Inequality | വിദ്യാഭ്യാസം, ആരോഗ്യം, ജോലി; ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും അസമത്വം ഏറെ; കണക്കുകളും പരിഹാരങ്ങളും
അർണവ് അനിത
(KVARTHA) ഭൂമിശാസ്ത്രപരമായി വ്യത്യസ്തമായ പ്രദേശങ്ങളിലും ആദിവാസി-ദളിത്-പിന്നാക്ക മേഖലകളിലും രാജ്യത്തുടനീളം അസമത്വം നിലനില്‍ക്കുന്നതായി അസമത്വ സൂചിക പഠനം (Inequality Index Study) വ്യക്തമാക്കുന്നു. ജനസംഖ്യയുടെ ഏകദേശം 70% ഗ്രാമപ്രദേശങ്ങളിലാണ് (Rural Area) താമസിക്കുന്നത്, അതില്‍ 68 ശതമാനവും കുടുംബങ്ങളിലാണ്. 29.2% നഗരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഇതില്‍ 32 ശതമാനം പേരും കുടുംബമായിട്ട് താമസിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ രണ്ട് മേഖലളിലും അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നത് കാണാം.
പരിതാപകരം ഗ്രാമങ്ങളിലെ അവസ്ഥ
ശുദ്ധമായ കുടിവെള്ളം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ജല്‍ ജീവന്‍ മിഷന്‍ (Jal Jeevan Mission) പോലുള്ള സര്‍ക്കാര്‍ സംരംഭങ്ങള്‍ ഉണ്ടായിരുന്നിട്ടും, ഗ്രാമങ്ങളിലെ 22.5% കുടുംബങ്ങള്‍ക്ക് മാത്രമേ വര്‍ഷം മുഴുവനും പൈപ്പ് വെള്ളം ലഭിക്കുന്നുള്ളൂ. അതേസമയം നഗര ജനസംഖ്യയുടെ (Urban population) 58.9% ആളുകള്‍ക്ക് ഈ സൗകര്യം ലഭിക്കുന്നു. ഗ്രാമീണ ജനത ഭൂഗര്‍ഭജലത്തെയും ശുദ്ധീകരിക്കാത്ത ഉപരിതല ജലത്തെയും ആശ്രയിക്കാന്‍ നിര്‍ബന്ധിതരാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
രണ്ട് മേഖലകളിലും ശുചീകരണം പുരോഗതി കൈവരിച്ചെങ്കിലും അസമത്വം നിലനില്‍ക്കുന്നെന്ന് പഠനം പറയുന്നു. 80% നഗര കുടുംബങ്ങള്‍ക്കും കക്കൂസുകളുണ്ട് (Toilets). ഗ്രാമപ്രദേശങ്ങളില്‍ ഇത് 68.8% ആണ്. പരിമിതമായ അടിസ്ഥാന സൗകര്യങ്ങള്‍, ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങള്‍, ദാരിദ്ര്യം തുടങ്ങിയവ ഗ്രാമീണ ജനതയ്ക്ക് കക്കൂസ് നിര്‍മിക്കുന്നതിന് തടസമാകുന്നു.
92 ശതമാനം നഗര കുടുംബങ്ങളും ശുചീകരണ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു, ഗ്രാമീണ കുടുംബങ്ങളില്‍ പകുതി (49.8%) മാത്രമേ ഈ സൗകര്യങ്ങളുള്ളൂ. രസകരമെന്നു പറയട്ടെ, മൊബൈല്‍ ഫോണ്‍ (Mobile Phone) ഉപയോഗം ഇരു പ്രദേശങ്ങളിലും ഏതാണ്ട് തുല്യമാണ് (93.3% ഗ്രാമീണരും 96.6% നഗരവാസികളും). എന്നിരുന്നാലും, ഇന്റര്‍നെറ്റ് (Internet) ലഭ്യത നോക്കുമ്പോള്‍ അന്തരം വ്യാപകമാണ്. നഗരപ്രദേശങ്ങളില്‍ 64.6% പേര്‍ക്കും ഗ്രാമങ്ങളില്‍ വെറും 41% പേര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യമുണ്ട്. പാചകവാതത്തിന്റെ (Coking Gas) കാര്യത്തിലും ഗ്രാമീണജനത ബുദ്ധിമുട്ട് അനുഭവിക്കുന്നു.
പിന്നാക്ക വിഭാഗങ്ങളോട് കടുത്ത വിവേചനം
ജാതി അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗ- പിന്നോക്ക (SC - ST- Backward) വിഭാഗങ്ങളില്‍ നിന്നുള്ള 50% കുടുംബങ്ങള്‍ക്ക് വര്‍ഷം മുഴുവനും പൈപ്പ് വെള്ളം ലഭിക്കുന്നു. പട്ടികവര്‍ഗ ജനസംഖ്യയുടെ 19.5% പേര്‍ക്ക് മാത്രമേ കുടിവെള്ളം ലഭിക്കുന്നുള്ളൂ. ഇത് അവരോടുളള കടുത്ത വിവേചനമായി ചൂണ്ടിക്കാണിക്കുന്നു. ശുചീകരണ സൗകര്യങ്ങളിലും അവര്‍ പുറത്താണ്.
മറ്റ് വിഭാഗങ്ങളിലെ 60-80% പേര്‍ക്ക് ഈ സൗകര്യങ്ങളുണ്ട്, എന്നാല്‍ പട്ടിക വര്‍ഗക്കാരില്‍ 66%ത്തിന് മാത്രമേ ഈ സൗകര്യങ്ങളുള്ളൂ. ഗ്രാമങ്ങളിലെ 50 ശതമാനം ജനങ്ങള്‍ സ്വന്തമായി വീട് നിര്‍മിക്കുകയോ, വാങ്ങുകയോ ചെയ്തു. ജാതിയും സാമ്പത്തികാവസ്ഥയും പരിശോധിച്ചാല്‍ ഇവരടെ അവസ്ഥ വളരെ മോശമാണ്. അതുകൊണ്ട് ജലം, ശുചിത്വം, പാര്‍പ്പിടം എന്നിവ എല്ലാവര്‍ക്കും ഉറപ്പാക്കണം.
ആരോഗ്യ രംഗത്തെ മാറ്റങ്ങൾ
ഗ്രാമീണ അമ്മമാരേക്കാള്‍ (75.4%) നഗരങ്ങളിലെ അമ്മമാര്‍ക്ക് (84.6%) പ്രസവാനന്തര പരിചരണം കൂടുതല്‍ ലഭിക്കുന്നുണ്ടെന്ന് ആരോഗ്യ പരിപാലന മേഖലയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ (Health insurance), കുട്ടിക്കാലത്തെ പ്രതിരോധ കുത്തിവയ്പ്പ് (Immunization) എന്നിവയുടെ കാര്യത്തില്‍ ഗ്രാമങ്ങള്‍ നഗരങ്ങളെ മറികടക്കുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് നിരക്ക് ഗ്രാമപ്രദേശങ്ങളില്‍ 42.4% ആണ്, നഗരപ്രദേശങ്ങളില്‍ 38.1% വും, കുട്ടിക്കാലത്തെ പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് ഗ്രാമങ്ങളില്‍ 57.0% ആണ്, നഗരപ്രദേശങ്ങളില്‍ 43.1%വും.
ഗര്‍ഭാവസ്ഥയില്‍ കുറഞ്ഞത് നാല് ഗര്‍ഭകാല പരിചരണങ്ങളില്‍ പങ്കെടുക്കുന്ന അമ്മമാരുടെ എണ്ണം ജാതീയ അടിസ്ഥാനത്തില്‍ എടുത്താല്‍ ഗണ്യമായ കുറവ് കാണാം. പട്ടികജാതി അമ്മമാര്‍ ഏറ്റവും കുറവ് (55.3 %). ആരോഗ്യ സംരക്ഷണ ധനസഹായം അടക്കമുള്ള പ്രശ്‌നങ്ങള്‍ ഇതിന് കാരണമാകുന്നു. പട്ടികവര്‍ഗ കുടുംബങ്ങളില്‍ 46.8% ത്തിനും 42.7% പട്ടികജാതി കുടുംബങ്ങള്‍ക്കും മാത്രമേ ആരോഗ്യ ഇന്‍ഷുറന്‍സോ ചികിത്സാ ചെലവുകള്‍ക്കുള്ള സാമ്പത്തിക സഹായമോ ലഭിക്കുന്നുള്ളൂ. പട്ടികവര്‍ഗക്കാരെയും മറ്റുള്ളവരെയും അപേക്ഷിച്ച് പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് പട്ടികജാതി, മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ കുറവാണ്.
സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളില്ല
സാമൂഹിക-സാമ്പത്തിക സുരക്ഷയുടെ കാര്യത്തില്‍ ഗ്രാമീണ മേഖലകളില്‍ ഉയര്‍ന്ന തൊഴിലാളി ജനസംഖയുണ്ട്. 59.4%. മിക്കവര്‍ക്കും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളില്ല .ഗ്രാമങ്ങളിലും നഗരങ്ങളിലും ജീവിക്കുന്ന 95 ശതമാനത്തിനും ബാങ്ക് അക്കൗണ്ടുകളുണ്ട് (Bank account). സര്‍ക്കാര്‍ സഹായ പദ്ധതികളുടെ പ്രയോജനം ഏറ്റവും കുറവ് ലഭിക്കുന്നവരാണിവര്‍. ഗ്രാമങ്ങളില്‍ വികലാംഗരായ 19.9% പേര്‍ക്കും നഗരങ്ങളില്‍ 22.4% ത്തിനും മാത്രമാണ് ഇത്തരം പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നത്.
ഇന്ത്യയിലെ വിവിധ സാമൂഹിക വിഭാഗങ്ങളിലുടനീളം തൊഴിലാളി ജനസംഖ്യാ അനുപാതം (WPR), തൊഴിലില്ലായ്മ നിരക്ക് (UR) എന്നിവയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ തൊഴിലവസരങ്ങളിലും തൊഴിലില്ലായ്മയിലും നിലവിലുള്ള അസമത്വം അടിവരയിടുന്നു. പട്ടികവര്‍ഗക്കാരില്‍ താരതമ്യേന ഉയര്‍ന്ന തൊഴിലാളി ജനസംഖ്യാ അനുപാതം (51%) കാണിക്കുന്നു, ഇത് തൊഴില്‍ ശക്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗണ്യമായ അനുപാതത്തെ സൂചിപ്പിക്കുന്നു, അതേസമയം 18% തൊഴിലില്ലായ്മ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളുടെ അന്തരം
ഗ്രാമീണ-നഗര പ്രദേശങ്ങളിലെ വിദ്യാഭ്യാസ മേഖലകളില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളുടെ അന്തരം വലുതാണ്. ഗ്രാമപ്രദേശങ്ങളില്‍, സര്‍ക്കാര്‍ സ്‌കൂളുകളുടെ ആധിപത്യം ശക്തമാണ്. പൊതുവിദ്യാലയങ്ങളില്‍ വിദ്യാഭ്യാസം സൗജന്യമായി നല്‍കുന്നത് വലിയ അനുഗ്രഹമാണ്. പ്രത്യേകിച്ചും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക്. നേരെമറിച്ച്, കൂടുതല്‍ സാമ്പത്തിക അവസരങ്ങളുള്ള നഗര പ്രദേശങ്ങളില്‍ സ്വകാര്യ സ്‌കൂളുകളുടെ എണ്ണം കൂടുതലാണ്. സ്‌കൂള്‍ പ്രവേശനം പരിശോധിച്ചാല്‍ പിന്നാക്ക വിഭാഗക്കാരാണ് മുന്നില്‍. എസ്സി, എസ്ടിവിഭാഗം പിന്നിലാണ്.
വേണം മാറ്റങ്ങൾ
2022 ജനുവരിയിലെ കണക്കനുസരിച്ച്, രാജ്യത്തെ മൊത്തം പോലീസ് ശക്തിയുടെ 15.99 % പട്ടികജാതിക്കാരാണ് (ജനസംഖ്യയില്‍ 16% വിഹിതം), എസ്ടി വിഭാഗം 11.77 %, ഒബിസി 30.79% ആണ്. ഗുജറാത്തും മണിപ്പൂരും ഓഫീസര്‍ തലത്തിലും സായുധസേന തലത്തിലും പട്ടികജാതിക്കാര്‍ തങ്ങളുടെ ക്വാട്ടകള്‍ പൂര്‍ത്തിയാക്കി. ബിഹാര്‍, തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും എസ്ടി വിഭാഗം തങ്ങളുടെ ക്വേട്ട പൂര്‍ത്തിയാക്കി.
ഒബിസി വിഭാഗങ്ങളുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ താരതമ്യേന മെച്ചമാണ്. കുറഞ്ഞത് ഒമ്പത് സംസ്ഥാനങ്ങളെങ്കിലും (കര്‍ണാടക, ഛത്തീസ്ഗഢ്, തെലങ്കാന, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഒഡീഷ, ജാര്‍ഖണ്ഡ്, തമിഴ്‌നാട്, കേരളം) അവരുടെ ക്വാട്ടകള്‍ നിലനിര്‍ത്തുന്നു. ഈ കണ്ടെത്തലുകള്‍ സര്‍ക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു.
ഈ ഭിന്നതകള്‍ പരിഹരിക്കുന്നതിന് പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കണം. സാമൂഹിക സുരക്ഷാ പദ്ധതികള്‍ ശക്തിപ്പെടുത്തണം. വിദ്യാഭ്യാസത്തില്‍ നിക്ഷേപം നടത്തണം എങ്കിലേ ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യ അവസരങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ.
കടപ്പാട്: ദ ക്വിന്റ്