Engineering Marvel | എൻജിനീയറിംഗ് വിസ്മയം: അൻജി പാലത്തിലൂടെ ട്രെയിൻ പരീക്ഷണ ഓട്ടം വിജയകരം; കശ്മീരിലേക്കും റെയിൽ ഗതാഗതം വരുന്നു
● ജനുവരിയോടെ കശ്മീരിലേക്കുള്ള റെയിൽ ഗതാഗതം ആരംഭിക്കാനുള്ള സുപ്രധാന മുന്നേറ്റമാണിത്.
● കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സ് സമൂഹ മാധ്യമത്തിൽ പരീക്ഷണ ഓട്ടത്തിന്റെ വീഡിയോ പങ്കുവെച്ചു.
● 'എൻജിനിയറിംഗ് വിസ്മയം' എന്ന് വിശേഷിപ്പിക്കാവുന്ന ഈ പാലത്തിന് അതിന്റെ ലാറ്ററൽ, സെൻട്രൽ സ്പാനുകളിൽ 48 കേബിളുകൾ ഉണ്ട്.
ശ്രീനഗർ: (KVARTHA) ജമ്മു കശ്മീരിന്റെ ഗതാഗത ചരിത്രത്തിൽ ഒരു സുവർണ അധ്യായം എഴുതിച്ചേർത്ത്, റിയാസി ജില്ലയിൽ സ്ഥാപിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയിൽ പാലമായ അൻജി ഖാഡിൽ വിജയകരമായ വൈദ്യുതി എൻജിൻ പരീക്ഷണ ഓട്ടം നടത്തി റെയിൽവേ. ജനുവരിയോടെ കശ്മീരിലേക്കുള്ള റെയിൽ ഗതാഗതം ആരംഭിക്കാനുള്ള സുപ്രധാന മുന്നേറ്റമാണിത്.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സ് സമൂഹ മാധ്യമത്തിൽ പരീക്ഷണ ഓട്ടത്തിന്റെ വീഡിയോ പങ്കുവെച്ചു. ടണൽ നമ്പർ 1 ലൂടെയും അഞ്ജി ഖാഡ് കേബിൾ പാലത്തിലൂടെയുമുള്ള ആദ്യത്തെ വൈദ്യുതി എൻജിൻ യാത്ര എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്.
ഈ മുന്നേറ്റത്തിന് മുന്നോടിയായി, അൻജി പാലത്തിൽ പൂർണമായി ലോഡ് ചെയ്ത ടവർ വാഗൺ വിജയകരമായി പരീക്ഷിച്ചിരുന്നു. കഴിഞ്ഞ മാസമാണ് അൻജി പാലത്തിന്റെ നിർമ്മാണം പൂർത്തിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നേട്ടത്തെ പ്രശംസിച്ചിരുന്നു.
1st electric engine rolling through Tunnel No. 1 and the Anji Khad Cable Bridge.
— Ashwini Vaishnaw (@AshwiniVaishnaw) December 25, 2024
📍J&K pic.twitter.com/YOjkeJmDva
കശ്മീർ താഴ്‌വരയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (യുഎസ്ബിആർഎൽ) പദ്ധതിയുടെ ഭാഗമാണ് ഈ പാലം. നദിയിൽ നിന്ന് 331 മീറ്റർ ഉയരത്തിൽ ഒരൊറ്റ തൂൺ ഉള്ള അൻജി ഖാഡ് പാലം യുഎസ്ബിആർഎൽ പദ്ധതിയിൽ ഇന്ത്യൻ റെയിൽവേയുടെ എൻജിനിയറിംഗ് വൈദഗ്ദ്യത്തിന്റെ ഉത്തമോദാഹരണമാണ്.
'എൻജിനിയറിംഗ് വിസ്മയം' എന്ന് വിശേഷിപ്പിക്കാവുന്ന ഈ പാലത്തിന് അതിന്റെ ലാറ്ററൽ, സെൻട്രൽ സ്പാനുകളിൽ 48 കേബിളുകൾ ഉണ്ട്. പാലത്തിന്റെ തൂണിന്റെ നിർമ്മാണം 2017 ൽ ആരംഭിച്ചു. ഈ ഘടന അതിന്റെ അടിത്തറയിൽ നിന്ന് 191 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
Giving wings to connectivity in Jammu and Kashmir, trial run of a tower wagon on India's first cable-stayed Rail bridge, the Anji Khad Bridge was successfully completed for the USBRL project. pic.twitter.com/WSSeUjjBz8
— Ministry of Railways (@RailMinIndia) December 24, 2024
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചിനാബ് നദിക്ക് കുറുകെയുള്ള ഐക്കണിക് ആർച്ച് പാലത്തിന് ശേഷം രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണിത്. പാരീസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരത്തിൽ, നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് ചിനാബ് പാലം സ്ഥിതി ചെയ്യുന്നത്. അഞ്ജി ഖാഡ് പാലത്തിന് മൊത്തം 473.25 മീറ്റർ നീളമുണ്ട്. അതിൽ വയഡക്ട് 120 മീറ്ററും സെൻട്രൽ എംബാങ്ക്മെന്റ് 94.25 മീറ്ററുമാണ്.
റെയിൽവേ സഹമന്ത്രി രവ്‌നീത് സിംഗ് അറിയിച്ചത് പ്രകാരം, ജനുവരിയിൽ കശ്മീരിനെ ന്യൂഡൽഹിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ്ബിആർഎൽ വഴി ഉദ്ഘാടനം ചെയ്യും. ട്രെയിൻ സർവീസുകൾ ഘട്ടം ഘട്ടമായി ആരംഭിക്കുന്നതോടെ 272 കിലോമീറ്റർ യുഎസ്ബിആർഎൽ പദ്ധതിയിൽ 255 കിലോമീറ്റർ റെയിൽവേ പൂർത്തിയാകും. കാത്രയ്ക്കും റിയാസിക്കും ഇടയിലുള്ള ചെറിയൊരു ഭാഗം ഡിസംബറോടെ പൂർത്തിയാക്കാനുണ്ട്.
കഠിനമായ ശൈത്യത്തെയും പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് കൊണ്ടാണ് ഈ പദ്ധതി യാഥാർഥ്യത്തിലേക്ക് എത്തുന്നത്. കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ് ഈ ചരിത്രപരമായ നിർമ്മാണം പൂർത്തിയാകുന്നത്. 435 കോടിയാണ് നിർമ്മാണ ചെലവ്. പുതിയ റെയിൽവേ ലൈൻ നോർതേൺ റെയിൽവേയുടെ കീഴിലാണ്. കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് നിർമ്മാണ ഏജൻസിയും രൂപകല്പന കൺസൽട്ടൻസിയും.
#AnjiKhadBridge, #KashmirRail, #ElectricEngine, #EngineeringMarvel, #JammuKashmir, #RailwayConnectivity