Student Protests | വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം; ഡെല്‍ഹി യൂനിവേഴ്‌സിറ്റിയിലെ യോഗദിന പരിപാടിയില്‍ പങ്കെടുക്കാതെ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മടങ്ങി
പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് നേരത്തെ വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കിയിരുന്നു.
വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രതിപക്ഷത്തോട് മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍ മുന്നോട്ട്.
ന്യൂഡെല്‍ഹി: (KVARTHA) കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഡെല്‍ഹി സര്‍വകലാശാലയില്‍ വെള്ളിയാഴ്ച (21.06.2024) നടത്താനിരുന്ന യോഗാദിനാചരണം വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കി. വിദ്യാഭ്യാസമന്ത്രി എത്തിയതോടെ, നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്), യുജിസി-നെറ്റ് എന്നിവയുമായി ബന്ധപ്പെട്ട അഴിമതികള്‍ ചൂണ്ടിക്കാട്ടി പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാതെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി മടങ്ങി.
നീറ്റ്, യുജിസി-നെറ്റ് പരീക്ഷാപേപറുകള്‍ ചോര്‍ന്നതില്‍ വിദ്യാര്‍ഥികള്‍ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) പരീക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ സ്ഥാപനപരമായ പരാജയമാണെന്ന് അവര്‍ ആരോപിച്ചു.
നേരത്തെ നീറ്റ്, നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കിയിരുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ അര്‍ഹമായി വിജയിച്ചിരിക്കെ അവരുടെ ഭാവി അപകടത്തിലാക്കി നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രതികരണം. എന്‍ടിഎയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിലയിരുത്താന്‍ സമിതി രൂപവത്കരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളെ ബാധിക്കുന്നതിനാല്‍ വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രതിപക്ഷത്തോട് മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എന്‍ടിഎ പ്രവര്‍ത്തനത്തിന്റെ പരിഷ്‌കാരങ്ങള്‍ക്കായി ശിപാര്‍ശ ചെയ്യാനും പുനഃപരിശോധിക്കാനുമുള്ള ഉന്നതതല സമിതിയെ ഉടന്‍ രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതേസമയം, വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍ മുന്നോട്ട് പോവുകയാണ്.