Oommen Chandy | ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍, പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടുകളുണ്ട്, തുടര്‍ ചികിത്സ തിങ്കളാഴ്ച തീരുമാനിക്കും
Feb 12, 2023, 21:01 IST
ബെംഗ്ലൂര്‍: (www.kvartha.com) വിദഗ്ധ ചികിത്സയ്ക്കായി ബെംഗ്ലൂറിലെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ എച് സി ജി കാന്‍സര്‍ സെന്ററിലെ ഡോ. യു എസ് വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് അറിയിച്ച ഡോക്ടര്‍മാര്‍ പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും അത് പരിഹരിക്കാനുള്ള ശ്രമം ആരംഭിക്കുമെന്നും അറിയിച്ചു.
തുടര്‍ചികിത്സ സംബന്ധിച്ച് തിങ്കളാഴ്ച ഡോക്ടര്‍മാരുടെ യോഗം ചേരുമെന്ന് ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ അറിയിച്ചു. ന്യൂമോണിയ മാറിയ ശേഷവും അദ്ദേഹത്തിന്റെ രോഗപ്രതിരോധശേഷി കുറഞ്ഞിട്ടില്ലെന്നും അത് ആശ്വാസകരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇനി തുടര്‍ ചികിത്സകള്‍ എങ്ങനെ വേണമെന്ന് ഡോക്ടര്‍മാര്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. ഇതേ കുറിച്ച് കൊച്ചിയിലെ ഒരു സംഘം ഡോക്ടര്‍മാരുമായി ചര്‍ച നടത്തുന്നുണ്ടെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് തിരുവന്തപുരത്ത് നിന്ന് കുടുംബത്തോടൊപ്പം ചാര്‍ടേഡ് വിമാനത്തില്‍ വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടി ബെംഗ്ലൂറില്‍ എത്തിയത്. ഭാര്യയും മൂന്നു മക്കളും അദ്ദേഹത്തിനൊപ്പം ഉണ്ട്. ന്യൂമോണിയ ഭേദമായതിന് ശേഷമാണ് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലെ മെഡികല്‍ സംഘവും സര്‍കാറിന്റെ മെഡികല്‍ ബോര്‍ഡും തുടര്‍ ചികിത്സയ്ക്കായുള്ള യാത്രയ്ക്ക് അനുമതി നല്‍കിയത്.
മൊബൈല്‍ ഐസിയു അടക്കമുള്ള സൗകര്യങ്ങളുമായി ആംബുലന്‍സ് ഒരുക്കിയെങ്കിലും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതനുസരിച്ച് കാറിലായിരുന്നു വിമാനത്താവളത്തിലേക്കുള്ള യാത്ര. ഇതിനിടെ, ചികിത്സയെ കുറിച്ചുണ്ടായ വിവാദങ്ങളെല്ലാം അനാവശ്യമാണെന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ ചിലവുകളെല്ലാം കോണ്‍ഗ്രസ് പാര്‍ടിയാണ് ഏറ്റെടുക്കുന്നത്.
Keywords: Doctors says Oommen Chandy's health condition is Stable, Bangalore, News, Oommen Chandy, Health, Health and Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.