍ ഇസ്രാഈലിൽ ജോലിക്കായി ക്യൂ നില്‍ക്കുന്നത് എന്തുകൊണ്ട്?
● ഉത്തർപ്രദേശിലെ തൊഴിലാളികൾ ഇസ്രായേലിലെ യുദ്ധത്തെ അവഗണിച്ച് ജോലി തേടുന്നു.
● ഉയർന്ന തൊഴിലില്ലായ്മയാണ് ഇതിന് പ്രധാന കാരണം.
● സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉണ്ടായിട്ടും ഇസ്രായേലിലേക്ക് പോകുന്നു.
അർണവ് അനിത
(KVARTHA) ഒരു കൊല്ലത്തിലധികവുമായി ഇസ്രയേലിലെ അവസ്ഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്, ഹമാസ് ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേല്‍ പലസ്തീനിലേക്ക് ആക്രമം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ഇറാനും ഹൂതികളും ഇസ്രയേലില്‍ ആക്രമണം നടത്തി. അങ്ങനെ വല്ലാത്തൊരു അരാജകത്വം ഇസ്രയേലില്‍ നിലനില്‍ക്കുന്നു. പ്രധാനമന്ത്രി ബെന്യാമെന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റുവാറന്‍ഡ് പുറപ്പെടുവിച്ചിരിക്കുകയാണ്.
ഇത്തരത്തിലുള്ള സംഘര്‍ഷങ്ങളെല്ലാം നിലനില്‍ക്കുമ്പോഴും അവിടേക്ക് തൊഴില്‍ തേടി പോകാന്‍ ആളുകള്‍ തയ്യാറാവുകയാണെങ്കില്‍ അവരുടെ അവസ്ഥ എന്തായിരിക്കും. പറഞ്ഞുവരുന്നത് ഉത്തര്‍പ്രദേശിലെ തൊഴിലാളികളുടെ കാര്യമാണ്. 'അവിടെ യുദ്ധം നടക്കുന്നുണ്ടെന്ന് എനിക്കറിയാം, പക്ഷേ ഇവിടെ തൊഴിലവസരങ്ങളില്ല. ഇസ്രായേലില്‍ ഒരു ജോലികിട്ടിയാല്‍ എന്റെ കുടുംബം രക്ഷപെടും,' ലക്നൗ സ്വദേശിയായ കൊമേഴ്സ് ബിരുദാനന്തര ബിരുദധാരിയായ അമിത് സിംഗ് ചൗഹാന്‍ പറയുന്നു.
തന്റെ യോഗ്യതയ്ക്ക് അനുയോജ്യമായ ജോലി യുപിയില്‍ ലഭിക്കുന്നില്ല. വിവാഹിതനായ ചൗഹാന്‍ ഭാര്യയെയും മാതാപിതാക്കളെയും പോറ്റാനുള്ള ഉത്തരവാദിത്തത്തില്‍ ബുദ്ധിമുട്ടുകയാണ്. അതുകൊണ്ട് ഇസ്രായേലിലെ തൊഴില്‍ ഏക പ്രതീക്ഷയായി കാണുന്നു. സംഘര്‍ഷഭരിതമായ ഇസ്രായേലില്‍ മികച്ച ശമ്പളമുള്ള ജോലികള്‍ വാഗ്ദാനം ചെയ്ത ലഖ്നൗവിലെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്നില്‍ നൂറുകണക്കിന് തൊഴിലാളികള്‍ ക്യൂവില്‍ നില്‍ക്കുന്നു. 1.37 മുതല്‍ 1.92 ലക്ഷം രൂപ വരെ പ്രതിമാസ ശമ്പളം കിട്ടും.
ഇന്ത്യയില്‍ അവര്‍ സമ്പാദിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണ് . ഹമാസും ഇസ്രയേലും തമ്മില്‍ തുടരുന്ന സംഘര്‍ഷം ഇവരെ പിന്തിരിപ്പിക്കുന്നില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള ഈ തൊഴിലാളികളില്‍ പലര്‍ക്കും, അവരുടെ കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള സാധ്യത എന്നനിലയിലാണ് അവിടേക്ക് പറക്കുന്നത്. സംഘര്‍ഷമേഖലയില്‍ ജോലി ചെയ്യുന്നതിന്റെ അപകടസാധ്യതകളെക്കാള്‍ വലുതാണ് ഇവര്‍ക്ക് ജോലി. അധികസമയം ജോലി ചെയ്തിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഇവരില്‍ പലരും കുടുംബത്തിന്റെ ഏക അത്താണിയാണ്.
ഉദാഹരണത്തിന്, വാരണാസിയില്‍ നിന്നുള്ള മരപ്പണിക്കാരനായ മനോജ് കുമാര്‍ റാം, തൊഴിലില്ലായ്മ അവരെ എങ്ങനെ ബുദ്ധിമുട്ടിക്കുന്നെന്ന് അടിവരയിട്ടു. യുപിയിലെ തൊഴിലില്ലായ്മ നരകയാതനയാണ്. ഒരു ദിവസം 500 രൂപ മാത്രമേ കൂലിയുള്ളൂ, അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതിനാല്‍ കുടുംബം പുലര്‍ത്താന്‍ പ്രയാസമാണ്. അപകടസാധ്യതയുണ്ടെങ്കിലും, ഇവിടെ കിടന്ന് നരകിക്കുന്നതിനേക്കാള്‍ പ്രതിമാസം 1.37 ലക്ഷം രൂപ സമ്പാദിക്കാന്‍ കഴിയുന്ന ഇസ്രായേലിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്, 'റാം വിശദീകരിച്ചു.
ബസ്തിയില്‍ നിന്നുള്ള മൂന്ന് കുട്ടികളുടെ പിതാവായ സൂരജ് കുമാര്‍, ഇസ്രായേലില്‍ ജോലി ചെയ്യാന്‍ തീരുമാനിച്ചതിന് കാരണം അവിടെ നേരത്തെ ജോലി ചെയ്യുന്ന ഒരു ബന്ധുവാണ്. 'യുദ്ധത്തിനിടയിലും ബന്ധുവിന് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുമെങ്കില്‍, എനിക്കും കഴിയും. 1.65 ലക്ഷം രൂപ ശമ്പളത്തില്‍, എന്റെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസവും മികച്ച ആരോഗ്യ പരിരക്ഷയും ഉറപ്പാക്കാന്‍ എനിക്ക് കഴിയും,' അദ്ദേഹം പറഞ്ഞു.
സീതാപൂരില്‍ നിന്നുള്ള ഇലക്ട്രീഷ്യനായ ഗജേന്ദ്ര വര്‍മ്മ മുമ്പ് ദുബായില്‍ ജോലി ചെയ്തിരുന്നത് പ്രതിമാസം 45,000 രൂപയ്ക്കാണ്, അത് കൊണ്ട് വലിയ മെച്ചമുണ്ടായില്ല. 'ഇന്ത്യയില്‍, വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് അവരുടെ കുടുംബത്തിന്റെ ഭാവിക്കായി സമ്പാദിക്കാന്‍ കഴിയില്ല. ദുബായില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ഇനി ഇവിടെ നില്‍ക്കേണ്ടെന്ന് തീരുമാനിച്ചു. കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള ഒരേയൊരു അവസരമാണ് ഇസ്രായേലിലെ ജോലി,' വര്‍മ്മ പറഞ്ഞു.
സന്ത് കബീര്‍ നഗറില്‍ നിന്നുള്ള വെല്‍ഡറായ അശ്വനി യാദവിനെ സംബന്ധിച്ചിടത്തോളം കടങ്ങള്‍ തിരിച്ചടയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേലിലേക്ക് പറക്കുന്നത്. 'കടം വീട്ടാതെ ജീവിക്കുന്നത് അപമാനകരമാണ്. എന്റെ കടങ്ങള്‍ വീട്ടാന്‍ മതിയായ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ജോലിക്കായി യുപി സര്‍ക്കാരിന്റെ സംഗം റോസ്ഗര്‍ പോര്‍ട്ടലില്‍ അപേക്ഷിച്ചിരുന്നു. അതുകൊണ്ട് ഇസ്രയേലിലേക്ക് പോവുകയാണ്. അപകടസാധ്യതയുള്ളതുമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്ന ഞങ്ങളുടെ സുരക്ഷ ഇന്ത്യന്‍, ഇസ്രായേല്‍ സര്‍ക്കാരുകള്‍ ഉറപ്പാക്കണം, 'അദ്ദേഹം പറഞ്ഞു.
പ്രതിമാസം 24,000 രൂപ സമ്പാദിക്കുന്ന ഫര്‍ണിച്ചര്‍ നിര്‍മ്മാതാവായ വിജയ് കുമാര്‍ ഗോസ്വാമി തന്റെ സഹോദരിയുടെ വിവാഹത്തിനും കുടുംബത്തിന്റെ ചികിത്സാ ആവശ്യങ്ങള്‍ക്കുമായി ഇസ്രായേലില്‍ ജോലിക്ക് പോവുകയാണ്. 'യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തേക്ക് പോകാന്‍ ഭയമാണ്, പക്ഷേ എന്റെ കുടുംബത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താന്‍ എനിക്ക് മറ്റ് മാര്‍ഗമില്ല,' വിജയ്കുമാര്‍ പറഞ്ഞു.
ചില തൊഴിലാളികളെ ഇസ്രായേലില്‍ ജോലി ചെയ്യുന്ന ബന്ധുക്കള്‍ നിര്‍ബന്ധിക്കുമ്പോള്‍, മറ്റുള്ളവരുടെ കുടുംബങ്ങളില്‍ നിന്ന് എതിര്‍പ്പ് നേരിടുന്നു. എന്റെ മാതാപിതാക്കള്‍ക്ക് ഭയമാണ്, പക്ഷേ ഇപ്പോഴത്തെ ശമ്പളമായ 25,000 രൂപ കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരിക്കലും അവസാനിക്കില്ല. പ്രതിമാസം 1.37 ലക്ഷം രൂപ സമ്പാദിക്കാനുള്ള അവസരം ഒഴിവാക്കാനാകില്ല- സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ഇസ്രായേലില്‍ ജോലി ചെയ്യാനുള്ള തീരുമാനത്തെ മാതാപിതാക്കള്‍ എതിര്‍ക്കുന്നതിനെ കുറിച്ച് ഡിയോറിയയില്‍ നിന്നുള്ള നീരജ് കുമാര്‍ കുശ്വാഹ പങ്കുവെച്ചു.
ഇന്ത്യയുടെ നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി (എന്‍എസ്ഡിസി) സഹകരിച്ച് ഇസ്രയേലിന്റെ പോപ്പുലേഷന്‍, ഇമിഗ്രേഷന്‍, ബോര്‍ഡര്‍ അതോറിറ്റി (പിഐബിഎ) സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവ് നവംബര്‍ 26 ന് ആരംഭിച്ച് ഡിസംബര്‍ 3 ന് അവസാനിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അതിന്റെ റോസ്ഗാര്‍ വഴിയാണ് ഈ യജഞം നടത്തിയത്. സംഗമം പോര്‍ട്ടലില്‍ പ്രതിദിനം 650 പേര്‍ക്ക് അപേക്ഷ നല്‍കാം.
നവംബര്‍ 28 വരെ, ഉത്തര്‍പ്രദേശില്‍ ഉടനീളമുള്ള 2,437 തൊഴിലാളികള്‍ റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ പങ്കെടുത്തു, 1,069 പേര്‍ക്ക് ഇസ്രായേലില്‍ ജോലി ശരിയായി. സംസ്ഥാനത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം മന്ത്രി കപില്‍ ദേവ് അഗര്‍വാള്‍ ഐടിഐ കാമ്പസ് സന്ദര്‍ശിച്ച് സംരംഭത്തെ പ്രശംസിച്ചു. 'ഈ യജ്ഞം ഇന്ത്യന്‍ തൊഴിലാളികളുടെ കരിയര്‍ വര്‍ദ്ധിപ്പിക്കുകയും അവര്‍ക്ക് ആഗോള തൊഴിലവസരങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും,' അദ്ദേഹം പറഞ്ഞു.
ഫ്രെയിംവര്‍ക്ക് കാര്‍പെന്റര്‍മാര്‍, ഇരുമ്പ് ബെന്‍ഡര്‍മാര്‍, സെറാമിക് ടൈലറുകള്‍, പ്ലാസ്റ്ററര്‍മാര്‍ തുടങ്ങി വിവിധ ജോലികളില്‍ ഇസ്രായേല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് ഐടിഐ ലഖ്നൗ പ്രിന്‍സിപ്പല്‍ രാജ് കുമാര്‍ യാദവ് പറഞ്ഞു. 'ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഇസ്രായേലില്‍ ജോലി ഉറപ്പ് വരുത്തുന്നതിന് കാര്യക്ഷമമായ ഒരു പ്രക്രിയ ഉറപ്പാക്കുകയാണ് പിഐബിഎയും എൻഎസ്ഡിസിയും തമ്മിലുള്ള സഹകരണം,' യാദവ് അഭിപ്രായപ്പെട്ടു.
ഈ തൊഴിലാളികള്‍ക്ക് സമ്മതമാണെങ്കിലും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്ന ഇസ്രായേലി പ്രതിനിധി സംഘത്തെ മാധ്യമങ്ങള്‍ സമീപിച്ചപ്പോള്‍, അവര്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. 'മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവാദമില്ല,' ഒരു പ്രതിനിധി പറഞ്ഞു. വര്‍മ, അശ്വനി യാദവ് തുടങ്ങിയ തൊഴില്‍ തേടുന്നവര്‍ തങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ഇരു സര്‍ക്കാരുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. 'സര്‍ക്കാര്‍ ഞങ്ങളെ അവിടേക്ക് അയക്കുകയാണെങ്കില്‍, ഞങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും സംഘര്‍ഷം രൂക്ഷമായാല്‍ തിരികെ കൊണ്ടുവരുകയും വേണം,' വര്‍മ്മ പറഞ്ഞു.
2023 ഒക്ടോബറില്‍ ഫലസ്തീന്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തെത്തുടര്‍ന്ന്, രൂക്ഷമായ ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് വികസിക്കുന്നത്. ഈ സംഘര്‍ഷം ഗാസയിലും തെക്കന്‍ ഇസ്രായേലിലും വ്യാപകമായ നാശത്തിലേക്ക് നയിച്ചു. ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുകയും എണ്ണമറ്റ സാധാരണക്കാരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ഗാസയിലെ ഇസ്രായേലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ ഹമാസിനെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നു, എന്നാല്‍ യുദ്ധം ഗുരുതരമായ മാനുഷിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്, ഗാസയില്‍ ഭക്ഷണം, വെള്ളം, മെഡിക്കല്‍ സാധനങ്ങള്‍ എന്നിവയുടെ ക്ഷാമമുണ്ട്. വെടിനിര്‍ത്തലിന് അന്താരാഷ്ട്ര ആഹ്വാനങ്ങള്‍ ഉണ്ടായിരുന്നിട്ടും, ഇരുപക്ഷവും തയ്യാറായിട്ടില്ല.
ഇസ്രയേലിലെ തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള വ്യക്തികള്‍ മികച്ച വേതനത്തിന്റെയും ശോഭനമായ ഭാവിയുടെയും വാഗ്ദാനത്തില്‍ വിശ്വാസമര്‍പ്പിച്ച് ജോലിക്കായി ഇസ്രയിലേക്ക് പറക്കുകയാണ്. ഈ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം, സാമ്പത്തിക പ്രശ്‌നങ്ങള്‍ അവരെ വല്ലാതെ വലയ്ക്കുന്നു. അവര്‍ക്ക് മുന്നില്‍ ഇസ്രയേലല്ലാതെ മറ്റ് മാര്‍ഗമില്ല.
#Israel #India #migration #workers #conflict #unemployment #jobopportunities #MiddleEast #economiccrisis #UttarPradesh
ये लंबी कतार इजराइल जाने वालों की है। काम की तलाश और अच्छे पैसों की चाह में उत्तर प्रदेश, बिहार सहित कई राज्यों के ये मजदूर इजराइल जाना चाहते हैं। इनकी स्क्रीनिंग लखनऊ में चल रही है। यूपी सरकार 10 हजार मजदूरों को इजराइल भेजने जा रही है।
— Sachin Gupta (@SachinGuptaUP) January 24, 2024
Video : @Benarasiyaa pic.twitter.com/t9HeMnhipv